
ദിണ്ടിഗൽ: ദീപാവലി ആഘോഷങ്ങള്‍ക്ക് മദ്യപിക്കാനായി പണം നല്‍കാതിരുന്ന ഭാര്യയോടുള്ള ദേഷ്യത്തിന് ഭർത്താവിന്റെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത് രണ്ട് പേർക്ക്. തമിഴ്നാട്ടിലെ ദിണ്ടിഗലിലെ നാഥമിലെ കൊസുക്കുറിച്ചി എന്ന സ്ഥലത്ത് ബുധനാഴ്ചയാണ് അക്രമം നടത്തത്. 75കാരിയായ അമ്മയ്ക്കും 80 കാരനായ അയൽവാസിക്കുമാണ് 44കാരനായ തൊഴിൽ രഹിതന്റെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. ഇയാളുടെ പ്രായപൂർത്തിയാകാത്ത മകള്‍ക്കും രണ്ട് പശുക്കള്‍ക്കും കത്തി കൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. വി ഈശ്വരന്‍ എന്നയാളാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് വിശദമാക്കുന്നത്.
38കാരിയായ ഭാര്യ മുത്തുലക്ഷ്മിയോട് ദീപാവലിക്ക് മദ്യപിക്കാന്‍ ഈശ്വരന്‍ പണം ആവശ്യപ്പെട്ടിരുന്നു. 13കാരിയായ മകള്‍ നാദിയയ്ക്കൊപ്പം കുടുംബ വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഞായറാഴ്ച പണം ചോദിച്ചിട്ട് നൽകാത്തതാണ് പ്രകോപനത്തിന് പിന്നിലെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇതിന്റെ പേരിൽ ദീപാവലി ദിവസം മുതല്‍ ഇയാള്‍ ഭാര്യയുമായി തർക്കിക്കുകയായിരുന്നു. എന്നാല്‍ ബുധനാഴ്ച വൈകുന്നേരം 3.30ഓടെ ഈശ്വരന്‍ മകളുടെ കൈയ്ക്ക് വെട്ടിപരിക്കേൽപ്പിച്ചു. ഭാര്യ വീടിന് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു ഇത്. കൈകളില്‍ പരിക്കേറ്റെങ്കിലും അച്ഛന് മുന്നിൽ നിന്ന് നാദിയ ഓടി രക്ഷപ്പെടുകയായിരുന്നു.
മകളുടെ പിന്നാലെ പുറത്തേക്ക് ഇറങ്ങിയ ഈശ്വന്‍ 75കാരിയായ അമ്മ ചെല്ലയയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഇതിന് പിന്നാലെ റോഡിലൂടെ കത്തിയുമായി നടക്കുന്നതിനിടെയാണ് അയൽവാസിയായ 80കാരന്‍ പെരിയാണ്ടിയെ ഈശ്വരന്‍ ആക്രമിച്ചത്. പിടിച്ച് മാറ്റാന്‍ ശ്രമിച്ചവർക്ക് ഈശ്വരന്റെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. പിന്നാലെ പൊലീസ് എത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചെല്ലയുടേയും പെരിയാണ്ടിയുടേയും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും. പരിക്കേറ്റ നാദിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കോയമ്പത്തൂരിൽ ഒരു ഫാക്ടറിയിലെ തൊഴിലാളിയായിരുന്ന ഈശ്വരന്‍ മദ്യത്തിന് അടിമയായതിന് പിന്നാലെയാണ് ജോലി നഷ്ടമായത്. കഴിഞ്ഞ ഒരു വർഷത്തിലധികമായി ജോലിയില്ലാതെ കുടുംബത്തിനൊപ്പം താമസിച്ചിരുന്ന ഈശ്വരന്‍ മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam