Latest Videos

കൊല്ലം ഇരവിപുരം സിഐയെ വെടിവെച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഗുണ്ട കീഴടങ്ങി

By Web TeamFirst Published Sep 30, 2019, 11:38 PM IST
Highlights
  • തിരുവോണ ദിവസം മാത്രം, ബാറിലുണ്ടായ കത്തികുത്തടക്കം നാല് ക്രിമിനൽ കേസിലാണ് മംഗല്‍ പാണ്ഡയെയും കൂട്ടാളികളെയും പൊലീസ് പ്രതിചേര്‍ത്തത്
  • ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയപ്പോഴാണ് ഇയാൾ സിഐയെ വിളിച്ച് ഭീഷണിപ്പെടുത്തിയത്

കൊല്ലം: ഇരവിപുരം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറായ സിഐയെ വെടിവെച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഗുണ്ട മംഗല്‍ പാണ്ഡെ കീഴടങ്ങി. ഒളിവിൽ കഴിയുകയായിരുന്ന പ്രതി പാലക്കാട് നോർത്ത് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്.

കൊല്ലത്ത് എത്തിച്ച് പ്രതിയെ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മംഗല്‍പാണ്ഡെ എന്ന് അറിയപ്പെടുന്ന എബിന്‍ പെരേര. കാപ്പ നിയമ പ്രകാരം പലതവണ ജയിലില്‍ കിടന്നിട്ടുണ്ട്. 

കഴിഞ്ഞ തിരുവോണ ദിവസം മാത്രം, ബാറിലുണ്ടായ കത്തികുത്തടക്കം നാല് ക്രിമിനൽ കേസിലാണ് മംഗല്‍ പാണ്ഡയെയും കൂട്ടാളികളെയും പൊലീസ് പ്രതിചേര്‍ത്തത്. ഇതോടെ ഒളിവിൽ പോയ പ്രതിക്കും കൂട്ടാളി നിയാസിനും വേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കി. ഇതിന് പിന്നാലെ ഇരവിപുരം സിഐ യുടെ ഔദ്യോഗിക നമ്പരിലേക്ക് വിളിച്ച മംഗല്‍ പാണ്ഡെ, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. 

ഗുണ്ടാ സംഘത്തെ പിടികൂടാനായി കൊല്ലം എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സായുധ സംഘത്തെ നിയോഗിച്ചു. അയൽ സംസ്ഥാനങ്ങളിലടക്കം അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മംഗൽ പാണ്ഡെയും നിയാസും കഴിഞ്ഞ ദിവസം പാലക്കാട് നോർത്ത് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിന് പൊലീസ് അടുത്ത ദിവസം തന്നെ കോടതിയെ സമീപിക്കും. 

മകന്‍ പ്രതിയായ കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് മംഗല്‍ പാണ്ഡെയുടെ അമ്മയ്ക്കെതിരെയും ഇരവിപുരം പൊലീസ് കേസെടുത്തിട്ടുണ്ട്. ഭീഷണിപ്പെടുത്തിയും പണം നല്‍കിയും വ്യാജ ജാമ്യക്കാരെ ഹാജരാക്കിയാണ് മംഗല്‍പാണ്ഡെ നേരത്തെ ചില കേസുകളില്‍ നിന്നു രക്ഷപെട്ടതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

click me!