അവിഹിത ബന്ധം ചോദ്യം ചെയ്ത ഭാര്യക്ക് ക്രൂര മര്‍ദ്ദനം; ഡിജിപി റാങ്കിലുളള ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

By Web TeamFirst Published Sep 29, 2020, 7:22 AM IST
Highlights

ഭാര്യയെ വീട്ടിനുളളില്‍ വച്ച് പുരുഷോത്തം ശര്‍മ്മ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് നടപടി. 2008 മുതല്‍ എന്റെ വീട്ടില്‍ തന്നെയാണ് അവള്‍ താമസിക്കുന്നത് എന്നായിരുന്നു മര്‍ദ്ദിക്കുന്നതിനെപ്പറ്റി ശര്‍മ്മയുടെ പ്രതികരണം.

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഭാര്യയെ മര്‍ദ്ദിച്ച ഡിജിപി റാങ്കിലുളള പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. അവിഹിത ബന്ധം ഭാര്യ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് ഭാര്യയുടെ മൊഴി.പൊലീസ് ഉദ്യോഗസ്ഥനായ പുരുഷോത്തം ശര്‍മ്മ ഭാര്യയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെയാണ് നടപടി.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിന് കർശന നടപടിയെടുക്കും, ഒരു കാരണവശാലും ഇങ്ങനെയുള്ള കാര്യങ്ങൾ അംഗീകരിക്കില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. ഭാര്യയെ വീട്ടിനുളളില്‍ വച്ച് പുരുഷോത്തം ശര്‍മ്മ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മുഖത്തടിച്ചും, കഴുത്തുപിടിച്ച് തിരിച്ചും, മുടിയില്‍ പിടിച്ച് വലിച്ചുമായിരുന്നു മര്‍ദ്ദനം. 

തളളിയിട്ട ശേഷവും മര്‍ദ്ദനം തുടര്‍ന്നു. രണ്ടുപേര്‍ പുരുഷോത്തം ശര്‍മ്മയെ തടയാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മറ്റൊരു സ്ത്രീയുമായുളള ബന്ധം ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് ഭാര്യ പോലീസിനോട് പറഞ്ഞത്. ശർമ്മയുടെ മകനായ ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥൻ പാ‍ർത്ഥാണ് പരാതിയുമായി സർക്കാരിനെ സമീപിച്ചത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും വിഷയത്തിൽ ഇടപെട്ടു. ഏത് ഉന്നതനായാലും സ്ത്രീകള്‍ക്കെതിരായ അതിക്രമം വച്ചുപൊറുപ്പിക്കില്ലെന്ന് പുരുഷോത്തം ശര്‍മ്മക്കെതിരായ നടപടി വിശദീകരിച്ച മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി.
 
ആഭ്യന്തര വകുപ്പ് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ശർമ്മയെ സസ്പെൻഡ് ചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ശർമ്മയെ ഉടൻ പുറത്താക്കണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ മധ്യപ്രദേശ് സർക്കാരിന് കത്തയച്ചു. തന്നെ കുത്താന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധിക്കുകയായിരുന്നുവെന്നാണ് ശര്‍മ്മയുടെ വിശദീകരണം. കുടംബപ്രശ്നത്തില്‍ മകനും ഭാര്യയെയും ചേർന്ന് തന്നെ വേട്ടയാടുകയാണെന്നും ശ‍ർമ്മ ആരോപിച്ചു.

''ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 32 വര്‍ഷമായി, 2008 മുതല്‍ അവള്‍ എനിക്കെതിരെ പരാതി പറയുന്നുണ്ട്. എന്നാല്‍ 2008 മുതല്‍ എന്റെ വീട്ടില്‍ തന്നെയാണ് അവള്‍ താമസിക്കുന്നത്. എല്ലാ സൗകര്യങ്ങളും ആസ്വദിക്കുന്നു. എന്റെ പണത്തിന് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നു. '' ഭാര്യയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡിജി പുരുഷോത്തം ശര്‍മ്മ പ്രതികരിച്ചത് ഇങ്ങനെയാണ്. 
 

click me!