
കൊച്ചി: ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങളുടെ പേരിൽ ഓൺലൈനിൽ വ്യാപക വാതുവയ്പ്പ്. മൊബൈൽ ആപ്പുകളും വെബ്സൈറ്റുകളും കേന്ദ്രീകരിച്ചാണ് ചൂതാട്ടം. നിയമത്തിലെ പഴുതുകൾ ഉപയോഗിച്ചാണ് ചൂതാട്ടം. ഐപിഎൽ വാതുവയ്പ്പെന്ന് പറഞ്ഞാൽ ആളുകളുടെ മനസിലേക്ക് വരുന്നൊരു ചിത്രമുണ്ട്. അന്ന് കളിക്കാരെ തന്നെ അറസ്റ്റ് ചെയ്ത പൊലീസിനോ സർക്കാരിനോ പക്ഷേ തൊട്ടുമുന്പിൽ നടക്കുന്ന ചൂതാട്ടം തടയാൻ താൽപര്യമില്ല. ഐപിഎല്ലിൽ ഓരോ മത്സരങ്ങൾ നടക്കുമ്പോഴും വാതുവയ്പ്പ് കമ്പോളത്തിൽ മറിയുന്നത് കോടികളാണ്.
മൊബൈൽ ആപ്പുകൾ വഴിയും വെബ്സൈറ്റുകൾ വഴിയുമാണ് പ്രധാനമായും വാതുവയ്പ്പ്. പ്ലേ സ്റ്റോറിലോ ഗൂഗിളിലോ ഐപിഎൽ ബെറ്റിംഗ് എന്ന് പരതിയാൽ നിരവധി വാതുവയ്പ്പ് സൈറ്റുകളും ആപ്പുകളും സ്ക്രീനിൽ തെളിയും. അത്യാകർഷമാണ് സമ്മാനങ്ങൾ. ഇതിൽ മയങ്ങി സാധാരണക്കാർ ഓരോ ദിവസവും ചൂതാട്ടത്തിനായി മുടക്കുന്നത് ആയിരങ്ങൾ. മുടക്കുന്ന തുകയുടെ ഇരട്ടി മുതൽ റിസ്കിന് അനുസരിച്ച് 20 ഇരട്ടി വരെ തിരിച്ച് കിട്ടുമെന്നാണ് വാഗ്ദാനം. അതായത് മത്സരത്തിന്‍റെ ടോസിന് മുന്പ് വാതുവച്ച് പറയുന്ന ടീം ജയിച്ചാൽ തിരിച്ച് കിട്ടുക മുടക്കുമുതലിന്‍റെ ഇരട്ടി. പ്രതീക്ഷിക്കാത്ത കളിക്കാരൻ സിക്സടിച്ചാലോ തുടരെ വിക്കറ്റുകൾ വീഴ്ത്തിയാലോ വാഗ്ദാനം മുടക്കുമുതലിന്റെ പത്തിരട്ടിയിലധികം.
വാഗ്ദാനങ്ങൾക്ക് താഴെ ഒരു കാര്യം ചെറിയ അക്ഷരങ്ങളിലുണ്ട്. ഇന്ത്യയിൽ ഓൺലൈൻ ചൂതാട്ടത്തിന് അനുമതിയില്ലാത്തതിനാൽ വെബ്സൈറ്റും ആപ്പുകളും രജിസ്റ്റർ ചെയ്തിരിക്കുന്നത് മാൾട്ട, കോസ്റ്റാറിക്ക തുടങ്ങിയ രാജ്യങ്ങളിൽ. അതായത് പരാതികളുയർന്നാൽ രാജ്യത്തെ നിയമങ്ങൾ തട്ടിപ്പുകാർക്ക് ബാധകമല്ലെന്ന് സാരം. ചൂതാട്ടത്തിന് രാജ്യത്തെ ബാങ്കുകളിൽ നിന്ന് പണം മുടക്കാൻ സാധിക്കില്ല. ഈ പ്രതിസന്ധി മറികടക്കാൻ വാതുവയ്പ്പുകാർ പറയുന്ന വാലറ്റുകളിലേക്ക് പണം നൽകണം. പിന്നീട് ചൂതാട്ട ഇടപാടുകളെല്ലാം ഈ വാലറ്റുകൾ വഴിയാകും. അതായത് സാമ്പത്തിക ഇടപാടുകൾക്ക് നിയമവ്യവസ്ഥയുടെ പരിരക്ഷയില്ല. പണം തട്ടിയാൽ തിരിച്ച് കിട്ടുക ദുഷ്കരം.
ക്രിക്കറ്റെന്ന സാധാരണക്കാരുടെ ആവേശവും വികാരവുമാണ് വാതുവയ്പ്പുകാർ മുതലെടുക്കുന്നത്. കൃത്യമായ ബോധ്യങ്ങളില്ലാതെ എത്തുന്നവർ തുടർച്ചയായി കളിച്ചാൽ പിന്നീടിതിന് അടിമകളാകും. പിന്നീടവരെ കാത്തിരിക്കുന്നത് ദുരന്തങ്ങളാകും. ഇതിന് തടയിട്ട് വാതുവയ്പ്പ് മാഫിയയെ അമർച്ച ചെയ്യാൻ സർക്കാർ അടിയന്തരമായി ഇടപെട്ടേ പറ്റൂ.