
റായ്പൂർ: നിരന്തര ശല്യവും ലൈംഗിക പീഡനവും സഹിക്കാനാകാത്തതിനെ തുടർന്ന് യുവാവ് മുതലാളിയെ കൊലപ്പെടുത്തി. ചത്തീസ്ഗണ്ഡിലെ റായ്ഘട്ടിലാണ് സംഭവം. കരാറുക്കാരനായ സന്ദീപ് സിംഗ് ആണ് കൊല്ലപ്പെട്ടത്. കേസിൽ 28കാരൻ ശങ്കർ കുമാർ പസ്വാനെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം മാനസസരോവർ അണക്കെട്ടിന് സമീപം ആളൊഴിഞ്ഞ പ്രദേശത്തുനിന്ന് ശരീരമില്ലാതെ തല മാത്രം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. കൊലപാതകത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ; കരാറടിസ്ഥാനത്തിലാണ് കൊല്ലപ്പെട്ട സന്ദീപ് സിംഗ് പ്രതി ശങ്കറിന് ജോലി നൽകിയിരുന്നത്. പിന്നീട് ശങ്കറിനെ ശരീരകബന്ധത്തിലേർപ്പെടുന്നതിന് സന്ദീപ് നിർബന്ധിക്കാൻ തുടങ്ങി. താൻ പറയുന്നത് അനുസരിച്ചില്ലെങ്കിൽ ജോലിയിൽ നിന്ന് പറഞ്ഞുവിടുമെന്ന് പറഞ്ഞ് ശങ്കറിനെ സന്ദീപ് ഭീഷണിപ്പെടുത്തുമായിരുന്നു.
ജോലി പോകുമെന്ന് ഭയന്ന് സന്ദീപ് പറയുന്നിടത് ആവശ്യപ്പെടുമ്പോഴെല്ലാം ശങ്കർ പോകും. കഴിഞ്ഞ രണ്ട് വർഷത്തോളം ഇത് തുടർന്നു. ഒടുവിൽ സന്ദീപിന്റെ ശല്യം സഹിക്കാനാകാതെ വന്നപ്പോൾ അയാളെ കൊല്ലാൻ ശങ്കർ തീരുമാനിച്ചു. അങ്ങനെ ഒക്ടോബർ 18ന് രാത്രി സന്ദീപ് ആവശ്യപ്പെട്ടപ്രകാരം ശങ്കർ അയാളുടെ വീട്ടിലെത്തി. തന്നെ ലൈംഗികബന്ധത്തിലേർപ്പെടാൻ നിർബന്ധിക്കുകയാണെങ്കിൽ സന്ദീപിനെ കൊല്ലണമെന്ന് ഉറപ്പിച്ച ശങ്കർ കയ്യിലൊരു കത്തിയും കരുതിയിരുന്നു.
ശങ്കർ വീട്ടിലെത്തിയ ഉടനെ സന്ദീപ് അയാളെ മദ്യപിക്കാനായി ക്ഷണിച്ചു. തുടർന്ന് ഇരുവരും മദ്യപിക്കുന്നതിനിടെ സന്ദീപ്, ശങ്കറിനെ കയറിപിടിക്കാൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ച ശങ്കർ സന്ദീപിനെ ആക്രമിക്കുകയും കഴുത്തറക്കുകയും ചെയ്തു. പിന്നീട് മൃതദേഹം മൂന്നായി അറുത്ത് പ്ലാസ്റ്റിക് ബാഗുകളിലാക്കി മൂന്നിടങ്ങളിൽ വലിച്ചെറിയുകയായിരുന്നുവെന്ന് റായിഘട്ട് എസ്‍പി സന്തോഷ് സിംഗ് പറഞ്ഞു.
ശങ്കറിന്റെ കൂടെയാണ് സന്ദീപിനെ അവസാനമായി കണ്ടതെന്ന സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ശങ്കറിലെത്തിയത്. ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതി പൊട്ടിക്കരഞ്ഞ് കുറ്റം സമ്മതിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam