അപൂര്‍വ്വ ലോഹമായ ഇറിഡിയത്തിന്‍റെ പേരില്‍ തട്ടിപ്പ്; സിനിമാ നിര്‍മ്മാതാവില്‍ നിന്ന് തട്ടിയത് 5 കോടി

By Web TeamFirst Published Oct 26, 2019, 10:35 AM IST
Highlights

 അതിമാനുഷിക ശക്തിയുള്ള ഇറിഡിയത്തിന് ആവശ്യക്കാര്‍ ഏറെയാണെന്നും പ്രതിരോധസേന പോലും ഇത് ഉപയോഗിക്കുന്നുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു...

മുംബൈ: ബോളിവുഡ് സിനിമാ നിര്‍മ്മാതാവും സംവിധായകനുമായ വിപുല്‍ ഷായെയും ബിസിനസ് പാര്‍ട്ണറുടെയും കയ്യില്‍ നിന്ന് പണം തട്ടിയ സംഭവത്തില്‍ മൂന്ന് നാഗ്പൂര്‍ സ്വദേശികള്‍ക്കെതിരെ കേസെടുത്തു. ഇറിഡിയം ബിസിനെസിന് പണം നിക്ഷേപിക്കാനെന്ന പേരില്‍ അഞ്ച് കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. സംഭവത്തില്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. 

ഇറിഡിയം എന്ന 'അത്ഭുത ലോഹ'ത്തിന്‍റെ പേരില്‍  തട്ടിപ്പുകള്‍ നടത്തിയതായി നിരവധി കേസുകളാണ് നിലവിലുള്ളത്. സിംഗ് ഈസ് കിംഗ്, കമാന്‍ഡോ, ഫോഴ്സ് തുടങ്ങിയ നിരവധി ചിത്രങ്ങളുടെ സംവിധായകനാണ് വിപുല്‍ ഷാ. വിപുല്‍ ഷായുടെ പരാതിയില്‍ പറയുന്നതിങ്ങനെ;  വിപുല്‍ ഷായെയും സുഹൃത്തിനെയും അവരുടെ പ്രൊഡക്ഷന്‍ ഹൗസിലെത്തിയാണ് 2010 ല്‍ പ്രതി കണ്ടത്. സിനിമാ നിര്‍മ്മാണത്തില്‍ 100 കോടി രൂപ നിക്ഷേപിക്കാമെന്നും അയാള്‍ പറഞ്ഞു. 

പുരാതന വസ്തുക്കളും ബ്രിട്ടീഷ് കാലത്തെ ലോഹങ്ങളും ശേഖരിക്കുന്ന ബിസിനസ് ആണ് ചെയ്തിരുന്നതെന്നും അതില്‍ ഇറിഡിയം എന്ന അപൂര്‍വ്വ ലോഹം അടങ്ങിയിട്ടുണ്ടെന്നും ഇയാള്‍ ഇവരോട് പറഞ്ഞു.  അതിമാനുഷിക ശക്തിയുള്ള ഇറിഡിയത്തിന് വലിയ ഡിമാന്‍റ് ആണെന്നും പ്രതിരോധസേന പോലും ഇത് ഉപയോഗിക്കുന്നുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു.

വിപുല്‍ ഷായ്ക്കും സുഹൃത്തിനും തങ്ങളുടെ ബിസിനസില്‍ നിക്ഷേപിക്കാന്‍ അവസരം നല്‍കാമെന്നും വാഗ്ദാനം ചെയ്തു. താനും സുഹൃത്തും ഇവര്‍ക്കൊപ്പം രാജ്യം മുഴുവന്‍ സഞ്ചരിച്ചുവെന്നും പണം പ്രതികളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തെന്നും ഷാ പരാതിയില്‍ പറയുന്നു. അ‍ഞ്ച് കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. 
 

click me!