
കൊച്ചി: ബലാത്സംഗക്കേസിൽ അറസ്റ്റിലായ സിനിമ നിർമാതാവ് യുവതിയെ പീഡിപ്പിച്ചത് 15 വർഷത്തിലേറെ. നിർമ്മാതാവും വ്യവസായിയുമായ മാർട്ടിൽ സെബാസ്റ്റ്യനാണ് പിടിയിലായത്. തൃശൂർ സ്വദേശിനിയുടെ പരാതിയിലാണ് കൊച്ചി പൊലീസ് മാർട്ടിനെ അറസ്റ്റ് ചെയ്തത്. സിനിമയിൽ അവസരവും വിവാഹവാഗ്ദാനവും നൽകി 15 വർഷത്തിലേറെയാണ് മാർട്ടിൽ സെബാസ്റ്റ്യൻ പീഡിപ്പിച്ചതെന്നാണ് യുവതി പരാതി നൽകിയത്.
വയനാട് മുംബൈ, തൃശ്ശൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ വച്ചാണ് പീഡിപ്പിച്ചത്.
78 ലക്ഷത്തിലധികം രൂപയും 80 പവൻ സ്വർണവും വ്യവസായിയായ മാർട്ടിൻ തട്ടിയെടുത്തെന്നും യുവതി ആരോപിക്കുന്നുണ്ട്. ഡിസംബറിൽ കേസെടുത്തെങ്കിലും ഹൈക്കോടതി മാർട്ടിന് മുൻകൂർ ജാമ്യം നൽകി. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരാവണമെന്ന് നിർദേശിച്ചായിരുന്നു ജാമ്യം. ഇത് പ്രകാരം ഇന്നലെ ചോദ്യം ചെയ്യൽ നടന്നു. ഇന്ന് വീണ്ടും ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മാർട്ടിനെ വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
1986 - 92 കാലഘട്ടത്തിലെ ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പ് കേസിൽ അന്വേഷണം നേരിട്ട വിവാദ വ്യവസായിയാണ് മാർട്ടിൻ. തട്ടിപ്പ് വിവാദത്തിന് ശേഷം സി എസ് മാർട്ടിൻ എന്ന പേരുമാറ്റി മാർട്ടിൻ സെബാസ്റ്റ്യനായി സിനിമാ നിർമ്മാണത്തിൽ വീണ്ടും സജീവമാവുകയായിരുന്നു. അതേസമയം, കൊച്ചിയിൽ പെൺകുട്ടിയെ പീഡിപ്പിച്ച മൂന്ന് പേർ അറസ്റ്റിലായി. സുഹൃത്തിനൊപ്പം യാത്ര ചെയ്തിരുന്ന മുബൈ സ്വദേശിയായ 19കാരിയെയാണ് മൂന്നംഗ സംഘം ഉപദ്രവിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ബൈക്കില്‍ ആൺ സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് പെണ്‍കുട്ടിക്ക് നേരെ ആക്രണണമുണ്ടായത്. ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ പെൺകുട്ടിയുടെ മൊബൈല്‍ ഫോൺ നഷ്ടമായിരുന്നു. ഇത് തെരയുന്നതിനിടെ എറണാകുളം കോന്തുരുത്തി സ്വദേശികളായ മനോജ് കുമാർ, അരുൺ, സനു എന്നീ യുവാക്കള്‍ ഇവരുടെ അടുത്തെത്തി. മൊബൈല്‍ ഫോൺ കണ്ടെടുക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി ഇരുവരേയും വാഹനത്തില്‍ കയറ്റി. നഗരത്തില്‍ ഏറെ നേരം കറങ്ങിയതോടെ ഭയന്ന പെൺകുട്ടിയുടെ സുഹൃത്ത് വാഹനത്തില്‍ നിന്നും ഇറങ്ങി ഓടി രക്ഷപെട്ടു. ഒറ്റയ്ക്കായതോടെ മൂന്നംഗ സംഘം വാഹനത്തില്‍ വച്ച് ലൈംഗീകമായി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam