
ഭോപാൽ: സഹപ്രവർത്തകർ അപവാദപ്രചരണം നടത്തിയതിൽ മനംനൊന്ത് മധ്യപ്രദേശിൽ സർക്കാർ ജീവനക്കാർ ജീവനൊടുക്കി. ബേതുല്‍ ജില്ലയിലെ ബയവാഡി എന്ന ഗ്രാമത്തിലാണ് സംഭവം. കിണറ്റിൽ ചാടിയാണ് ജീവനക്കാർ ജീവനൊടുക്കിയത്. ബേതുല്‍ നഗര്‍ പരിഷത്തിലെ ക്ലര്‍ക്കായ രജനി ദുണ്ഡെല (48), വാട്ടര്‍ അതോറിറ്റി ജീവനക്കാരനായ മിഥുന്‍ (29) എന്നിവരാണ് ജീവനൊടുക്കിയത്. എസ്ഡിആർഎഫ് സംഘമെത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഇരുവരെയും കാണാതായതോടെ നടത്തിയ തിരച്ചിലിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. മിഥുന്‍റെ ഫോണ്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്താണ് പൊലീസ് കിണറിന് സമീപത്തെത്തിയത്. ഇരുവരും മൊബൈല്‍ ഫോണുകളും ചെരിപ്പുകളും ബൈക്കും കിണറിനരികിൽ എടുത്തുവെച്ചാണ് ചാടിയത്.
ഇരുവരുടെയും ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തു. സഹപ്രവർത്തകർ നടത്തുന്ന അപവാദ പ്രചാരണങ്ങൾ സഹിക്കവയ്യാതെയാണ് ജീവനൊടുക്കാൻ തീരുമാനിച്ചതെന്ന് കുറിപ്പിൽ പറയുന്നു. രജനിയുടെ വീട്ടിൽനിന്നാണ് പൊലീസ് കുറിപ്പ് പൊലീസ് കണ്ടെത്തി. താനും മിഥുനും തമ്മിൽ വഴിവിട്ട ബന്ധമാണെന്ന് സഹപ്രവർത്തകർ പ്രചരിപ്പിച്ചുവെന്നും എന്നാൽ മിഥുൻ തനിക്ക് മകനെപ്പോലെയാണെന്നും കുറിപ്പിൽ പറയുന്നു. അപവാദപ്രചരണം കാരണം കടുത്ത മാനസിക സമ്മർദം നേരിട്ടു. ചിലരുടെ പേരെടുത്ത് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
ദിവസങ്ങളായി രജനി അസ്വസ്ഥയായിരുന്നുവെന്നും ഓഫീസിലെ സമ്മർദ്ദവും പീഡനവും സഹിക്കാൻ കഴിയുന്നില്ലെന്നും പറഞ്ഞതായി അവരുടെ കുടുംബം ആരോപിച്ചു. അവൾ കോളുകൾക്ക് മറുപടി നൽകാത്തപ്പോൾ വീട്ടിൽ ചെന്ന് നോക്കിയപ്പോൾ വീട് പൂട്ടിയിരിക്കുന്നതായി കണ്ടെത്തി. സിസിടിവിയിൽ അവർ ഭാർക്കവാഡിയിലേക്ക് നടക്കുന്നത് കണ്ടുവെന്നും കുടുംബം പറഞ്ഞു. മിഥുൻ രാത്രിയിൽ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നും സഹോദരൻ വിനയ് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയില്ല. കിണറിനടുത്ത് നിന്ന് അദ്ദേഹത്തിന്റെ ചെരിപ്പുകളും ബൈക്കും കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. ആത്മഹത്യാക്കുറിപ്പിന്റെ ആധികാരികത പരിശോധിച്ചുവരികയാണെന്നും മുനിസിപ്പൽ ജീവനക്കാരുടെ മൊഴികൾ രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)