
കൊല്ലം: കൊല്ലം കടയ്ക്കല്ലില്‍ ഹെല്‍മറ്റ് വേട്ടയ്ക്കിടെ ബൈക്ക് യാത്രക്കാരനെ ലാത്തി കൊണ്ട് എറിഞ്ഞു വീഴ്ത്തിയ സംഭവത്തില്‍ പൊലീസുകാരനെതിരെ ക്രിമിനൽ കേസെടുത്തു. സിവിൽ പൊലീസ് ഓഫീസർ ചന്ദ്രമോഹനെ പ്രതിയാക്കിയാണ് കേസ്. കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കേസ് അന്വേഷിക്കും. പൊലീസുകാരൻ ലാത്തിയെറിഞ്ഞെന്ന ബൈക്ക് യാത്രികന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഇന്നലെ ഉച്ചയോടെയാണ് കടയ്ക്കല്ലില്‍ ഹെൽമറ്റ് പരിശോധനക്കിടെ ബൈക്ക് യാത്രക്കാരനെ പൊലീസ് ലാത്തി കൊണ്ട് എറിഞ്ഞു വീഴ്ത്തിയത്. ലാത്തിയേറില്‍ ബൈക്കിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വന്ന കാറിലിടിച്ച യുവാവിന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ സിദ്ധിഖിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലാത്തിയെറിഞ്ഞ പൊലീസുകാരന്‍ ചന്ദ്രമോഹനെ ഇന്നലെ തന്നെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.
സിദ്ധിഖ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. റോഡിൽ ഒളിഞ്ഞിരുന്ന് പരിശോധന നടത്തരുതെന്ന് കാട്ടി പൊലീസ് മേധാവി നിരവധി സർക്കുലറുകൾ നേരത്തെ ഇറക്കിയിട്ടുണ്ട്. ഹെൽമെറ്റ് വേട്ട പാടില്ലെന്നും ആധുനിക സങ്കേതികവിദ്യകള്‍ ഉപയോഗിച്ച് വേണം വാഹനപരിശോധന നടത്താനെന്നും കേരള ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു.
സംഭവത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്നലെ നിര്‍ദേശം നൽകിയിരുന്നു. പൊലീസിന്‍റേയോ സര്‍ക്കാരിന്‍റേയോ നയമല്ല ഈ രീതിയിലുള്ള പരിശോധനയെന്ന് വ്യക്തമാക്കിയ ബെഹ്റ ഏറെ ദുഖിപ്പിച്ച സംഭവമാണിതെന്നും ഇനി തൊട്ട് ഇത്തരം പരിശോധനകള്‍ ആവര്‍ത്തിച്ചാല്‍ അതിന്‍റെ ഉത്തരവാദിത്തം ജില്ലാ പൊലീസ് മേധാവിക്ക് മാത്രമായിരിക്കുമെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam