
ദില്ലി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മായനന്ദക്കെതിരെ ആരോപണമുന്നയിച്ച യുവതിയെ കാണാതായ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. യുവതിയെ ദില്ലിയിലെ ഹോട്ടലില്‍ നിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.ആണ്‍ സുഹൃത്തിനൊപ്പമാണ് യുവതി ദില്ലിയിലുണ്ടെന്ന് സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇരുവരെയും ദ്വാരകയിലെ ഹോട്ടലില്‍ കണ്ടത്. ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ദില്ലിയിലെത്തിയെന്ന് പൊലീസിന് വ്യക്തമായത്.
അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് സ്വാമി ചിന്മായനന്ദിനെ വിളിച്ചെന്ന് പറയുന്ന പുരുഷ സുഹൃത്തിനൊപ്പമാണ് യുവതിയുള്ളത്. ഇരുവരും ഹോട്ടലില്‍ തിരിച്ചറിയല്‍ രേഖയായി നല്‍കിയ ആധാര്‍ കാര്‍ഡ് പൊലീസ് കണ്ടെടുത്തു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുര്‍ സ്വദേശികളാണ് പെണ്‍കുട്ടിയും യുവാവും. സ്വാമി ചിന്മയാനന്ദ ഡയറക്ടറായ ഷാജഹാന്‍പുരിലെ എസ്എസ് കോളേജിലെ നിയമബിരുദ വിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടി.
ചിന്മയാനന്ദ നിരവധി പെണ്‍കുട്ടികളുടെ ജീവിതം തകര്‍ത്തെന്നാരോപിച്ച് പെണ്‍കുട്ടി ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരോട് സഹായാഭ്യാര്‍ത്ഥനയും പെണ്‍കുട്ടി നടത്തിയിരുന്നു. ഇതിന് ശേഷമാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. പെണ്‍കുട്ടിയുടെ അച്ഛന്‍റെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്.
തനിക്കെതിരെയുള്ള ഗൂഢാലോചനയാണെന്ന് ആരോപണ വിധേയനായ സ്വാമി ചിന്മയാനന്ദ് വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടിയെ കാണാതായ ശേഷം തന്നെ ചിലര്‍ വിളിച്ച് അഞ്ച് കോടി രൂപ ആവശ്യപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam