
പറളിക്കുന്ന്: വയനാട് പറളിക്കുന്ന് അബ്ദുൾ ലത്തീഫിന്‍റെ കൊലപാതകത്തിൽ (Paralikkunnu murder) നാല് പേർ കൂടി അറസ്റ്റിൽ. കേസിൽ നേരത്തെ റിമാൻഡിലായ ലത്തീഫിന്‍റെ രണ്ടാം ഭാര്യ ജസ്നയുടെ ബന്ധുക്കളാണ് അറസ്റ്റിലായത്. ജസ്നയുടെയും സഹോദരന്‍റെയും മൊഴിയിലെ വൈരുദ്ധ്യം കാരണം നടത്തിയ അന്വേഷണത്തിലാണ് ബന്ധുക്കൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
2020 ഡിസംബർ 20-ന് രാത്രി 10 മണിക്കാണ് അബ്ദുൽ ലത്തീഫ് രണ്ടാം ഭാര്യയുടെയും ബന്ധുക്കളുടെയും ക്രൂര മർദനമേറ്റ് കൊല്ലപ്പെട്ടത്. കമ്പളക്കാട് പറളിക്കുന്ന് ലക്ഷംവീട് കോളനിയിലെ ജസ്നയുടെ വീട്ടിൽ വെച്ചായിരുന്നു സംഭവം. കേസിലെ ദൂരൂഹതകൾ നീക്കാൻ അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് അബ്ദുൽ ലത്തീഫിന്‍റെ കൊലപാതകത്തിലേക്ക് നയിച്ചത്. കേസിൽ നേരത്തെ റിമാൻഡിലായ ജസ്നയും സഹോദരൻ ജംഷാനും ഈയിടെയാണ് പരോളിലിറങ്ങിയത്. ജസ്നയുടെ അമ്മ ഷാജിറ, അമ്മാവൻ നൗഷാദ്, നൗഷാദിന്‍റെ ഭാര്യ മൈമുന, ഖദീജ എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം ഇന്ന് അറസ്റ്റ് ചെയ്തത്. കൊല നടക്കുന്ന ദിവസം ഇവർ ജസ്നയുടെ വീട്ടിൽ ഉണ്ടായിരുന്നു. അന്വേഷണത്തിൽ കൊലപാതകത്തിൽ ഇവർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞതായി ക്രൈംബ്രാഞ്ച് അറിയിച്ചു.
കേസിൽ അറസ്റ്റിലായ പ്രതികളുടെ വീട്ടിൽ അന്വേഷണസംഘം പരിശോധന നടത്തി. നാല് പേരെയും ഉടൻ കോടതിയിൽ ഹാജരാക്കും. പ്രതി ജസ്നയുടെ മറ്റൊരു സഹോദരൻ വീടിനോട് ചേർന്ന കിണറിൽ വീണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചതും വിവാദമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam