
ദില്ലി: മുപ്പതോളം കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനരയാക്കിയെന്ന കേസിൽ യുവാവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. രവീന്ദർ കുമാർ എന്ന യുവാവിനെയാണ് ദില്ലി രോഹിണി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2008 നും 2015 നും ഇടയിൽ ഏഴ് വർഷത്തിനുള്ളിലാണ് പ്രതി 30 കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതെന്ന് പൊലീസ് കോടതിയിൽ വ്യക്തമാക്കി. ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് രവീന്ദർ കുമാർ പൊലീസിന്‍റെ പിടിയിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂര കൊലപാതകങ്ങളുടെ വിവരങ്ങള്‍ പുറത്ത് വന്നത്.
ഉത്തർപ്രദേശിലെ കാസ്ഗഞ്ച് സ്വദേശിയായ കുമാർ 2008-ൽ തന്‍റെ 18-ാം വയസ്സിൽ ആണ് ദില്ലിയിലെത്തുന്നത്. ഇയാള്‍ മയക്കുമരുന്നിന് അടിമയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. മയക്കുമരുന്നിന് പുറമേ ലൈംഗികതയും ഇയാള്‍ക്ക് ലഹരിപോലെ ആയിരുന്നുവെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ദില്ലിയിലെ ഒരു ചേരിയിലായിരുന്നു രവീന്ദർ താമസിച്ചിരുന്നത്. പകല്‍ വിവധ ജോലികള്‍ ചെയ്തിരുന്ന ഇയാള്‍ രാത്രി ലഹരി ഉപയോഗിച്ച് ബോധമില്ലാത്ത അവസ്ഥയിലാകും. തുടർന്നാണ് പ്രതി കുട്ടികളെ തേടിയിറങ്ങുന്നത്.
മയക്ക് മരുന്ന് കഴിച്ചതിന് പിന്നാലെ കുട്ടികളെ തേടി ഇയാള്‍ പുറത്തിറങ്ങും. 40 കിലോമീറ്റർ വരെ ഇയാള്‍ ഇരകളെ തേടി അലഞ്ഞിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പത്ത് രൂപ നോട്ടുകളും ചോക്ലേറ്റും കാണിച്ചാണ് പ്രതി കുട്ടികളെ ആകർഷിക്കുന്നത്. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
മുപ്പതോളം കുട്ടികളെ രവീന്ദർ ഇത്തരത്തിൽ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായാണ് പൊലീസ് റിപ്പോർട്ട്. പൊലീസ് റിപ്പോർട്ട് അനുസരിച്ച് ഒരു കുട്ടിയെ സെപ്റ്റിക് ടാങ്കിലേക്ക് എറിഞ്ഞാണ് പ്രതി കൊലപ്പെടുത്തിയത്. കുട്ടികളെ കാണാനില്ലെന്നു ആരോപിച്ച് നിരവധി പരാതികളെത്തിയതോടെയാണ് ബെഗംപൂർ പൊലീസ് കേസെടുത്ത് അന്വേഷണം ശക്തമാക്കുന്നത്. ദിവസങ്ങളോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം 2015ൽ രോഹിണിയിലെ ബസ് സ്റ്റാൻഡിൽ നിന്നും പൊലീസ് രവീന്ദർ കുമാറിനെ അറസ്റ്റ് ചെയ്തത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യിലിലും അന്വേഷണത്തിലുമാണ് ഇയാള്‍ ഒരു സീരിയൽ കില്ലറാണെന്ന് പൊലീസിന് വ്യക്തമായത്. ഇയാളെ പിടികൂടി. വാദത്തിനിടെ, പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ദില്ലി പൊലീസ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. വിചാരണ പൂർത്തിയായി കഴിഞ്ഞ ആഴ്ച വിധി നടപ്പിലാക്കേണ്ടിയിരുന്നെങ്കിലും കുമാറിന്‍റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച റിപ്പോർട്ട് ലഭിക്കാതിരുന്നതിനാൽ മാറ്റി വെച്ചു. തുടർന്ന് റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ കഴിഞ്ർ ദിവസം കോടതി കേസിൽ ശിക്ഷ വിധിക്കുകയായിരുന്നു.