ബൈക്കുകളില്‍ ലിഫ്റ്റ് ചോദിച്ച് കഞ്ചാവ് കടത്തിയിരുന്നയാള്‍ പിടിയില്‍

By Web TeamFirst Published Apr 15, 2019, 10:34 AM IST
Highlights

തെരഞ്ഞെടുപ്പ് പ്രമാണിച്ച് എക്സൈസ് പോലീസ് എന്നിവരുടെ കര്‍ശന പരിശോധന മറികടന്ന് ലഹരിവസ്തുക്കള്‍ കടത്താനാണ് പുതിയ രീതി ആവിഷ്കരിച്ചത്.

ആലപ്പുഴ: ബൈക്കുകളില്‍ ലിഫ്റ്റ് ചോദിച്ച് കഞ്ചാവ് കടത്തിയിരുന്നയാള്‍ പിടിയില്‍. ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി മാഹിന്‍ എന്ന 19 കാരനെയാണ് എറണാകുളം എക്സൈസ് പ്രത്യേക സ്ക്വാഡ് പിടിച്ചത്. ഇയാള്‍ ഒടുവില്‍ ലിഫ്റ്റ് ചോദിച്ചത് എക്സൈസുകാരനോട് തന്നെ ആയിരുന്നു എന്നതാണ് വാര്‍ത്തയിലെ ട്വിസ്റ്റ്.

തെരഞ്ഞെടുപ്പ് പ്രമാണിച്ച് എക്സൈസ് പോലീസ് എന്നിവരുടെ കര്‍ശന പരിശോധന മറികടന്ന് ലഹരിവസ്തുക്കള്‍ കടത്താനാണ് പുതിയ രീതി ആവിഷ്കരിച്ചത്. നേരിട്ട് ബൈക്കില്‍ കടത്തിയാല്‍ പിടിക്കപ്പെടും എന്നതിനാലാണ് അപരിചിതരായ ബൈക്ക് യാത്രക്കാരെ കരുവാക്കി കഞ്ചാവ് കടത്താന്‍ ഇയാള്‍ തയ്യാറായത്. 

എന്നാല്‍ ഇയാള്‍ ഇത്തരത്തില്‍ ലിഫ്റ്റ് ചോദിച്ചത് ഇത്തരക്കാരെ പിടിക്കാന്‍ നിയോഗിക്കപ്പെട്ട സ്പെഷ്യല്‍ ഷാഡോ സ്ക്വാഡ് അംഗത്തോടാണ്. ഇയാള്‍ കയറിയതോടെ കഞ്ചാവിന്‍റെ രൂക്ഷഗന്ധം അടിച്ചതോടെ ഇയാളെ പരിശോധിച്ച് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 

ഇരുചക്ര വാഹനയാത്രികരോട് ലിഫ്റ്റ് ചോദിച്ച് യാത്ര ചെയ്യുമ്പോള്‍ വാഹന പരിശോധന നടത്തേണ്ടിവന്നാല്‍ ഈ വാഹനങ്ങളിലെ കാരിയറിലേക്ക് തന്ത്രപരമായി തന്‍റെ കൈവശമുള്ള കഞ്ചാവ് കാരിബാഗ് തൂക്കിയിടുന്നതായിരുന്നു പ്രതിയുടെ രീതി. ഇതോടെ വാഹന പരിശോധനയില്‍പ്പെടുന്ന അപരിചിതനായ വാഹനഉടമയുടെ തലയിലാകും കുറ്റം.
 

click me!