'പ്രിന്‍ററുകളും ഗാന്ധിജിയുടെ ലോഗോയോട് കൂടിയ ട്രെയ്സിംഗ് പേപ്പറും'; വ്യാജ നോട്ടടി സംഘം പിടിയില്‍

By Web TeamFirst Published Sep 6, 2020, 2:48 PM IST
Highlights

ദില്ലിയിലെ ആനന്ദ് വിഹാറില്‍ ഐഎസ്ബിടിയില്‍ പിലിഭിത്ത് സംഘത്തിന്‍റെ വലിയൊരു കണ്‍സൈന്‍മെന്‍റ് കൈമാറ്റം നടക്കുന്നുവെന്ന വിവരമാണ് പൊലീസിന് സഹായകമായത്. ഓഗസ്റ്റ് 30നാണ് ഈ വിവരം ലഭിച്ചതെന്ന് ദില്ലി പൊലീസ്

ദില്ലി: ഉത്തര്‍ പ്രദേശിലെ പിലിഭിത്ത് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വന്‍ നോട്ടടി സംഘത്തെ പൊലീസ് പിടികൂടി. ദില്ലി പൊലീസ് സ്പെഷ്യല്‍ സെല്ലിന്‍റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. വ്യാജ കറന്‍സിയുടെ 12 കെട്ടുകളടക്കമാണ് ഇവര്‍ പിടിയിലായത്. 100, 200 രൂപയുടെ നോട്ടുകളാണ് ഇവരില്‍ നിന്ന് പിടികൂടിയത്. 25 ലക്ഷത്തോളം രൂപയുടെ വ്യാജ കറന്‍സിയും 13400 രൂപയുമാണ് ഇവരില്‍ നിന്ന് പൊലീസ് കണ്ടെത്തിയത്. മുഹമ്മദ് അസീം ഖാന്‍, ഡോക്ടര്‍ എന്ന പേരില്‍ അറിയപ്പെടുന്ന അഖീല്‍ അഹമ്മദ്, അകില്‍ മുഹമ്മദ്, നിതിന്‍ പട്ടേല്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ഏതാനും മാസമായ തുടര്‍ച്ചയായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് സംഘം വലയിലായത്. അടുത്തിലെ അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ ജിതേന്ദര്‍ കുമാറിന് ലഭിച്ച സൂചനയാണ് സംഘത്തിനെ പിടികൂടാന്‍ നിര്‍ണായകമായതെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്. ദില്ലിയിലെ ആനന്ദ് വിഹാറില്‍ ഐഎസ്ബിടിയില്‍ പിലിഭിത്ത് സംഘത്തിന്‍റെ വലിയൊരു കണ്‍സൈന്‍മെന്‍റ് കൈമാറ്റം നടക്കുന്നുവെന്ന വിവരമാണ് പൊലീസിന് സഹായകമായത്. ഓഗസ്റ്റ് 30നാണ് ഈ വിവരം ലഭിച്ചതെന്ന് ദില്ലി പൊലീസ് ഇന്ത്യ ടുഡേയോട് പ്രതികരിച്ചത്.

യുപിയിലെ വിവിധ കള്ളനോട്ടടി സംഘത്തിന്‍റെ വിവിരം ഇവരില്‍ നിന്ന് ലഭിച്ചതായി പൊലീസ് വിശദമാക്കുന്നു. നിതിന്‍ പട്ടേല്‍ എന്ന 46കാരനായിരുന്നു സംഘത്തിലെ പ്രധാനിയെന്നാണ് വിവരം. ഇവരില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച നടത്തിയ റെയ്ഡില്‍ ഒരു വര്‍ക്ക്ഷോപ്പില്‍ നിന്ന് കളര്‍ സ്കാനറുകളും, പ്രിന്‍ററുകളും മഹാത്മാ ഗാന്ധിയുടെ ലോഗോയോട് കൂടിയ ട്രെയ്സിംഗ് പേപ്പറും അടക്കമുള്ള നോട്ട് നിര്‍മ്മാണ ഉപകരണങ്ങളും പിടിച്ചെടുത്തു. ഡോക്ടറുടെ നേതൃത്വത്തില്‍ 2012 മുതല്‍ സംഘം വ്യാജനോട്ട് നിര്‍മ്മിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘം വിശദമാക്കുന്നത്. പ്രാദേശികമായുള്ള ഒരു പ്രിന്‍റ് വാങ്ങി വ്യാജനോട്ടടിച്ച സംഘം ലക്ഷക്കണക്കിന് രൂപയുടെ വ്യാജ നോട്ട് പ്രചരിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് വിശദമാക്കി.                                              

click me!