
കോഴിക്കോട്: വിലങ്ങാട് വിഷുദിനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ 21കാരൻ അക്ഷയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ. മകൻ തൂങ്ങിമരിക്കാനുളള യാതൊരു സാധ്യതയുമില്ലെന്നും സംശയങ്ങളുന്നയിച്ചിട്ടും അന്വേഷണം നടത്തുന്ന കുറ്റ്യാടി പൊലീസ് മോശമായി പെരുമാറിയെന്നും അക്ഷയുടെ പിതാവ് സുരേഷ് ആരോപിച്ചു.
സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കോഴിക്കോട് റൂറൽ എസ്പിയെ സമീപിക്കാനിരിക്കുകയാണ് കുടുംബം.
നാദാപുരം എംഇടി കോളേജിലെ അവസാന വർഷ ബിബിഎ വിദ്യാർത്ഥിയായ അക്ഷയെ കഴിഞ്ഞമാസം 14ന് പുലർച്ചെയാണ് വീടിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൂട്ടുകാരെ കാണാൻ വീട്ടിൽ നിന്നിറങ്ങും വരെ യാതൊരു അസ്വാഭാവികതയും പെരുമാറ്റത്തിലുണ്ടായിരുന്നില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്.
മരത്തിന് മുകളിൽ തൂങ്ങിനിൽക്കുന്ന രീതിയിലായിരുന്നു മൃതദേഹം. എന്നാൽ ഇത്രയും വലിയ മരത്തിൽ കയറാൻ അക്ഷയ്ക്ക് സാധിക്കില്ലെന്നാണ് വീട്ടുകാരുടെ വാദം. വെളുത്ത ഷർട്ടായിരുന്നിട്ട് പോലും മരത്തിൽ കയറിയതിന്‍റെ ഒരു ലക്ഷണങ്ങളും വസ്ത്രത്തിലുണ്ടായിരുന്നില്ലെന്നും കുടുംബം.
അക്ഷയുടെ ഇരുചക്ര വാഹനം കിടക്കുന്ന രീതിയും സംശയമുണർത്തുന്നതാണെന്ന് പിതാവ് സുരേഷ്. എന്നാൽ ഈ സംശയങ്ങളുൾപ്പെടെ ഉന്നയിച്ചിട്ടും പൊലീസ് ചെവിക്കൊളളാത്തത് ആരെയോ സംരക്ഷിക്കാനെന്ന ആരോപണമാണ് കുടുംബാംഗങ്ങളുയർത്തുന്നത്
നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും ദുരൂഹത നീങ്ങാൻ മൃതദേഹം വീണ്ടും പോസ്റ്റ് മോർട്ടം നടത്തണമെന്നും കുടുംബം ആവർത്തിക്കുന്നു. അന്വേഷണം പൊലീസ് അട്ടിമറിച്ചെന്നാണ് കെ എസ് യു ആരോപണം. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‍യു ജില്ലാ നേതൃത്വം സമരത്തിനൊരുങ്ങുകയാണ്.
എന്നാൽ കുടുംബം ആരോപിക്കുന്നതരത്തിലുളള ദുരൂഹതകളില്ലെന്നാണ് കേസന്വേഷിക്കുന്ന കുറ്റ്യാടി പൊലീസിന്‍റെ വിശദീകരണം. നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റ്യാടി പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam