
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം (Goonda Attack). തിരുവനന്തപുരം ധനുവച്ചപുരത്ത് നിർത്തിയിട്ടിരുന്ന ആംബുലൻസ് അടിച്ച് തകർത്തു. ധനുവച്ചപുരം സ്വദേശി ശരത്തിന്റെ ആംബുലൻസാണ് രാത്രി തകർത്തത്. വാളുകൊണ്ട് വെട്ടി കീറിയ നിലയിലാണ്. തുടർച്ചയായി ഗുണ്ടാ ആക്രമണം നടക്കുന്ന സ്ഥലത്താണ് ആക്രമണം നടന്നത്.
ഗുണ്ടകളുടെ തലസ്ഥാനം
സംസ്ഥാന തലസ്ഥാനത്ത് നിയമവാഴ്ചയേക്കാൾ ഗുണ്ടാവാഴ്ചയാണോ നടക്കുന്നതെന്ന് ആരും ചിന്തിക്കുന്ന വിധത്തിലാണ് കുറെ നാളുകളായി ഗുണ്ടാ ആക്രമണങ്ങള്‍ നടക്കുന്നത്. ഗുണ്ടാ നിയമം നോക്കുകുത്തിയായതും പൊലീസിന്‍റെ കെടുകാര്യസ്ഥതയുമാണ് തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടങ്ങള്‍ കൂടാൻ കാരണം എന്നാണ് ഉയരുന്ന വിമര്‍ശനം. കേരളത്തിന്‍റെ തലസ്ഥാനം ഗുണ്ടകളുടെ തലസ്ഥാനമായി മാറുന്ന നിലയാണ്. ഗുണ്ടകളെ അമര്‍ച്ച ചെയ്യണ്ട പൊലീസ് നോക്കുകുത്തിയായി നിൽക്കുമ്പോൾ ഭീതിയോടെയാണ് ജനം കഴിയുന്നത്.
തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്യുന്ന മിക്ക അക്രമ സംഭവങ്ങള്‍ക്കും പിന്നിൽ ലഹരി മാഫിയ സംഘങ്ങളാണുള്ളത്. ലഹരിയുടെ ഒഴുക്ക് തടയാൻ പൊലീസിനും - എക്സൈസിനും കഴിയുന്നില്ല. കുടിപ്പകക്കൊപ്പം ലഹരി അടിമകളായ സംഘം നിസ്സാരകാര്യങ്ങൾക്ക് പോലും തലസ്ഥാനത്ത് അക്രമം നടത്തുന്നു. ലഹരി മാഫിയയെ തടയാൻ പല പേരിലുള്ള പല ഓപ്പറേഷനുകളും നിലവിലുണ്ട്. പക്ഷെ ലഹരി വസ്തുക്കളുടെ ഒഴുക്ക് തടയാൻ കഴിയുന്നില്ല. സ്കൂൾ കുട്ടികൾ വരെ സംഘത്തിലെ കണ്ണികളാകുന്ന അതീവ ഗൗരവസ്ഥിതിയാണ് നിലവിലുള്ളത്.
Also Read: അമ്മാവൻമാർ ചേർന്ന് യുവാവിനെ നടു റോഡിലിട്ട് കുത്തി, സഹായത്തിന് കൈനീട്ടി, യുവാവ് രക്തം വാർന്ന് മരിച്ചു