
പത്തനംതിട്ട: കനറ ബാങ്കിൽ നിന്ന് ലക്ഷക്കണക്കിന് രൂപ ജീവനക്കാരൻ തട്ടിയെടുത്തു. പത്തനാപുരം സ്വദേശി വിജീഷ് വർഗീസാണ് തട്ടിപ്പ് നടത്തിയതെന്ന് കാണിച്ച് ബാങ്ക് പൊലീസിൽ പരാതി നൽകി. ആരോപണ വിധേയനായ വിജീഷ് വർഗീസ് ഒളിവിലാണ്
ബാങ്കിൽ നിക്ഷേപമുള്ള ഉദ്യോഗസ്ഥരുടെ പാസ്വേർഡ് ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ബാങ്കിലെ ജീവനക്കാരന്റെ ഭാര്യയുടെ സ്ഥിര നിക്ഷേപ അക്കൗണ്ടിലെ പത്ത് ലക്ഷം രൂപ പിൻവലിച്ചത് കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇതുമായി ബന്ധപ്പെട്ട് ക്ലർക്ക് വിജീഷ് വർഗീസിനോട് ബ്രാഞ്ച് മാനേജർ വിശദീകരണം ചോദിച്ചപ്പോൾ അബദ്ധം പറ്റിയതെണെന്നായിരുന്നു ഇയാളുടെ മറുപടി.
സംശയം തോന്നിയ മാനേജർ വിശദ പരിശോധന നടത്തിയപ്പോഴാണ് വിജീഷ് പല അക്കൗണ്ടുകളിലേക്ക് പണം മാറ്റിയെന്ന് കണ്ടെത്തിയത്. പ്രതിയുടെ ഭാര്യയുടേതടക്കം പല അക്കൗണ്ടുകളിലേക്കും പണം മാറ്റിയിട്ടുണ്ട്. തട്ടിപ്പ് കണ്ടെത്തിയത് മുതൽ വീജീഷ് കുടുബത്തോടൊപ്പം ഒളിവിലാണ്. ഒൻപത് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ തട്ടിപ്പ് നടന്നുവെന്നാണ് ബാങ്ക് നിലവിൽ നൽകിയിരിക്കുന്ന പരാതി.
കൂടുതൽ സാമ്പത്തിക തട്ടിപ്പിന്റെ വിവിരങ്ങൾ ബാങ്ക് പരിശോധിക്കുകയാണ്. 2019 ലാണ് വിമുക്ത ഭടനായ വിജീഷ് ബാങ്കിൽ ജോലിക്ക് പ്രവേശിച്ചത്. മുന്പ് സിൻഡിക്കേറ്റ് ബാങ്കിന്റെ ശാഖ അടുത്തിടെയാണ് കനറ ബാങ്കിൽ ലയിച്ചത്. ഒളിവിൽപ്പോയ വിജീഷിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam