തൃശൂർ അന്തിക്കാട്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 5 പേര്‍ പിടിയില്‍

By Web TeamFirst Published Jun 28, 2020, 10:29 PM IST
Highlights

കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് പെരിങ്ങോട്ടുകര സ്വദേശിയായ യുവാവിനെ സംഘടിച്ചെത്തിയ പ്രതികൾ വെട്ടിപരിക്കേൽപ്പിച്ചത്. മുൻ വൈരാഗ്യമായിരുന്നു അക്രമത്തിന് കാരണം

അന്തിക്കാട്ട്: തൃശൂർ അന്തിക്കാട്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചു പേരെ പൊലീസ് പിടികൂടി. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. അക്രമികൾ ഉപയോഗിച്ച വടിവാളടക്കമുള്ള ആയുധങ്ങളും പൊലീസ് കണ്ടെത്തി. അന്തിക്കാട് സ്വദേശികളായ നിധിൻ, വിവേക്, നൃപൻ, വിനയൻ, ഷംശീർ എന്നിവരേയാണ് പൊലീസ് പിടികൂടിയത്. 

അക്രമി സംഘം ഒളിച്ചു താമസിച്ചിരുന്ന പെരിങ്ങോട്ടുകരയിലെ ഒഴിഞ്ഞ സ്ഥലത്ത് നിന്നാണ് അന്തിക്കാട് പൊലീസ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് പെരിങ്ങോട്ടുകര സ്വദേശിയായ യുവാവിനെ സംഘടിച്ചെത്തിയ പ്രതികൾ വെട്ടിപരിക്കേൽപ്പിച്ചത്. മുൻ വൈരാഗ്യമായിരുന്നു അക്രമത്തിന് കാരണം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കാറിലെത്തിയ അക്രമിസംഘം വടിവാളും മറ്റുമായി റോഡിൽ നിൽക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. 

ഇതിൽ നിന്നുമാണ് പ്രതികളെ തിരിച്ചറിയാനായത്. പ്രതികളിൽ ഒരാളായ പെരുങ്ങാട്ടുകര സ്വദേശി യദുകൃഷ്ണയെ ഇതുവരേയും പിടികൂടാനായിട്ടില്ല. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്. അറസ്റ്റ് ചെയ്ത പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. ഇവർ ഒളിവിൽ താമസിച്ചിരുന്ന സ്ഥലത്ത് നിന്നും വടിവാളടക്കമുള്ള ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. 

click me!