സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരായ ബോംബേറ് സ്വയം ഏര്‍പ്പാടാക്കിയ നാടകമെന്ന് പൊലീസ്, പാർട്ടി അന്വേഷിക്കുമെന്ന് സിപിഎം

By Web TeamFirst Published Sep 29, 2019, 12:35 AM IST
Highlights
  • പന്തക്കല്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ബോംബെറിഞ്ഞ സംഭവം നാടകമെന്ന് പൊലീസ്
  • സ്വയം ആളെ ഏര്‍പ്പാടാക്കിയാണ് സ്ഫോടനം നടത്തിയതെന്നും പൊലീസ്
  • പൊലീസിന്‍റെ വാദങ്ങളില്‍ വിശ്വാസമില്ലെന്നും പാര്‍ട്ടി അന്വേഷിക്കുമെന്നും സിപിഎം

പന്തക്കല്‍: മാഹി പന്തക്കലിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ബോബെറിഞ്ഞ കേസ് കെട്ടിച്ചമച്ചതെന്ന് പൊലീസ് കണ്ടെത്തിയിരിക്കുകയാണ്. തനിക്കെതിരെ ബോംബെറിയാൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി ബിജു തന്നെ ആളെ ഏർപ്പാടാക്കുകയായിരുന്നുവെന്ന് വ്യക്തമായതോടെ ബിജുവിനെയും സഹായി റിനോജിനെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. റിനോജിനെ പിടികൂടി വിശദമായി ചോദ്യം ചെയ്തതോടെയാണ് ബിജു നടത്തിയ ആസൂത്രണമാണ് ബോംബേറെന്ന് വ്യക്തമായത്. എന്നാൽ പൊലീസ് നടപടിയിൽ സംശയമുണ്ടെന്നും പാർട്ടി അന്വേഷിക്കുമെന്നുമാണ് സിപിഎം പ്രതികരണം.

കഴിഞ്ഞ ഞായറാഴ്ച്ച, ബോംബേറിൽ പരിക്കേറ്റെന്ന പേരിൽ സിപിഎം ബ്രാ‍ഞ്ച് സെക്രട്ടറി ബിജു ചികിത്സയിൽ കഴിയുന്ന ദൃശ്യം എല്ലാവരും കണ്ടതാണ്. ബൈക്കിൽ പോകുമ്പോൾ ബോംബേറുണ്ടായി എന്നായിരുന്നു മൊഴി. എന്നാൽ ബിജുവിന് പറയത്തക്ക പരിക്കുകളുണ്ടായിരുന്നില്ല. ഇത് സംശയത്തിനിടയാക്കി. സിപിഎം - ബിജെപി സംഘർഷത്തിലേക്ക് വളരുന്ന ഘട്ടം വരെ കാര്യങ്ങളെത്തി. ഇതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. 

റിനോജെന്നയാൾ പിടിയിലായി. ഇയാളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ബിജു തന്നെയാണ് തന്നോട് ബോംബെറിയാൻ പറഞ്ഞതെന്ന് റിനോജ് മൊഴി നൽകിയത്. പേരിന് മാത്രം ബോംബെറിഞ്ഞ്, ബിജു ചികിത്സ തേടി. പ്രതിഷേധവുമുണ്ടായി. സംഘർഷത്തിന് തുടക്കമിടാൻ ആസൂത്രിതമായി നടത്തിയ നാടകമാണിതെന്ന് കണക്കാക്കിയാണ് ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. 

എന്നാൽ പൊലീസ് നടപടിയിൽ സംശയമുണ്ടെന്നും പാർട്ടി ഇക്കാര്യം വിശദമായി അന്വേശിക്കുമെന്നുമാണ് സിപിഎം പ്രതികരണം. സിപിഎം നേതാവ് കണ്ണിപ്പൊയിൽ ബാബുവിന് നേരെ ആദ്യം വധശ്രമമുണ്ടായപ്പോഴും പൊലീസ് ഇതേ നിലപാടാണ് സ്വകരിച്ചതെന്നും സിപിഎം കുറ്റപ്പെടുത്തുന്നു. 

അതേസമയം, കണ്ണിപ്പൊയിൽ ബാബു വധക്കേസിൽ പിടിയിലായി പിന്നീട് പുറത്തിറങ്ങിയ ബിജെപി പ്രവർത്തകർക്കെതിരെ ആക്രമണ സാധ്യതയുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയ അന്ന് രാത്രി തന്നെ പ്രതികാരമായി ഷമേജെന്ന ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയിരുന്നു. പുതിയ സംഭവത്തോടെ കൂടുതൽ ജാഗ്രതയിലാണ് മാഹി പൊലീസ്. 

click me!