ഹൈദരാബാദ് കൂട്ടബലാത്സംഗ കേസ് പ്രതികള്‍ കൊല്ലപ്പെട്ട വ്യാജ ഏറ്റുമുട്ടൽ; സിനിമയെ വെല്ലുന്ന നാൾവഴി

Published : May 21, 2022, 12:06 AM IST
ഹൈദരാബാദ് കൂട്ടബലാത്സംഗ കേസ് പ്രതികള്‍ കൊല്ലപ്പെട്ട വ്യാജ ഏറ്റുമുട്ടൽ; സിനിമയെ വെല്ലുന്ന നാൾവഴി

Synopsis

ദിശ കൊലക്കേസ് പ്രതികളുടെ കൊലപാതകം വ്യാജ ഏറ്റുമുട്ടലെന്ന സംശയം തുടക്കം മുതലേ ശക്തമായിരുന്നു. ഉദ്വേഗഭരിതമായ ഏറെ നിമിഷങ്ങൾ നിറഞ്ഞതായിരുന്നു അന്ന് ഹൈദരാബാദിൽ നടന്ന സംഭവവികാസങ്ങൾ

ബെംഗളൂരു: ദിശ കൊലക്കേസ് പ്രതികളുടെ കൊലപാതകം വ്യാജ ഏറ്റുമുട്ടലെന്ന സംശയം തുടക്കം മുതലേ ശക്തമായിരുന്നു. ഉദ്വേഗഭരിതമായ ഏറെ നിമിഷങ്ങൾ നിറഞ്ഞതായിരുന്നു അന്ന് ഹൈദരാബാദിൽ നടന്ന സംഭവവികാസങ്ങൾ.  2019 നവംബർ 28നാണ് ഹൈദരാബാദിനടുത്ത് ചട്ടനപ്പളളിയിൽ ദേശീയപാതയുടെ അടിപ്പാതയിൽ ക്രൂരബലാത്സംഗത്തിന് ഇരയായി. കത്തിക്കരിഞ്ഞ നിലയിൽ ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. ദില്ലിയിലേതിന് സമാനമായ സംഭവത്തിന്‍റെ പേരിൽ ചന്ദ്രശേഖര റാവു സർക്കാർ വൻ വിമർശനം നേരിട്ടു. രണ്ടാം ദിവസം നാല് പ്രതികൾ പിടിയിലായി. ലോറി ഡ്രൈവർ മുഹമ്മദ് ആരിഫ്, ഇയാൾക്കൊപ്പമുണ്ടായിരുന്ന ശിവ, നവീൻ, ചന്നകേശവലു എന്നിവർ. ആരിഫ് ഒഴികെ മൂന്ന് പേരും പ്രായപൂർത്തിയാകാത്തവർ.

കസ്റ്റഡിയിലായി ഏഴാം നാൾ, അതായത് ഡിസംബർ ആറിന് രാവിലെ ഇവർ നാല് പേരെയും, യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് തൊട്ടടുത്തുളള പാടത്ത് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തെളിവെടുപ്പിനായി എത്തിച്ചപ്പോൾ, പൊലീസുകാരുടെ തോക്ക് പിടിചച്ചെടുത്ത് പ്രതികൾ വെടിയുതിർത്തെന്നും സ്വയം രക്ഷാർത്ഥം തിരിച്ചുവെടിവെച്ചപ്പോൾ ഇവർ കൊല്ലപ്പെട്ടെന്നുമായിരുന്നു സർക്കാർ വാദം. വിമർശനങ്ങളിൽ നിന്ന് സർക്കാർ മുഖം രക്ഷിച്ചു. ചന്ദ്രശേഖര റാവുവിനും പൊലീസിനും കയ്യടി കിട്ടി.തെലങ്കാനയെ കണ്ടുപഠിക്കണമെന്ന ഉപദേശം രാജ്യത്ത് പലയിടത്തും കേട്ടു.

എന്നാൽ മനുഷ്യാവകാശ പ്രവർത്തകർ അന്നുതന്നെ സംശയം ഉന്നയിച്ചിരുന്നു, ഇതൊരു വ്യാജ ഏറ്റുമുട്ടലാണ് എന്ന്. മാത്രമല്ല പിന്നീട് സുപ്രീംകോടതി നിയോഗിച്ച കമ്മീഷന് മുന്പാകെ എത്തിയ മൊഴികളും അത് സാധൂകരിച്ചു. അന്ന് സൈബരാബാദ് പൊലീസ് കമ്മീഷണർ വിസി സജ്ജനാർ ആയിരുന്നു. 2008ൽ വാറങ്കൽ എസ്പിയായിരിക്കെ മൂന്ന് പേരെ വെടിവച്ചുകൊന്ന ഏറ്റുമുട്ടൽ കൊലയുടെ പേരിൽ ആരോപണം നേരിട്ടയാൾ.സജ്ജനാരുടെ പങ്ക് ഈ കേസിലും പലരും സംശയിച്ചു.

ഏറ്റുമുട്ടൽ കൊല നടന്നിട്ടും ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ തെലങ്കാന സർക്കാർ തയ്യാറായില്ല. പകരം ചന്ദ്രശേഖര റാവുവിന്‍റെ വീരഗാഥയായി അത് ആഘോഷിക്കപ്പെട്ടു. കൊല്ലപ്പെട്ടവരെ മാത്രം പ്രതികളാക്കിയായിരുന്നു കേസ്. പൊലീസുകാരെ സംരക്ഷിച്ചു. അടിമുടി വൈരുദ്ധ്യമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ സുരേന്ദർ റെഡ്ഡിയുടെ മൊഴികളിൽ. പ്രതികളെ കസ്റ്റഡിയിലെടുത്ത് താമസിപ്പിച്ച ഗസ്റ്റ് ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ കമ്മീഷൻ ചോദിച്ചു. 

സിസിടിവി പ്രവർത്തിച്ചിരുന്നില്ല എന്നായിരുന്നു റെഡ്ഡിയുടെ മൊഴി. എന്നാൽ അവിടെ സിസിടിവിയേ ഉണ്ടായിരുന്നില്ല എന്ന് പൊലീസിന്‍റെ സത്യവാങ്മൂലം വേറെ വന്നു. കസ്റ്റഡിയിലുളളവരെ അർധരാത്രി ജയിലിലേക്ക് മാറ്റിയത് ഏത് ചട്ടപ്രകാരമെന്ന ചോദ്യത്തിനും ഉത്തരമുണ്ടായില്ല. പ്രതികൾ പിടിച്ചെടുത്തു എന്ന് പറയുന്ന തോക്കിൽ നിന്ന് അവരുടെ വിരലടയാളം കണ്ടെത്താനും കഴിഞ്ഞില്ല. അതീവ സുരക്ഷാ ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്ന തോക്കുകൾ എന്തിന് തെളിവെടുപ്പിന് പോയപ്പോൾ കരുതി എന്നതിനും പൊലീസിന് ഉത്തരമുണ്ടായില്ല.

ഏറ്റുമുട്ടലിൽ പൊലീസുകാർക്ക് പരിക്കേറ്റെന്ന് റിപ്പോർട്ടിലുണ്ടായിരുന്നെങ്കിലും അതിനും തെളിവ് ഹാജരാക്കിയില്ല. പ്രായപൂർത്തിയാകാത്ത പ്രതികളെ ജുവൈനൽ ഹോമിലേക്ക് അയക്കാതെ ജയിലിലേക്ക് അയച്ചത് എന്തിനെന്ന ചോദ്യത്തിനും മറുപടിയുണ്ടായില്ല. അങ്ങനെ കരുതിക്കൂട്ടി, പുലർച്ചെ പ്രതികളെ സ്ഥലത്തെത്തിച്ച് വെടിവെച്ചുകൊന്നതാണെന്ന വാദം തെളിയിക്കപ്പെടുകയാണ് സുപ്രീം കോടതി നിയോഗിച്ച കമ്മീഷന്‍റെ കണ്ടെത്തലിലൂടെ. പത്ത് പൊലീസുകാർക്കെതിരെയാണ് കൊലക്കുറ്റം ചുമത്തി അന്വേഷണം നടത്താൻ ഉത്തരവ്. എന്നാൽ ഉന്നതങ്ങളിൽ നിന്ന് നിർദേശമില്ലാതെ ഒരു പൊലീസുകാരനും വെടിയുതിർക്കില്ല എന്ന് തെലങ്കാനയിലെ സംവിധാനങ്ങൾ അറിയുന്നവർക്ക് വ്യക്തം. അവിടേക്കൊന്നും എന്തായാലും അന്വേഷണമെത്താനും ഇടയില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്
ബുർഖ ധരിക്കാതെ വീടിന് പുറത്ത് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്, സംഭവം യുപിയിൽ