
തിരുവനന്തപുരം: തിരുവല്ലയിലെ നരബലിയുടെ എളുപ്പം വിശ്വസിക്കാനാകാത്ത വാർത്തകളാണ് പുറത്തുവരുന്നത്. സമൃദ്ധിക്കായി രണ്ട് സ്ത്രീകളെ തന്ത്രപരമായി വീട്ടിലെത്തിച്ച് വെട്ടിനുറുക്കി കുഴിച്ചിട്ട വാർത്ത കേരളത്തെയാകെ ഞെട്ടിക്കുകയാണ്. മുമ്പെങ്ങും കേരളം കണ്ടിട്ടില്ലാത്ത ക്രൂരതയുടെ മൂർത്തീ ഭാവമാണ് തിരുവല്ലയിൽ നിന്ന് പുറത്തുവരുന്ന ഓരോ പുതിയ വിവരങ്ങളും. കൊലപാതകത്തിന്റെ രീതിയും അതിലേക്കെത്തിയ സാഹചര്യങ്ങളുമെല്ലാമാണ് ഓരോ നിമിഷവും ഏവരെയും അത്ഭുതപ്പെടുത്തുന്നത്. എന്നാൽ കേരളത്തിൽ നരബലി നടക്കുന്നത് ആദ്യമായല്ല. തിരവല്ല സംഭവത്തിന് മുമ്പ് പല തവണകളായി കൊടും ക്രൂരമായ നരബലികൾ കേരളത്തിൽ നടന്നിട്ടുണ്ട്. അമ്മ മകനെ ബലി നൽകിയതും ഭർത്താവ് ഭാര്യയെ ബലി നൽകിയതും അടക്കം കേരളം കണ്ട ക്രൂരതയുടെ മുഖങ്ങൾ വേറെയുമുണ്ടായിരുന്നു...
ഒമ്പതാം ക്ലാസുകാരനെ ബലി നൽകിയത് സഹോദരിയുടെ പ്രേതബാധ അകറ്റാൻ
നിധിക്കുവേണ്ടി ഒൻപതാം ക്ലാസുകാരനെ പിതാവും സഹോദരിയും അയൽക്കാരിയും ചേർന്നു ബലി നൽകിയത് മുണ്ടിയെരുമയിലായിരുന്നു. മുണ്ടിയെരുമ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി ആയിരുന്നു ക്രൂരമായി കൊലല്ലപ്പെട്ടത്. 1983 ജൂലൈയിലായിരുന്നു സംഭവം. അതി ക്രൂരമായി കൊല്ലപ്പെട്ട വിദ്യാർഥിയുടെ മൃതദേഹം കണ്ണുകളും മൂക്കും കുത്തിക്കീറിയ നിലയിയിലായിരുന്നു. സഹോദരിയുടെ പ്രേതബാധ അകറ്റാനായിരുന്നു നരബലിയെന്നായിരുന്നു കേസ്.
ഭാര്യയെ നരബലി നൽകി കുഴിച്ചിട്ട് ചാണകം മെഴുകി
1981 ഡിസംബർ മാസത്തിലായിരുന്നു അടിമാലിയിലെ പനംകുട്ടിയിൽ സോഫിയ കൊല്ലപ്പെട്ടത്. ഇടുക്കിയെ ഞെട്ടിച്ച കൊലപാതകം നടത്തിയത് ഭർത്താവും ബന്ധുക്കളും ചേർന്നായിരുന്നു. മൃതദേഹം കുഴിച്ചിട്ട് ചാണകം മെഴുകിയത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതായിരുന്നു കൊടുംകൊലപാതകത്തിന്റെ ചുരുളഴിച്ചത്.
രാമക്കൽമേട്ടിൽ സ്കൂൾ വിദ്യാർത്ഥിയെ തല്ലിക്കൊന്ന മന്ത്രവാദം
ഇടുക്കിയിലെ രാമക്കൽ മേട്ടിലായിരുന്നു 1995-ൽ കേരളത്തെ ഞെട്ടിച്ച മറ്റൊരു നരബലി സംഭവം. പിതാവും രണ്ടാനമ്മയും ചേർന്ന് സ്കൂൾ വിദ്യാർത്ഥിയെ മന്ത്രവാദ കർമ്മങ്ങൾക്ക് വിട്ടുകൊടുക്കുകയായിരുന്നു. മന്ത്രവാദത്തിനിടെ ആറുപേർ ചേർന്ന് കുട്ടിയെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി. തമിഴ്നാട്ടിൽ നിന്നെത്തിയ മന്ത്രവാദികളായിരുന്നു ക്രൂരത ചെയ്തത്. കുട്ടിയുടെ വികൃതമായ മൃതദേഹം അടുത്ത ദിവസം കണ്ടെത്തുകയായിരുന്നു.
ദൈവ പ്രീതിക്ക് ആറു വയസുകാരനെ ബലികൊടുത്ത അമ്മ
പാലക്കാട് പുതുപ്പള്ളിത്തെരുവില്‍ അമ്മ മകനെ അറത്തു കൊലപ്പെടുത്തിയത് 2021-ലായിരുന്നു. ദൈവപ്രീതിക്കായി അമ്മ മകനെ ബലിനല്‍കുകയായിരുന്നു. പുതുപ്പള്ളിത്തെരുവില്‍ താമസിക്കുന്ന 32 കാരിയായ ഷഹീദയാണ് ആറ് വയസ്സുള്ള മകനെ മൂര്‍ച്ചയേറിയെ കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയത്. മകനെ കുളിമുറിയിലേക്ക് കൊണ്ടുപോയി കാലുകള്‍ കെട്ടിയിട്ട ശേഷം അരുംകൊല നടത്തുകയായിരുന്നു.
കുതിർത്ത അരിയും പഞ്ചസാരയും മാത്രം തിന്ന്, ഒടുവിൽ മരിച്ച കരുനാഗപ്പള്ളിയിലെ തുഷാര
കരുനാഗപ്പള്ളിയിലെ തുഷാര മരിച്ചത് സ്ത്രീധന പീഡനത്തിനൊടുവിലാണെന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്തകൾ. ഭക്ഷണം നൽകാതെ പീഡിപ്പിച്ച് മരിക്കുമ്പോൾ 20 കിലോ മാത്രമായിരുന്നു തുഷാരയുടെ ഭാരം. തുഷാരയെ പട്ടിണിക്കിട്ട ഭർത്താവും അമ്മായിഅമ്മയും തുഷാരയ്ക്ക് പഞ്ചസാരയും കുതിർത്ത അരിയുമായിരുന്നു ഭക്ഷണമായി നൽകിയത്. ഇത് ഒരു മന്ത്രവാദിയുടെ നിർദേശ പ്രകാരമായിരുന്നു എന്നായിരുന്നു പുറത്തുവന്ന വിവരം. മന്ത്രവാദത്തിന്റെ സ്ഥിരം കേന്ദ്രമായിരുന്നു ഈ വീടെന്നും നാട്ടുകാർ പറഞ്ഞിരുന്നു.
മന്ത്രശക്തി ലഭിക്കാൻ കൂട്ടക്കൊലപാതകം
കമ്പകക്കാനം കൂട്ടക്കൊലക്കേസിലും മന്ത്രവാദമായിരുന്നു പ്രധാന കാരണം. ഗുരുവിന്റെ മന്ത്രശക്തി ലഭിക്കുന്നതിന് വേണ്ടിയായിരുന്നു അനീഷ് സുഹൃത്ത് ലിബീഷിന്റെ സഹായത്തോടെ കൃഷ്ണനെയും കുടുംബത്തെയും ഒന്നടങ്കം കൊന്നുതള്ളിയത്. ദുര്‍മന്ത്രവാദത്തില്‍ നേരത്തെ കൃഷ്ണന്റെ സഹായിയായിരുന്നു അനീഷ്. പിന്നീട് ഇവര്‍ അകന്നു. കൃഷ്ണനെ കൊന്നാല്‍ അയാളുടെ ശക്തി തനിക്ക് ലഭിക്കുമെന്ന അന്ധ വിശ്വാസമായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്. തലയ്ക്കടിച്ചും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ വീടിനു പിന്നിലെ ചാണകക്കുഴിയില്‍ മൂടി എന്നായിരുന്നു കേസ്. കൃഷ്ണന്റെ പക്കലുണ്ടായിരുന്ന സ്വർണവും പ്രതി മോഷ്ടിച്ചിരുന്നു