സൂഫിയാൻ, ഷാഫി, ഫിജാസ് - സ്വർണക്കടത്ത് ക്വട്ടേഷൻ കേസിൽ കൂട്ട ചോദ്യം ചെയ്യലിന് കസ്റ്റംസ്

By Web TeamFirst Published Jul 11, 2021, 12:51 PM IST
Highlights

കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷനുമായി ബന്ധപ്പെട്ട മുഴുവൻ ഗൂഡാലോചനയും പുറത്തുകൊണ്ടുവരാനാണ് കൊണ്ടോട്ടി പൊലീസ് പിടികൂടിയ പ്രതികളെ കസ്റ്റംസ് കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്. കൊടുവള്ളി സംഘത്തിലെ മുഖ്യസൂത്രധാരൻ സൂഫിയാനും ഇയാളുടെ സഹോദരൻ ഫിജാസും ഉൾപ്പെടെയുള്ളവരെയാണ് ചോദ്യം ചെയ്യുക.

കണ്ണൂർ: കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷനുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത സൂഫിയാൻ ഉൾപ്പടെ മുഴുവൻ പേരെയും ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. ഇവർക്കെതിരെ തെളിവുണ്ടെന്നും കസ്റ്റഡി അപേക്ഷയുമായി കോടതിയെ സമീപിക്കുമെന്നും കസ്റ്റംസ് അറിയിച്ചു. അതേസമയം, അർജുൻ ആയങ്കിയുടെ ഭാര്യയെയും, സിം കാർഡുകൾ എടുത്തു നൽകിയ പാനൂർ സ്വദേശിനി സക്കീനയെയും മൊഴിയെടുക്കാനായി നാളെ കൊച്ചിയിലേക്ക് വിളിപ്പിച്ചു.

കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷനുമായി ബന്ധപ്പെട്ട മുഴുവൻ ഗൂഡാലോചനയും പുറത്തുകൊണ്ടുവരാനാണ് കൊണ്ടോട്ടി പൊലീസ് പിടികൂടിയ പ്രതികളെ കസ്റ്റംസ് കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്. കൊടുവള്ളി സംഘത്തിലെ മുഖ്യസൂത്രധാരൻ സൂഫിയാനും ഇയാളുടെ സഹോദരൻ ഫിജാസും ഉൾപ്പെടെയുള്ളവരെയാണ് ചോദ്യം ചെയ്യുക.

നിലവിൽ അർജ്ജുൻ ആയങ്കിയെ ചോദ്യം ചെയ്തെങ്കിലും ഇയാളുടെ മൊബൈൽ ഫോൺ വീണ്ടെടുക്കാനാകാത്തത് തിരിച്ചടിയായിട്ടുണ്ട്. ടിപി വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന ഷാഫിയും കൊടി സുനിയുമാണ് അർജ്ജുൻ ആയങ്കിയുടെ സംഘത്തെ നിയന്ത്രിച്ചത് എന്നാണ് കസ്റ്റംസിന്‍റെ അനുമാനം. മുഹമ്മദ് ഷാഫിയോട് മറ്റന്നാൾ കൊച്ചിയിൽ എത്താൻ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഷാഫിയിൽ നിന്നും വിശദമായ മൊഴി എടുത്ത ശേഷമായിരിക്കും തുടർ നീക്കം. 

അർജ്ജുൻ ആയങ്കിയുടെ ഭാര്യ അമലയുടെ മൊഴിയിൽ വൈരുധ്യങ്ങളുള്ളത് കൊണ്ടാണ് നാളെ വീണ്ടും വിളിപ്പിക്കുന്നത്.  അർജ്ജുൻ ആയങ്കിയും കൂട്ടാളികളും ഉപയോഗിച്ചത് പാനൂർ സ്വദേശിനി സക്കീനയുടെ പേരിലെടുത്ത നാല് സിം കാർഡുകളാണെന്ന് തെളിഞ്ഞിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നാളെ കൊച്ചിയിലെത്താൻ സക്കീനയ്ക്ക് നോട്ടീസ് അയച്ചത്.

click me!