
തൃശൂര്‍ : ചെന്ത്രാപ്പിന്നി ചാമക്കാലയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മോസ്ക്കോ പാലത്തിന് സമീപം കോഴിശേരി വീട്ടിൽ സജീവൻ (52), ഭാര്യ ദിവ്യ (42) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. പണമിടപാട് സ്ഥാപനത്തിൽ നിന്ന് ലോൺ ഗഡു പിരിക്കാനെത്തിയ യുവാവാണ് മൃതദേഹം കണ്ടത്. വീടിന്റെ ഹാളിനകത്ത് സജീവനും, കിടപ്പുമുറിയിൽ ദിവ്യയും മരിച്ചു കിടക്കുന്നതായാണ് കണ്ടത്. സമീപത്ത് നിന്ന് കയറും കണ്ടെത്തിയിട്ടുണ്ട്. സജീവൻ മത്സ്യതൊഴിലാളിയാണ്. ഇവർക്ക് സാമ്പത്തിക ബാധ്യതയുള്ളതായി പറയുന്നു. കയ്പമംഗലം പൊലീസും, സയൻ്റിഫിക്ക്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.
അതിനിടെ തൃശൂരിൽ തന്നെ ഇന്ന് മറ്റൊരു കുടുംബവും ജീവനൊടുക്കിയ വിവരം രാവിലെ പുറത്ത് വന്നു.തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമുള്ള മലബാർ ടവർ ലോഡ്ജിലാണ് മൂന്നംഗ കുടുംബത്തെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. പുതുപ്പള്ളി സ്വദേശികളായ സന്തോഷ് പീറ്റർ, ഭാര്യ സുനി പീറ്റർ, മകൾ ഐറിൻ എന്നിവരാണ് മരിച്ചത്. ദീർഘനാളായ ചെന്നൈയിലായിരുന്ന സന്തോഷ് പീറ്റരും കുടുംബവും ഇപ്പോൾ എറണാകുളത്താണ് താമസിക്കുന്നത്. മുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. കുടുംബം സാമ്പത്തികമായി കബളിപ്പിക്കപ്പെട്ടെന്നും ഒടുവിൽ ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്.
ഈ മാസം നാലിന് രാത്രി 12 മണിയോടെയാണ് കുടുംബം ലോഡ്ജില്‍ മുറിയെടുത്തത്. ഇന്നലെ മടങ്ങുമെന്നാണ് അറിയിച്ചത്. രാത്രി ഏറെ വൈകിയിട്ടും മുറി ഒഴിയാത്തതിനെത്തുടര്‍ന്ന് ലോഡ്ജ് ജീവനക്കാരെത്തി വാതിലില്‍മുട്ടി വിളിച്ചു. പ്രതികരണമൊന്നുമില്ലാതായതോടെ സംശയം തോന്നിയ ജീവനക്കാര്‍ പോലീസില്‍ വിവരമറിയിച്ചു. പിന്നാലെ കതക് കുത്തിപ്പൊളിച്ച് തുറന്നതോടെയാണ് മൂന്നുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിദ്യയ്ക്ക് വേണ്ടി പിഎച്ച്ഡി പ്രവേശനത്തിനായി വഴിവിട്ട നീക്കങ്ങൾ, തെളിവ് പുറത്ത്
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam