
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. അന്നമ്മ തോമസിനെ കൊല്ലാൻ മുൻപും ശ്രമം നടന്നു. ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയെങ്കിലും വിഷാംശം കുറവായതിനാൽ രക്ഷപ്പെടുകയായിരുന്നു. പിന്നീട് ജോളി വിഷത്തിന്റെ അളവ് കൂട്ടി ഭക്ഷണത്തിൽ കലർത്തി നൽകിയപ്പോൾ മരണം സംഭവിക്കുകയായിരുന്നു എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. നേരത്തെ റോയിയുടെ സഹോദരി റെഞ്ചിക്കും സമാന അനുഭവമുണ്ടായതായി കണ്ടെത്തിയിരുന്നു.
അതേസമയം ജോളിയെ പൂര്‍ണമായും തള്ളിപ്പറിഞ്ഞ് ഭര്‍ത്താവ് ഷാജുവും രംഗത്തെത്തി. തന്‍റെ ഭാര്യ സിലിയും മകളും ആല്‍ഫിനും മരണപ്പെട്ട ശേഷം ജോളിയാണ് വിവാഹക്കാര്യത്തില്‍ മുന്‍കൈ എടുത്തതെന്ന് ഷാജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സിലിയുടെ മരണം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് ജോളി തന്നെ വിളിച്ചു വരുത്തി വിവാഹം കഴിക്കുന്നതിനെപ്പറ്റി പറഞ്ഞത്.
സിലിയുടെ സഹോദരനും മറ്റു ചില ബന്ധുക്കളും ഇങ്ങനെയൊരു വിവാഹം നടന്നുകാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും വിവാഹം കഴിച്ചാല്‍ ഷാജുവിന്‍റെ മകനും തന്‍റെ മകന്‍ റോമോയ്ക്കും രക്ഷിതാക്കളുടെ കരുതല്‍ കിട്ടുമെന്നും ജോളി പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഒരു കല്ല്യാണത്തെക്കുറിച്ച് ചിന്തിക്കാന്‍ പറ്റിയ അവസ്ഥയില്‍ അല്ല എന്ന് ജോളിയോട് അപ്പോള്‍ തന്നെ പറഞ്ഞു. ആറ് മാസം കഴിഞ്ഞ് ഇതേക്കുറിച്ച് ആലോചിക്കാം എന്നായിരുന്നു അപ്പോള്‍ ജോളി പറഞ്ഞത് എന്നാല്‍ ഒരു വര്‍ഷമെങ്കിലും കഴിയാതെ ഇതൊന്നും പറ്റില്ലെന്ന് താന്‍ തീര്‍ത്തു പറഞ്ഞതായും ഷാജു പറയുന്നു.
കല്ല്യാണത്തിന് മുന്‍പേ തന്നെ ജോളി തന്നോട് അടുത്ത് ഇടപെടാന്‍ ശ്രമിച്ചിരുന്നു എന്ന് പറഞ്ഞ ഷാജു. പ്രതിസന്ധി ഘട്ടത്തില്‍ തന്നേയും മകനേയും തകര്‍ക്കുന്ന നിലപാടാണ് ജോളിയുടെ മകന്‍ റോമോ സ്വീകരിക്കുന്നതെന്നും ആരോപിച്ചു. തന്‍റെ സഹോദരന്‍റെ മരണത്തില്‍ ഇത്ര വര്‍ഷം കഴിഞ്ഞു കേസ് കൊടുത്ത റോജോ അത് നേരത്തെ ചെയ്തിരുന്നുവെങ്കില്‍ തന്‍റെ ഭാര്യയും മകളും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും ഷാജു പറഞ്ഞു.
അതിനിടെ കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ക്ക് പൊലീസ് ഒരുങ്ങുന്നതായാണ് സൂചന. നിലവില്‍ കൊലപാതക പരമ്പരയില്‍ മൂന്നാമതായി കൊലപ്പെട്ട റോയിയെ വിഷം കൊടുത്തു കൊന്ന കേസിലാണ് ജോളി, സുഹൃത്ത് മാത്യു, സ്വര്‍ണപണിക്കാരന്‍ പ്രജുല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
എന്നാല്‍ വ്യാജവില്‍പത്രം തയ്യാറാക്കിയതുമായി ബന്ധപ്പെട്ടും കൂടാതെ സിലിയുടേയും മകള്‍ ആല്‍ഫിനേയും കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടും പൊലീസ് സജീവമായി അന്വേഷണം നടത്തുകയാണ്. ഈ കേസുകളില്‍ പല തെളിവുകളും ഇതിനോടകം പൊലീസിന് ലഭിച്ചതായാണ് സൂചന. സിലിയുടേയും മകളുടേയും കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായകമായ ചില അറസ്റ്റുകള്‍ ഇന്നോ നാളെയോ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നുമാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam