
പെരിന്തൽമണ്ണ: ആ വീട്ടില്‍ സന്തോഷമെത്തുമ്മന്നതിന്നു പകരം സങ്കടപെരുമഴയാണ് പെയ്തിറങ്ങിയത്. വര്‍ഷങ്ങള്‍ക്കു ശേഷം ഗള്‍ഫില്‍ നിന്നും വരുന്നതിന്റെ സന്തോഷത്തിലായിരുന്ന അഗളിയിലെ ജലീലിന്റെ വീട്. ആ വീട്ടിലേക്ക് ഇടിത്തീ പോലെയാണു ജലീല്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലാണെന്ന വാര്‍ത്തയെത്തിയത്. പിന്നെ സംഭവിച്ചതെല്ലാം ദുരുഹത നിറഞ്ഞ സംഭവങ്ങളായിരുന്നു.
15നു രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയെന്നുപറഞ്ഞ് വിളിച്ചയാളെയാണു പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ക്രൂരമായി മര്‍ദനമേറ്റ നിലയില്‍ കുടുംബം കാണുന്നത്. 10 വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന ജലീലിന്റെ കുടുംബം ഇപ്പോഴും സാമ്പത്തിക പ്രയാസങ്ങളില്‍നിന്നു കരകയറിയിട്ടില്ല.ആദ്യം ഭാര്യയോടു കൂട്ടിക്കൊണ്ടുപോകാന്‍ പെരിന്തല്‍മണ്ണയിലെത്താന്‍ പറഞ്ഞ ജലീല്‍ അവര്‍ പാതി ദൂരം പിന്നിട്ടപ്പോഴാണു മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടത്. എത്ര വൈകിയാലും കാത്തിരിക്കുമെന്നു ഭാര്യ പറഞ്ഞപ്പോള്‍ ഫോണ്‍ കട്ട് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച ആണ് അബ്ദുല്‍ ജലീല്‍ ജിദ്ദയില്‍ നിന്ന് നെടുമ്പാശ്ശേരി എത്തിയത്. കൂട്ടിക്കൊണ്ടു പോകാന്‍ നാട്ടില്‍ നിന്ന് എത്തിയവരെ മറ്റ് സുഹൃത്തുക്കളുടെ കൂടെ വരാം എന്ന് പറഞ്ഞ് ഇയാള്‍ മടക്കി അയച്ചു.
പിന്നീട് രണ്ട് ദിവസത്തിനുള്ളില്‍ താന്‍ വീട്ടില്‍ എത്തുമെന്ന് പറഞ്ഞ് ഇയാൾ വീഡിയോ കോള്‍ ചെയ്തു. പക്ഷേ ചൊവ്വാഴ്ചയായിട്ടും ജലീലിനെ കാണാത്തതിനെ തുടര്‍ന്ന് കുടുംബം അഗളി പൊലീസില്‍ പരാതി നല്‍കി. പിറ്റേന്ന് ജലീല്‍ വിളിച്ചപ്പോള്‍ ഭാര്യ ഇക്കാര്യം പറഞ്ഞു. ഉടന്‍ പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ ആണ് ഇയാളെ പരിക്കേറ്റ നിലയില്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിക്കേറ്റിട്ടുണ്ട്. ജലീലിനെ ആശുപത്രിയില്‍ പ്രവേശിച്ച കാര്യം വീട്ടിലേക്ക് സാറ്റലൈറ്റ് ഫോണ്‍ വഴി ആരോ വിളിച്ച് പറയുകയും ചെയ്തു. അപ്പോഴാണ് കുടുംബം ഇക്കാര്യം അറിയുന്നത്. ജലീലിന്റെ ഭാര്യ മുബഷിറ പറയുന്നു.
' പതിനഞ്ചാം തീയതിയാണ് ഇക്ക നെടുമ്പാശ്ശേരിയില്‍ എത്തിയത്. ഞങ്ങളെ വിളിച്ച് വീട്ടിലേക്ക് എത്തിക്കോളാം എന്ന് പറഞ്ഞു. കാണാതായ സമയത്ത് പലതവണ ഫോണില്‍ വിളിച്ചെങ്കിലും ഭാര്യ അങ്ങോട്ടു ചോദിക്കുന്നതിനൊന്നും കൃത്യമായ മറുപടി ലഭിച്ചില്ല. ഇതിനിടെ വിളിച്ച്, തൃശൂരിലാണെന്ന് ഒരുതവണ പറഞ്ഞു. പിന്നീട് രണ്ട് ദിവസവും വീഡിയോ കോള്‍ ചെയ്തിരുന്നു. ചൊവ്വാഴ്ച ആയിട്ടും വീട്ടില്‍ എത്താത്തത് കൊണ്ട് ഞങ്ങള്‍ അഗളി പൊലീസിന് പരാതി കൊടുത്തു. അക്കാര്യം പിന്നിട് വീഡിയോ കോള്‍ ചെയ്തപ്പോള്‍ പറഞ്ഞു. അപ്പോള്‍ പിന്നില്‍ നിന്ന് ആരോ പരാതി പിന്‍വലിക്കാന്‍ പറഞ്ഞു.
പിന്നെ വ്യാഴാഴ്ച രാവിലെ ആണ് ആരോ വിളിച്ച് പറയുന്നത് ജലീലിനെ ആശുപത്രിയിലാക്കി എന്നാണ്. ഇവിടെ വന്ന് നോക്കിയപ്പോള്‍ ആള്‍ വെന്റിലേറ്ററിലാണ്. നാലക്ക നമ്പറിൽ നിന്നാണ് തന്നെ വിളിച്ചത്. നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി 4 ദിവസങ്ങള്‍ക്ക് ശേഷം ക്രൂരമര്‍ദനമേറ്റ് അബോധാവസ്ഥയിലാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ അബ്ദുല്‍ ജലീലിനെ പ്രവേശിപ്പിച്ചത്. ദേഹമാസകലം മൂര്‍ച്ചയുള്ള ആയുധംകൊണ്ട് വരഞ്ഞ മുറിവുകളും മര്‍ദനമേറ്റ പാടുകളുമുണ്ടായിരുന്നു. മസ്തിഷ്‌ക രക്ത സ്രാവവും വൃക്കകള്‍ പ്രവര്‍ത്തന രഹിതമായതും മരണത്തിന് കാരണമായി.
ഏതെങ്കിലും തരത്തില്‍ ശത്രുക്കള്‍ ഉള്ളയാളല്ല ജലീല്‍ എന്ന് ബന്ധുക്കള്‍ പറയുന്നു. ക്രൂര മര്‍ദനങ്ങള്‍ക്കിരയായിട്ടുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam