വൈകിയെത്തിയത് ചോദ്യം ചെയ്തു; യുവാവിനെ സ്വി​ഗി ഡെലിവറി ബോയ് പൊതിരെ തല്ലി

By Web TeamFirst Published Nov 6, 2019, 11:19 AM IST
Highlights

ഭക്ഷണം എത്തിക്കാൻ വൈകിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലാണ് ഡെലിവറി ബോയി സുഹൃത്തുക്കളുമായെത്തി ഉപഭോക്താവിനെ മർദ്ദിച്ചത്. 

ചെന്നൈ: ഓർഡർ ചെയ്ത ഭക്ഷണം എത്തിക്കാൻ വൈകിയത് ചോദ്യം ചെയ്ത യുവാവിന് സ്വി​ഗി ഡെലിവറി ബോയിയുടെ മർദ്ദനം. ബാലാജി എന്നയാൾക്കാണ് മർദ്ദനമേറ്റത്. ചെന്നൈയിൽ ഞായറാഴ്ചയാണ് സംഭവം. കേസിൽ ഡെലിവറി ബോയി ഉൾപ്പടെ അഞ്ച് പേരെ പൊലീസ് അറ്സറ്റ് ചെയ്തു.

സംഭവം നടന്ന ദിവസം രാത്രിയാണ് ബാലാജി സ്വി​ഗിയിൽ ഭക്ഷണം ഓർഡർ ചെയ്തത്. ഭക്ഷണം എത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാതായപ്പോൾ ബാലാജി കസ്റ്റമർ കെയറിൽ വിളിച്ച് പരാതിപ്പെട്ടു. ഇതിന് പിന്നാലെ ഭക്ഷണവുമായി വീട്ടിലെത്തിയ ഡെലിവറി ബോയിയുമായി യുവാവ് തർക്കത്തിലായി. തുടർന്ന് സുഹൃത്തുക്കളുമായി എത്തിയ ഡെലിവറി ബോയി ബാലാജിയെ വീട്ടിൽവച്ച് മർദ്ദിക്കുകയായിരുന്നു.

ബാലാജിയുടെ പരാതിയിലാണ് ഡെലിവറി ബോയി ഡി രാജേഷ് ഖന്നയെ ഉൾപ്പടെ അഞ്ച് പേരെ പൊലീസ് കസ്റ്റയിലെടുത്തത്. പിന്നീട് താക്കീത് നൽകി പ്രതികളെ പൊലീസ് വിട്ടയച്ചു. അതേസമയം, ഭക്ഷണം എത്തിക്കേണ്ട ലൊക്കേഷൻ ബാലാജി കൃത്യമായി നൽകിയിരുന്നില്ലെന്നും അതാണ് താമസിക്കാൻ കാരണമെന്നും‌ രാജേഷ് ഖന്ന പൊലീസിനോട് പറഞ്ഞു. ബാലാജി മദ്യപിച്ചിരുന്നുവെന്നും ഇയാൾ ആരോപിച്ചു. 

click me!