കേരള പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ രക്ഷപ്പെട്ട പ്രതി ദില്ലിയിൽ പിടിയിൽ, തോക്കും പിടിച്ചെടുത്തു

By Web TeamFirst Published Nov 11, 2020, 8:21 PM IST
Highlights

കേരളത്തിൽ കൊച്ചിയിലും തൃശൂരിലുമായി ആറ് മാലമോഷണക്കേസുകളിൽ പ്രതിയാണ് പിടിയിലായ മുഹമ്മദ്. ദില്ലിയിൽ കൊലപാതകം അടക്കം 29 കേസുകൾ ഇയാൾക്കെതിരെയുണ്ട്.

ദില്ലി: കേരള പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ രക്ഷപ്പെട്ട കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. യുപി സ്വദേശിയായ മുഹമ്മദ് മെഹഫൂസിനെയാണ് പിടികൂടിയത്. കേരളത്തിലും ദില്ലിയിലും അടക്കം കൊലക്കേസിലും നാൽപതിലധികം മോഷണക്കേസുകളിലും പ്രതിയാണ് ഇയാൾ. 

കേരളത്തിൽ കൊച്ചിയിലും തൃശൂരിലുമായി ആറ് മാലമോഷണക്കേസുകളിൽ പ്രതിയാണ് പിടിയിലായ മുഹമ്മദ്. ദില്ലിയിൽ കൊലപാതകം അടക്കം 29 കേസുകൾ ഇയാൾക്കെതിരെയുണ്ട്. ഉത്തർപ്രദേശ് പൊലീസും പിടികിട്ടാപ്പുള്ളിയായി ഇയാളെ പ്രഖ്യാപിച്ചിരുന്നു. ദില്ലിയിൽ നിരവധി മോഷണങ്ങൾ നടത്തിയ വന്ന മുഹമ്മദ് ഈ വർഷം ആദ്യം കേരളത്തിലേക്ക് തന്റെ പ്രവർത്തനം മാറ്റുകയായിരുന്നു. 

ദില്ലിയിൽ നിന്ന് ബൈക്ക് കേരളത്തിൽ എത്തിച്ച ഇയാൾ പിന്നീട് തൃശൂരിലും എറണാകുളത്തും നിരവധി മാലമോഷണങ്ങൾ നടത്തി. ഇത്  ദില്ലിയിലെത്തിച്ച് വിൽക്കുകയായിരുന്ന പതിവ്. ഇതിനിടെ മുളന്തുരുത്തി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഈ മാസം രണ്ടിന് തൊണ്ടിമുതൽ വീണ്ടെടുക്കാൻ ദില്ലിയിലേക്ക് ട്രെയിനിൽ കൊണ്ടുവരും വഴി ഭോപ്പാൽ വെച്ച് ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ദില്ലിയിലേക്ക് കടന്നു. തുടർന്ന് പ്രതിയെ പിടികൂടാൻ കേരള പൊലീസ് ദില്ലി പൊലീസിനെ സമീപിച്ചു.  ഇതോടെ ദില്ലി പൊലീസ് ക്രൈം ബ്രാഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ചു.

പിടിയിലായ മുഹമ്മദിൽ നിന്ന് തോക്കും കണ്ടെത്തി. യുപി പൊലീസ് ഇയാളെ കണ്ടെത്തുന്നവർക്ക് ഒരു ലക്ഷം രൂപ പരിതോഷികം പ്രഖ്യാപിച്ചിരുന്നു. പ്രതിയെ കേരളത്തിലേക്ക് കൊണ്ടു വരാൻ മുളന്തുരുത്തി എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം ദില്ലിയിൽ എത്തിയിട്ടുണ്ട്. 
 

click me!