
ദില്ലി: ദില്ലിയിൽ മുംബൈ സ്വദേശിയായ യുവതിയെ കൊന്ന് കഷ്ണങ്ങളാക്കിയ കേസിൽ നിർണായക കണ്ടെത്തൽ. മെഹ്റോളിയിലെ വനമേഖലയിൽ കണ്ടെത്തിയ എല്ലിൻ കഷ്ണങ്ങളിൽ നടത്തിയ ഡി എൻ എ പരിശോധനയുടെ ഫലമാണ് കേസിൽ നിർണായകമാകുക. കൊല്ലപ്പെട്ട ശ്രദ്ധയുടത് തന്നെയാണ് വനമേഖലയിൽ കണ്ടെത്തിയ എല്ലിൻ കഷ്ണങ്ങളെന്ന് ഡി എൻ എ പരിശോധനയിലൂടെ ദില്ലി പൊലീസ് സ്ഥിരീകരിച്ചു. ഇതോടെ പങ്കാളി അഫ്താബ് പൂനെവാലക്കെതിരെ ശക്തമായ തെളിവായി ഡി എൻ എ ഫലം പൊലീസ് കോടതിയിൽ സമർപ്പിക്കും. അഫ്താബ് മൊഴി നൽകിയതനുസരിച്ചാണ് പൊലീസ് വനമേഖലയിൽ തെരച്ചിൽ നടത്തി എല്ലുകൾ കണ്ടെത്തിയത്. മെയിലാണ് അഫ്താബ് ശ്രദ്ദയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം 32 കഷ്ണങ്ങളാക്കി വിവിധയിടങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു.
നേരത്തെ ശ്രദ്ധ വാക്കർ കൊലപാതകത്തിൽ പ്രതി അഫ്താബ് പൂനവാലയുടെ മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്നിരുന്നു. ശ്രദ്ധയുടെ ശരീരം കഷണങ്ങളാക്കാൻ താൻ ചൈനീസ് നിർമ്മിത കത്തിയാണ് ഉപയോഗിച്ചതെന്നതടക്കമുള്ള കാര്യങ്ങൾ അഫ്താബ് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ മെഹ്റോളിയിലെ അഫ്താബിന്റെ ഫ്ലാറ്റിൽ നിന്ന് നിരവധി മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തു. ശേഷം നടത്തിയ തെരച്ചിലിലാണ് മെഹ്റോളിയിലെ വനമേഖലയിൽ നിന്ന് എല്ലിൻ കഷ്ണങ്ങൾ കണ്ടെത്തിയത്. ഇത് ശ്രദ്ധയുടേതാണെന്ന് തെളിയിക്കൽ കേസന്വേഷണത്തിൽ ഏറെ നിർണായകമായിരുന്നു.
ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അഫ്താബ് ആദ്യം ഇവരുടെ കൈകളാണ് മുറിച്ചു നീക്കിയതെന്ന് നേരത്തെ തെളിഞ്ഞിരുന്നു. നാർക്കോ പരിശോധനയ്ക്കിടെ, ശ്രദ്ധയുടെ മൃതദേഹം മുറിച്ചെടുത്ത ആയുധമടക്കം എവിടെയാണ് ഉപേക്ഷിച്ചതെന്ന് അഫ്താബ് പറയുകയായിരുന്നു. ശ്രദ്ധ വാക്കറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ശരീരം 35 കഷണങ്ങളാക്കി മുറിക്കുകയുമായിരുന്നു. ഇത് ദക്ഷിണ ദില്ലിയിലെ മെഹ്റോളിയിലെ തന്റെ വസതിയിൽ 300 ലിറ്റർ ഫ്രിഡ്ജിൽ സൂക്ഷിച്ചു. തുടർന്ന് ശരീരഭാഗങ്ങൾ ദിവസങ്ങളെടുത്ത് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു.