
പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ ഇന്ന് നാല് സാക്ഷികളെ വിസ്തരിച്ചു. പൊലീസ് ഉദ്യോഗസ്ഥരായ സാക്ഷികൾ പ്രോസിക്യൂഷൻ അനുകൂല മൊഴിയിൽ തന്നെ ഉറച്ചു നിൽക്കുകയാണ്. ഇന്നലെ വിസ്താരം പൂർത്തിയാകാതിരുന്ന 97-ാം സാക്ഷിയും സൈബർ സെൽ അംഗവുമായ വി.വിനുവിൻ്റെ വിസ്താരവും ഇന്ന് പൂർത്തിയായി
.
ഇൻ്റർനെറ്റ് ആക്സസ് ഉണ്ടെങ്കിൽ റിമോട്ട് കൺട്രോളായിട്ട് ഫോൺ പ്രവർത്തിപ്പിക്കാൻ കഴിയും. ഇത് തടയാനാണ് കസ്റ്റഡിയിലെടുത്ത ഫോണുകൾ ബ്രൌൺ പേപ്പറിന് പുറമെ, അലുമിനിയം ഫോയിൽ പേപ്പറും ഉപയോഗിച്ച് പൊതിഞ്ഞ് സൂക്ഷിച്ചതെന്ന് പ്രതിഭാഗത്തിൻ്റെ ചോദ്യത്തിനിടെ സാക്ഷി വിശദീകരിച്ചു.
എന്തു കൊണ്ടാണ് മധുകൊലക്കേസുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലെ ദൃശ്യങ്ങൾ ശേഖരിക്കാൻ വൈകിയതെന്നും പ്രതിഭാഗം ചോദിച്ചു. ലോകത്താകെ ഫെയ്സ്ബുക്കിന് അയർലൻഡ് കേന്ദ്രമായി ഒരു ഫെയ്സ്ബുക്ക് ലോ എൻഫോഴ്സ്മെന്റ് സെന്ററാണുള്ളതെന്നും, അവിടെ നൽകുന്ന അപേക്ഷകൾ ക്രമപ്രകാരം മാത്രമേ തീർപ്പാക്കൂകയുള്ളൂവെന്നും ഇതാണ് വീഡിയോ ദൃശ്യങ്ങൾ ശേഖരിക്കാൻ കാലതാമസം നേരിടാൻ കാരണമെന്നും അദ്ദേഹം മൊഴി നൽകി.
കേസിലെ 104 മുതൽ 107 വരെയുള്ള സാക്ഷികളെ നാളെ വിസ്തരിക്കും. കാഴ്ച പരിശോധനയ്ക്കു വിധേയനായ സാക്ഷി സുനിൽകുമാറിനെതിരെ നടപടി സ്വീകരിക്കണമെന്ന പ്രോസിക്യൂഷൻ്റെ ഹർജി തീർപ്പാക്കുന്നതിൻ്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ടി.കെ.സുബ്രഹ്മണ്യനെ കോടതി ഇന്ന് വിസ്തരിച്ചു.
'കുറ്റബോധം മാറിക്കിട്ടിയെന്ന് നേരത്തെ കൂറുമാറിയ സാക്ഷി' മധു കേസിൽ കോടതി മുറിയിലെ നാടകീയ സംഭവങ്ങൾ
നിയമ വ്യവസ്ഥയിൽ കൂറുമാറിയ സാക്ഷികളെ പുനർവിസ്താരം ചെയ്യുന്നത് അപൂർവമാണ്. ആ സാക്ഷികൾ പ്രോസിക്യൂഷൻ അനുകൂലമായി മൊഴി തിരുത്തി പറുന്നത് അസാധാരണവും. മധു കൊലക്കേസ് വിചാരണയ്ക്കിടെയുള്ള നാടകീയതകൾ തുടരുകയാണ്.
പ്രതികളെ പേടിച്ചിട്ടാണ് കൂറുമാറിയതെന്ന് കക്കി
കേസിലെ പതിനെട്ടാം സാക്ഷി കാളി മുപ്പൻ, പത്തൊമ്പതാം സാക്ഷി കക്കി എന്നിവരെയാണ് ഇന്ന് പുനർ വിസ്താരത്തിന് വിളിപ്പിച്ചത്. മുമ്പ് ജൂലൈ 29ന് കാളിയേയും ജൂലൈ 30ന് കക്കിയേയും വിസ്തരിച്ചിരുന്നു. അന്ന് ഇരുവരും കൂറുമാറിയവരാണ്. പൊലീസിന് കൊടുത്ത മൊഴിയാണ് ഇരുവരും അന്ന് തിരുത്തിയത്. ഇതോടെ കൂറുമാറിയവരായി പ്രഖ്യാപിച്ചു. ഇരുവരേയും പുനർവിസ്താരം ചെയ്തപ്പോൾ കഥമാറി. പത്തൊമ്പതാം സാക്ഷി കക്കി കൂറുമാറ്റത്തിൻ്റെ കഥ പറഞ്ഞു. വിസ്താരത്തിന് വിളിപ്പിച്ച സമയത്ത് പ്രതികൾ ജാമ്യത്തിലായിരുന്നു. എല്ലാ പ്രതികളും നാട്ടുകാരാണ്. അവരെ ഭയന്നാണ് അന്ന് പ്രതികൾക്ക് അനുകൂലമായി മൊഴി നൽകിയത്. കോടതിയിൽ കള്ളം പറയുന്നത് തെറ്റല്ലേ എന്ന് ജഡ്ജ് ചോദിച്ചപ്പോൾ, കക്കി ക്ഷമ ചോദിച്ചു. പിന്നാലെ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. പ്രതികൾ മധുവിനെ പിടിച്ച് കൊണ്ടുവരുന്നത് കണ്ടെന്നും, രണ്ടാം പ്രതിയോട് മധു അജമലയിൽ ഉണ്ടെന്ന കാര്യം പങ്കുവച്ചതൊക്കെ കോടതിയിൽ സമ്മതിച്ചു. പ്രതികളെയും സാക്ഷി തിരിച്ചറിഞ്ഞു.