
തിരുവനന്തപുരം: കടത്ത് സ്വർണം തട്ടിയെടുക്കുന്ന ‘പൊട്ടിക്കൽ’ തലസ്ഥാനത്തും. സ്വർണം കടത്ത് കേസിലെ പ്രതിയുടെ വീട് പരിശോധിക്കുന്നതിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വർണക്കടത്ത് സംഘം ആക്രമിച്ചു. കസ്റ്റംസ് സൂപ്രണ്ട് ദിനേശ് കുമാറിനെയും ഉദ്യോഗസ്ഥരെയുമാണ് സ്വർണക്കടത്ത് സംഘം ആക്രമിച്ചത്. വിമാനത്താവളം വഴി രാവിലെ സ്വർണം കടത്തിയ നെല്ലനാട് സ്വദേശി അസിമിന്റെ വീട് പരിശോധന നടത്തുന്നതിനിടെയാണ് ആക്രമണം. ആക്രമണത്തില്‍ സൂപ്രണ്ട് കൃഷ്ണകുമാറിനും ഡ്രൈവർ അരുണിനും പരിക്കേറ്റു. പൊന്നാനി സംഘത്തിനായി കൊണ്ട് വന്ന സ്വർണം അസിം മറ്റൊരു സംഘത്തിന് നൽകി. അസിമിനെ പിന്തുടർന്ന് പൊന്നാനി സംഘം വീട്ടിലെത്തി. ഇതിനിടയിലാണ് കസ്റ്റംസിന് വിവരം ലഭിക്കുന്നത്. സ്വർണവുമായി വീട്ടിലെത്തിയ അസിം കസ്റ്റംസിന്‍റെ കസ്റ്റഡിയിലാണ്. അസിം ദുബൈയിൽ നിന്ന് സ്വർണം കടത്തിയെന്ന് കസ്റ്റംസ് പറയുന്നു.
കഴിഞ്ഞ ദിവസം, കരിപ്പൂരിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് സ്വർണക്കടത്ത് കേസ് പ്രതി രക്ഷപ്പെട്ടിരുന്നു. വിമാനത്താവള വിമാന ജീവനക്കാരെ ഉപയോഗിച്ച് സ്വർണം കടത്തിയ സംഘത്തിലെ പ്രധാനിയായായ കൊണ്ടോട്ടി സ്വദേശി റിയാസാണ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് കാറിൽ രക്ഷപ്പെട്ടത്. ആക്രമണത്തില് മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. വിമാന താവള ജീവനക്കാരെ ഉപയോഗിച്ച് 5 കിലോയോളം സ്വർണ്ണം കടത്തിയ കേസിലെ പ്രതിയാണ് റിയാസ്.
Also Read: ഒരു കിലോയിലേറെ സ്വർണം വസ്ത്രത്തിലൊളിപ്പിച്ച് കടത്തി; കൊച്ചിയിൽ യുവാവ് പിടിയിൽ
ഒളിവിലായിരുന്ന റിയാസ് കൊച്ചിയിൽ നിന്നും കോഴിക്കോട്ടേക്ക് വരുന്നെന്ന് കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു. കരിപ്പൂരിൽ വച്ചു കുടുംബസമേതം വരികയായിരുന്ന റിയാസിന്റെ ആഡംബര കാർ കസ്റ്റംസ് തടഞ്ഞ് നിർത്തി. എന്നാൽ പ്രതി കാറിൽ നിന്നും ഇറങ്ങിയില്ല. കാർ തന്ത്രപൂർവ്വം സ്റ്റാർട്ട് ചെയ്ത് പെടുന്നനെ സ്പീഡിൽ പോകുകയായിരുന്നു. ഇതിനിടയിൽ പിന്നോട്ട് വീണ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കീഴ്ശ്ശേരി വരെ ഉദ്യോഗസ്ഥർ പ്രതിയെ പിന്തുടർന്നെങ്കിലും ഫലം ഉണ്ടായില്ല. വെള്ള നിറത്തിലുള്ള ആഡംബര കാർ പ്രതി ഗ്രേ നിറത്തിൽ ആക്കിയതിന് തെളിവുകൾ കസ്റ്റംസിന് ലഭിച്ചിരുന്നു. സംഭവത്തിൽ കരിപ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂട്ടാളികളായ ഷബീബ് ഹുസൈൻ, അബ്ദുൽ ജലീൽ എന്നിവരെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.