
പാലക്കാട്: തണ്ണിമത്തന് അടിയിൽ ഒളിപ്പിച്ച് സ്ഫോടകശേഖരം കടത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ അകമ്പടി വാഹനത്തിന്‍റെ ഡ്രൈവർ ദുരൈരാജ് നിരപരാധിയാണെന്ന് കുടുംബം. ടാക്സി ഡ്രൈവറായ ദുരൈരാജിന് സ്ഫോടക കടത്തുമായി ബന്ധമില്ലെന്നും, കേസ് കോടതിയുടെ മേൽനോട്ടത്തിൽ നടത്തണമെന്നും ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചു. അതേസമയം കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളുമായി തമിഴ്നാട്ടിൽ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.
വർഷങ്ങളായി ധർമപുരിയിലെ ടാക്സി ഡ്രൈവറാണ് ദുരൈരാജ്. കഴിഞ്ഞ നാലാം തീയതിയും കാറുടമയുടെ നിർദേശ പ്രകാരം കോയമ്പത്തൂരിലേക്കെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. വാഹനത്തിൽ കയറിയ വ്യക്തി പറഞ്ഞതു പ്രകാരം പാലക്കാട് വരെ വാഹനം ഓടിച്ചെത്തി. രണ്ടു ദിവസം കഴിഞ്ഞതോടെയാണ് കേരള പൊലിസും സംഘവുമെത്തി വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. യഥാർത്ഥ പ്രതികളെ പിടികൂടണമെന്നും ദുരൈരാജ് നിരപരാധിയുമാണെന്നുമാണ് കുടുംബത്തിന്റെ വാദം. കേസ് കോടതിയുടെ മേൽനോട്ടത്തിൽ നടത്തണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരിക്കുകയാണ് കുടുംബം
അതേസമയം കാറിൽ ഒപ്പമുണ്ടായിരുന്നയാൾക്കൊപ്പം നേരത്തെയും സഞ്ചരിച്ചിട്ടുണ്ടെന്ന് ദുരൈരാജ് മൊഴി നൽകിയിട്ടുണ്ടെന്നാണ് അന്വേഷണം സംഘം പറയുന്നത്. ഒപ്പം സഞ്ചരിച്ചയാളെ കുറിച്ച് സൂചന ലഭിച്ചതായും ഇയാളെ ഉടൻ പിടികൂടുമെന്നും അന്വേഷണം സംഘം പറഞ്ഞു. ദുരൈരാജിന് പുറമെ കേസിൽ അറസ്റ്റിലായ മിനിലോറി ഡ്രൈവർ സെന്തിൽകുമാർ, ഇടനിലക്കാരൻ പനീർശെൽവം എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ധർമപുരിയിലെത്തി തെളിവെടുപ്പ് നടപടികൾ പുരോഗമിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam