കൊടുവള്ളിയിൽ പൊലീസിന്റെ കുഴൽപ്പണ വേട്ട; 8,74,000 രൂപയുമായി രണ്ടുപേർ പിടിയിൽ

By Web TeamFirst Published Jul 18, 2022, 6:28 PM IST
Highlights

പൊലീസിനെ കണ്ട് സ്കൂട്ടർ വെട്ടിച്ച് പോയ പ്രതികളെ പിന്തുടർന്ന് പിടികൂടുകയപ്പോഴാണ് കുഴല്‍പ്പണം കണ്ടെത്തിയത്.

കോഴിക്കോട്: കൊടുവള്ളിയിൽ പൊലീസിന്റെ കുഴൽപ്പണ വേട്ട. സ്കൂട്ടറിൽ കടത്തിയ കുഴൽപ്പണമായി രണ്ടു പേരെ കൊടുവള്ളി പൊലീസ് പിടികൂടി. കൊടുവള്ളി ചീടിക്കുന്നുമ്മൽ മുഹമ്മദ് ഫാദിൽ (18), ഓമശ്ശേരി എടക്കോട്ട് മുഹമ്മദ് ഷിഹാൻ(18) എന്നിവരാണ് പിടിയിലായത്. സ്കൂട്ടറിൽ ഒളിപ്പിച്ച 8,74,000 രൂപ പോലീസ് പിടിച്ചെടുത്തു.

കൊടുവള്ളി ഹൈസ്കൂൾ റോഡിൽ എസ് ഐ. എ.പി അനൂപ്, സി പി ഒ മാരായ റഹീം, സുമേഷ് എന്നിവരടങ്ങിയ സംഘം നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. പൊലീസിനെ കണ്ട് സ്കൂട്ടർ വെട്ടിച്ച് പോയ ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പണം കോടതിക്ക് കൈമാറുമെന്ന് എസ് ഐ അറിയിച്ചു.

അതിനിടെ കഴിഞ്ഞ മെയ് മാസം 18ന് കുഴല്‍പ്പണവുമായി ഇരുചക്ര വാഹനത്തില്‍ പോവുകയായിരുന്നയാളില്‍ നിന്നും പണം തട്ടിയെടുത്ത കേസിലലെ മുഖ്യപ്രതി  കീഴടങ്ങി.  മഞ്ചേരി വീമ്പൂരില്‍ വച്ച് കുഴല്‍പ്പണവുമായി പോയ ആളെ ബൈക്കിലെത്തി  ഇടിച്ചു വീഴ്ത്തി കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് 50 ലക്ഷം രൂപയുടെ കുഴല്‍പ്പണം കവര്‍ച്ച ചെയ്ത സംഭവത്തില്‍ മുഖ്യപ്രതിയായ എടവണ്ണ ചാത്തല്ലൂര്‍ സ്വദേശി ഉഴുന്നന്‍ അബ്ദുല്‍ നാസര്‍ മകന്‍ ഉഴുന്നന്‍ സുനീബ് (29)ആണ് ഇന്ന് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി മുമ്പാകെ കീഴടങ്ങിയത്.

Read More : കണ്ണിൽ മുളകുപൊടിയെറിഞ്ഞ് അരക്കോടിയുടെ കുഴൽപ്പണം കവർന്നു; കേസുണ്ടാകില്ല കരുതി, രണ്ടാം മാസം പ്രതി കീഴടങ്ങി

സംഭവത്തിനുശേഷം തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കഴിഞ്ഞു വരികയായിരുന്നു. നേരത്തെ കേസിലെ കൂട്ട് പ്രതിയെ ഡല്‍ഹിയില്‍ വെച്ച് മഞ്ചേരി പോലീസ് പിടികൂടിയിരുന്നു. പ്രതി പോലീസ് മുന്‍പാകെ കുറ്റം സമ്മതിച്ചു. ആഡംബര ജീവിതം നയിക്കാന്‍ ആണ് പ്രതി പണം ഉപയോഗിക്കുന്നത്, നിരവധി തവണ സമാന കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട പ്രതി ആദ്യമായാണ് പിടിക്കപ്പെടുന്നത്, കുഴല്‍പ്പണം ആയതിനാല്‍ പരാതി ഇല്ലാത്തതിനാല്‍ പ്രതി മുന്‍പ് രക്ഷപെടുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട എല്ലാവരുടെയും സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കുന്നതിനായി പോലീസ് എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ റിപ്പോര്‍ട്ട് നല്‍കും.
 

click me!