തൊടുപുഴയിൽ ആക്രമണത്തിനിരയായ കുട്ടിയുടെ പിതാവിന്റെ മരണത്തിലും ദുരൂഹതയെന്ന് പരാതി

By Web TeamFirst Published Mar 31, 2019, 8:34 AM IST
Highlights

ആക്രമണത്തിനിരയായ കുട്ടിയുടെ അച്ഛൻ ബിജുവിന്റെ മരണത്തിലും ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ബിജുവിന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് ബാബു മുഖ്യമന്ത്രിക്ക് പരാതി നൽകി.

തൊടുപുഴ: തൊടുപുഴയില്‍ ഏഴു വയസ്സുകാരനെ ക്രൂരമായി മർദിച്ച  പ്രതി  അരുൺ ആനന്ദിനെതിരെ കൂടുതല്‍ പരാതികള്‍. ആക്രമണത്തിനിരയായ കുട്ടിയുടെ അച്ഛൻ ബിജുവിന്റെ മരണത്തിലും ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ബിജുവിന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് ബാബു മുഖ്യമന്ത്രിക്ക് പരാതി നൽകി. 2018 മെയ് മാസമാണ്  ബിജു മരിച്ചത് . 

ബിജുവിന്റെ മരണത്തെ തുടർന്നാണ് അരുൺ ആനന്ദുമായി പരിചയപ്പെട്ടതെന്ന് യുവതി വിശദമാക്കിയെങ്കിലും മരണം സംബന്ധിച്ച ദുരൂഹത ബാക്കിയാണ്. വിവാഹശേഷം കരിമണ്ണൂരിൽ യുവതിയുടെ വീട്ടിലാണ് ബിജു കഴിഞ്ഞിരുന്നത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട്. 
ഇടുക്കിയിൽ മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേയ്ക്ക് റിമാൻഡ് ചെയ്തു. യുവതിക്കെതിരെ നിലവിൽ കേസുകൾ എടുത്തിട്ടില്ല. യുവതിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം  ക്രൂരമർദ്ദനത്തിനിരയായ ഏഴുവയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ച അവസ്ഥയിലാണ്. വെന്‍റിലേറ്റർ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. നിലവിലുള്ള ചികിത്സ തുടരാനാണ് മെഡിക്കൽ സംഘത്തിന്‍റെ നിർദ്ദേശം. ഏഴ് വയസ്സുകാരനെ ക്രൂരമായ മർദ്ദിച്ചതിന് പുറമേ പ്രതി അരുൺ ലൈംഗിക അതിക്രമത്തിനും ഇരയാക്കിയെന്ന് കണ്ടെത്തിയിരുന്നു. കുട്ടിയെ പ്രതി അരുൺ പല തവണ ലൈംഗിക അതിക്രമത്തിന് ഇരയാക്കി. കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർമാരിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. 

കുട്ടിയെ അരുൺ നിരന്തരം മർദ്ദിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. അരുണിന്‍റെ ക്രിമിനൽ പശ്ചാത്തലം കൂടി അടിസ്ഥാനമാക്കിയാണ് കേസ് അന്വേഷണം. പിടികൂടുമ്പോൾ അരുണിന്‍റെ കാറിൽ മദ്യകുപ്പികൾക്കൊപ്പം കൈക്കോടാലിയും ഉണ്ടായിരുന്നു. കാറിന്‍റെ ഡിക്കിയിൽ നിന്ന് രണ്ട് പ്രഷർ കുക്കറുകൾ, സിഗരറ്റ് ലാബ്, ഒരു ബക്കറ്റ് എന്നിവ കണ്ടെടുത്തു. പ്രതിയുടെ വീട്ടിലെ എല്ലാ മുറികളിലും ആയുധങ്ങൾക്ക് സമാനമായ ഉപകരണങ്ങൾ സൂക്ഷിച്ചിരുന്നു. അരുൺ മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു.

പോക്സോയ്ക്കൊപ്പം വധശ്രമം, കുട്ടികൾക്ക് എതിരായ അതിക്രമം തുടങ്ങിയ വകുപ്പുകളാണ് പ്രതിയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. ഇളകുട്ടിയെ മർദ്ദിച്ചതിനെതിരെ പ്രത്യേക കേസെടുക്കുന്നത് പരിഗണനയിലാണ്.  തൊടപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയപ്പോൾ പൊലീസ് അരുണിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ല. അടുത്ത ദിവസം കസ്റ്റഡി അപേക്ഷ നൽകാനാണ് തീരുമാനം

click me!