
കൊച്ചി: കൊച്ചി പള്ളുരുത്തിയിൽ നാല് വയസുകാരന് ട്യൂഷൻ അധ്യാപകന്‍റെ ക്രൂര മ൪ദ്ദന൦. ഇംഗ്ലീഷ് അക്ഷരമാല എഴുതാത്തതിനെ ചൊല്ലിയാണ് അധ്യാപകനായ നിഖിൽ വിജയകൃഷ്ണ മർദ്ദിച്ചതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. സംഭവത്തില്‍ പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്ത പ്രതി റിമാൻഡിലാണ്.
അക്ഷരങ്ങളുടെ ലോകത്തേയ്ക്ക് പിച്ചവയ്ക്കുന്ന പ്രായത്തിൽ അക്ഷരമാല എഴുതാത്തതിലും പറയാത്തതിലും കുരുന്നിനെ മർദ്ദിച്ച് അധ്യാപകൻ. പള്ളുരുത്തി സ്വദേശിയായ നിഖിൽ നടത്തുന്ന തക്ഷശില എന്ന ട്യൂഷൻ സെന്‍ററിൽ കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായിരുന്നു സംഭവം. ചൊവ്വാഴ്ച വീട്ടിലെത്തിയ മകന് പനി കൂടിയതോടെ അച്ഛനും അമ്മയും ആശുപത്രിയിലെത്തിച്ചു. ഇവിടെ വെച്ചാണ് ദേഹമാസകലം ചൂരൽ പാടുകളും, അടി കൊണ്ട് നീര് വെച്ച കാലുകളും ശ്രദ്ധയിൽപ്പെടുന്നത്. തുടര്‍ന്ന് കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് അധ്യാപകന്‍ മര്‍ദ്ദിച്ച കാര്യം അറിയുന്നത്. ഉടന്‍ മാതാപിതാക്കൾ പള്ളുരുത്തി പൊലീസില്‍ പരാതി നല്‍കി.
മകന്‍റെ ദേഹമാസകലം അടിച്ചതിന്റെ പാടുകളുണ്ടെന്ന് കുട്ടിയുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്തിനാണ് അടിച്ചതെന്ന് നിഖിലിനോട് ചോദിച്ചപ്പോൾ ഓ൪മയിലിരിക്കാൻ വേണ്ടിയാണെന്നാണ് മറുപടി പറഞ്ഞതെന്നും കുട്ടിയുടെ അമ്മ പറയുന്നു. 'A' എന്ന് എഴുതാത്തതിനാണ് മകനെ അടിച്ചത്. കുട്ടി മാനസികമായി തളർന്ന് പോയിയെന്നും അത് കൊണ്ടാണ് പൊലീസിൽ പരാതി നൽകിയതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. സ്കൂളിൽ നിന്ന് വന്ന ശേഷം മകന് സമപ്രായക്കാർക്കൊപ്പം സമയം ചിലവിടാമല്ലോ എന്ന് കരുതിയാണ് ട്യൂഷന് അയച്ചതെന്ന് അമ്മ പറയുന്നത്.
കുരുന്നിനെ മർദ്ദിച്ചതിന് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പള്ളുരുത്തി പൊലീസ് കേസെടുത്തിരിക്കുന്നത്. എംകോം, ബിഎഡ്, സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവുമുള്ള നിഖിൽ വിജയകൃഷ്ണ പള്ളുരുത്തി കച്ചേരിപ്പടിയിലാണ് ട്യൂഷനും കൗൺസിലിംഗ് കേന്ദ്രവും നടത്തുന്നത്. സംഭവത്തിൽ ഇടപെട്ട ജില്ലാ ശിശുക്ഷേമ സമിതി കുട്ടിക്ക് ഉടൻ കൗൺസിലിംഗ് നൽകുമെന്നും നിയമസഹായം ഉറപ്പാക്കുമെന്നും അറിയിച്ചു.