ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തില്‍ കയറിയതിന് ദലിത് ബാലനെ മേല്‍ജാതിക്കാര്‍ വെടിവെച്ച് കൊന്നെന്ന് പരാതി

By Web TeamFirst Published Jun 8, 2020, 9:32 PM IST
Highlights

ക്ഷേത്രത്തില്‍ കയറി പ്രാര്‍ത്ഥിച്ചതുമായി ബന്ധപ്പെട്ട് പ്രദേശത്തെ മേല്‍ജാതിക്കാരുമായി പ്രശ്‌നമുണ്ടായിരുന്നതാണ് കൊലപാതകത്തിന് കാരണമെന്ന് വികാസ് ജാദവിന്റെ പിതാവ് ഓംപ്രകാശ് ജാദവ് പറഞ്ഞു.
 

ലഖ്‌നൗ: ക്ഷേത്രത്തില്‍ കയറി പ്രാര്‍ത്ഥിച്ച 17കാരനായ ദലിത് ബാലനെ മേല്‍ജാതിക്കാര്‍ വെടിവെച്ച് കൊലപ്പെടുത്തിയെന്ന് പരാതി. ഉത്തര്‍പ്രദേശിലെ അംറോഹയില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. വികാസ് ജാദവ് എന്ന ബാലനാണ് കൊല്ലപ്പെട്ടത്. നാലുപേര്‍ രാത്രിയില്‍ വീട്ടിലെത്തി ബാലന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ വെടിവെക്കുകയായിരുന്നുവെന്ന് കൊല്ലപ്പെട്ട 17കാരന്റെ പിതാവ് ആരോപിച്ചു. ക്ഷേത്രത്തില്‍ കയറി പ്രാര്‍ത്ഥിച്ചതുമായി ബന്ധപ്പെട്ട് പ്രദേശത്തെ മേല്‍ജാതിക്കാരുമായി പ്രശ്‌നമുണ്ടായിരുന്നതാണ് കൊലപാതകത്തിന് കാരണമെന്ന് വികാസ് ജാദവിന്റെ പിതാവ് ഓംപ്രകാശ് ജാദവ് ഇന്ത്യാ ടുഡേയോട് പറഞ്ഞു.

മാര്‍ച്ച് 31നാണ് സംഭവം. ക്ഷേത്രത്തില്‍ മകന്‍ പ്രാര്‍ത്ഥിക്കാന്‍ കയറുന്നത് ചൗഹാന്‍ വിഭാഗക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് പ്രശ്‌നമുണ്ടായി. അന്നും അവര്‍ മകനെ മര്‍ദ്ദിച്ചു. മുമ്പ് ഇത്തരത്തില്‍ ഒരനുഭവമുണ്ടായിട്ടില്ല. ഗ്രാമത്തിലെ കുറച്ച് പേരാണ് അന്ന് മകനെ രക്ഷിച്ചത്-പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്‌നം പൊലീസിനെ അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്ന് കുടുംബം ആരോപിച്ചു. ഹോറം ചൗഹാന്‍, ലാലാ ചൗഹാന്‍ തുടങ്ങിയവര്‍ രാത്രിയില്‍ വീട്ടില്‍ കയറിവന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന മകനെ വെടിവെച്ച് കൊലപ്പെടുത്തി തങ്ങളെ ഭീഷണിപ്പെടുത്തിയാണ് സ്ഥലം വിട്ടതെന്നും കുടുംബം ആരോപിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
 

click me!