കള്ളനോട്ട് കടത്തിന് ആംബുലൻസ്, പക്ഷേ 'റിവേഴ്സ് ബാങ്ക്' ചതിച്ചു; ​ഗുജറാത്തിൽ പിടികൂടിയത് 100കോടിയുടെ വ്യാജനോട്ട്

Published : Oct 02, 2022, 12:15 PM ISTUpdated : Oct 02, 2022, 12:29 PM IST
കള്ളനോട്ട് കടത്തിന് ആംബുലൻസ്, പക്ഷേ 'റിവേഴ്സ് ബാങ്ക്' ചതിച്ചു; ​ഗുജറാത്തിൽ പിടികൂടിയത് 100കോടിയുടെ വ്യാജനോട്ട്

Synopsis

സെപ്റ്റംബർ 29ന് കംരെജിൽ ഹിതേഷ് കൊട്ടാഡിയ ഓടിച്ച ആംബുലൻസിൽ നിന്ന് 25.80 കോടി വിലയുള്ള നോട്ടുകൾ കണ്ടെടുത്തതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്.

സൂറത്ത്: സെപ്റ്റംബർ 29ന് സൂററ്റിലും ജാംനഗറിലുമായി പിടികൂടി‌യത് 100 കോടി രൂപ വിലവരുന്ന വ്യാജകറൻസികൾ.  സമീപകാലത്ത് രാജ്യത്ത് നടന്ന ഏറ്റവും വലിയ കള്ളനോട്ട് വേട്ടയാണിത്. സംഭവത്തിൽ മുഖ്യ സൂത്രധാരനടക്കം മൂന്ന് പേർ അറസ്റ്റിലായി. നോട്ടുകൾ  നേരിട്ട് വിപണിയിൽ എത്തിക്കുന്നതിന് പകരം ഒരു എൻ‌ജി‌ഒ വഴി റാക്കറ്റ് രൂപീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. മുഖ്യ സൂത്രധാരൻ ഹിതേഷ് കൊട്ടാഡിയ ഉൾപ്പെടെ മൂന്ന് പേരാണ് പിടിയിലായത്.  റാക്കറ്റിലെ മറ്റ് അം​ഗങ്ങൾക്കായുള്ള തിരച്ചിൽ കാംരജ് പൊലീസ് തുടരുകയാണ്.

സെപ്റ്റംബർ 29ന് കംരെജിൽ ഹിതേഷ് കൊട്ടാഡിയ ഓടിച്ച ആംബുലൻസിൽ നിന്ന് 25.80 കോടി വിലയുള്ള നോട്ടുകൾ കണ്ടെടുത്തതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. ശനിയാഴ്ച ഇയാളുടെ ജന്മനാടായ മോട്ടവഡാലയിൽ നിന്ന് 53 കോടിയോളം രൂപ മൂല്യമുള്ള 2000 രൂപയു‌ടെ കറൻസി നോട്ടുകൾ പിടിച്ചെടുത്തു. പണം ആവശ്യമുള്ളപ്പോഴെല്ലാം സൂറത്തിലേക്ക് ആംബുലൻസ് മാർ​ഗമാണ് ഹിതേഷ് നോട്ടുകൾ കടത്തിയിരുന്നത്. ആംബുലൻസ് ഉപയോ​ഗിച്ചിരുന്നതിനാൽ ആരും സംശയിച്ചിരുന്നില്ല. അറസ്റ്റിലായ മറ്റൊരു പ്രതി വിപുൽ പട്ടേലിൽനിന്ന് 12 കോടിയുടെ നോട്ടുകളും പിടിച്ചെടുത്തു.

ഹിതേഷിന്റെ വീട്ടിൽ നിലക്കടലയുടെ തൊണ്ടിനടിയിൽ ഒളിപ്പിച്ച 19 പെട്ടികളിൽ നിന്നാണ് വ്യാജ നോട്ടുകൾ കണ്ടെടുത്തതെന്ന് ജാംനഗർ ഡിഎസ്പി പ്രേംസുഖ് ദേലു പറഞ്ഞു. യഥാർത്ഥ കറൻസിയിലെ 17 തിരിച്ചറിയൽ അടയാളങ്ങളിൽ 14 എണ്ണം മാത്രമാണ് ഈ നോട്ടുകളുമായി പൊരുത്തപ്പെടുന്നത്. എംബോസ്ഡ് നമ്പറുകൾ അവരുടെ പക്കൽ ഉണ്ടായിരുന്നില്ല. വെള്ളി നൂൽ നഷ്ടപ്പെട്ടിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിന് പകരം 'റിവേഴ്സ് ബാങ്ക് ഓഫ് ഇന്ത്യ' എന്നാണ് എഴുതിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഗുജറാത്തില്‍ നിന്ന് 'റിവേഴ്സ് ബാങ്ക് ഓഫ് ഇന്ത്യ' എന്ന് അച്ചടിച്ച 25.80 കോടി വ്യാജ നോട്ടുകള്‍ പിടികൂടി

ഡിക്രി ചാരിറ്റബിൾ ട്രസ്റ്റ് എന്ന പേരിൽ ഹിതേഷ് ഒരു സന്നദ്ധ സംഘടന നടത്തുകയും നികുതി ഇളവുകൾ ലഭിക്കുന്നതിന് ബാങ്കുകൾ വഴി സംഭാവന നൽകാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് പണം വാഗ്ദാനം ചെയ്യുകയും ചെയ്തു. ദാതാവിന് നികുതി ആനുകൂല്യം അവകാശപ്പെടാൻ  കഴിയുന്ന ബാങ്ക് ഇടപാടിലൂടെയാണ് ഹിതേഷ് പണം സ്വീകരിച്ചത്. പകരമായി, തന്റെ കയ്യിൽ ധാരാളം പണമുണ്ടെന്ന് ഹിതേഷ് അവരെ ബോധ്യപ്പെടുത്തി. ആവശ്യപ്പെടുന്നവർക്ക് വ്യാജ കറൻസി നൽകി കബളിപ്പിക്കുകയും ചെയ്തു. 

ആകെ 90 കോടി രൂപ വിലവരുന്ന വ്യാജ കറൻസിയാണ് പൊലീസ് കണ്ടെടുത്തത്. 10 കോടി രൂപ വിലയുള്ളവ ഇനിയും കണ്ടെത്താനുണ്ട്. വഞ്ചനയ്ക്ക് ഇരയായ ചിലർ പൊലീസിനെ സമീപിച്ചില്ല. നികുതി വെട്ടിപ്പിന് ശ്രമിച്ചതിനാലാണ് ഇവർ പൊലീസിനെ സമീപിക്കാതിരുന്നത്. ദിനേശ് പോഷിയ എന്നയാളാണ് ഇവരോടൊപ്പം അറസ്റ്റിലായത്. ഇവർക്ക് നോട്ടുകൾ എത്തിച്ചുകൊടുത്ത വികാസ് ജെയിൻ, ദിനനാഥ് യാദവ് എന്നിവർക്കായി തിരച്ചിൽ ഊർജിതമാക്കിയെന്നും പൊലീസ് പറഞ്ഞു.  പണം സൂക്ഷിക്കാൻ പ്രതികൾ 25 ഇരുമ്പ് പെട്ടികളും വാങ്ങിയിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ