കൊച്ചിയിൽ പുറങ്കടലില്‍ നിന്ന് കോടികളുടെ ഹെറോയിന്‍ പിടികൂടി സംഭവം; പ്രധാന പ്രതി അറസ്റ്റില്‍

By Web TeamFirst Published Jun 25, 2022, 5:44 PM IST
Highlights

ശ്രീലങ്കൻ വംശജനായ ചെന്നൈ സ്വദേശി ബാലകൃഷ്ണൻ പെരിയ സാമി പിള്ളൈ ആണ് അറസ്റ്റിലായത്. ചെന്നൈയിലെ ഫ്ലാറ്റിൽ നിന്നാണ് പ്രതിയെ ഡിആർഐ പിടികൂടിയത്. 

കൊച്ചി: ലക്ഷദ്വീപ് തീരത്തെ 1500 കോടി രൂപയുടെ ലഹരിമരുന്ന് കടത്ത് കേസിൽ പ്രധാന പ്രതി അറസ്റ്റിലായി. ശ്രീലങ്കൻ വംശജനായ ചെന്നൈ സ്വദേശി ബാലകൃഷ്ണൻ പെരിയ സാമി പിള്ളയെ ചെന്നൈയിൽ നിന്നാണ് ഡിആർഐ പിടികൂടിയത്. ഇയാളുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ സുപ്രധാന രേഖകൾ കണ്ടെടുത്തെന്ന് ഡിആർഐ അറിയിച്ചു.

കഴിഞ്ഞ മാസം 20നാണ് കൊച്ചി പുറംകടലിൽ ലക്ഷദ്വീപിലെ അഗത്തിയ്ക്ക് സമീപത്ത് നിന്ന് 218 കിലോ ഹെറോയിൻ ഡിആർഐയും തീര സംരക്ഷണ സേനയും ചേർന്ന് പിടികൂടിയത്. രണ്ട് ബോട്ടുകളിലായിട്ടായിരുന്നു 1,500 കോടി രൂപ വില വരുന്ന ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. രണ്ട് മലയാളികളടക്കം 20 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെയും ഇവരുടെ ബന്ധങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് മുഖ്യപ്രതിയിലേക്ക് ഡിആർഐ എത്തിയത്. അറസ്റ്റിലായ ചെന്നൈ സ്വദേശി ബാലകൃഷ്ണൻ പെരിയ സാമി പിള്ള കൊലപാതക കേസുകളിലും നിരവധി ലഹരിമരുന്ന് കേസുകളിലും പ്രതിയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇയാൾ ഡിആർഐ നിരീക്ഷണത്തിലായിരുന്നു. പ്രതിയെ ചെന്നൈ എഗ്മോർ കോടതിയിൽ ഹാജരാക്കി ട്രാൻസിസ്റ്റ് വാറന്‍റ് നേടി കൊച്ചിയിലെത്തിച്ചു. എറണാകുളം ജില്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

കേസിൽ നേരത്തെ അറസ്റ്റിലായ നാല് പേർക്ക് പാകിസ്ഥാൻ ബന്ധമുണ്ടെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജൻസ് കണ്ടെത്തിയിരുന്നു. മുഖ്യപ്രതി ബാലകൃഷ്ണനെ കസ്റ്റഡിയിൽ വാങ്ങി ലഹരിമരുന്നിന്‍റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഡിആർഐ. ഇറാൻ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ ബന്ധിപ്പിച്ചുള്ള കുപ്രസിദ്ധമായ ഗോൾഡൻ ക്രസന്‍റ് എന്ന കള്ളക്കടത്ത് പാതയിലൂടെ ലഹരിമരുന്ന് എത്തിയെന്നാണ് അന്വേഷണ സംഘത്തിന്‍റെ സംശയം.

Read Also: സാമൂഹിക മാധ്യമങ്ങളിൽ അപവാദപ്രചാരണമെന്ന് പരാതി: യുവ പ്രസാധകയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് വിആ‍ര്‍ സുധീഷ്

സാഹിത്യകാരൻ വിആർ സുധീഷിനെതിരെ സാമൂഹികമാധ്യമങ്ങളിൽ അപവാദ പ്രചാരണം നടത്തിയെന്നാരോപിച്ച് യുവപ്രസാധകക്ക് വക്കീൽ നോട്ടീസ്. ആരോപണങ്ങൾ പിൻവലിച്ച് 15 ദിവസത്തിനുള്ളിൽ മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് വിആർ സുധീഷ് പ്രസാധകയ്ക്ക് വക്കീൽ നോട്ടീസ് അയച്ചത്. 25 ലക്ഷം രൂപ മാനനഷ്ടമായി നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. 

ജൂൺ 19 നാണ് എഴുത്തുകാരനെതിരെ പ്രസാധക സാമൂഹിക മാധ്യങ്ങളിലൂടെ മീറ്റൂ ആരോപണമുന്നയിച്ചത്. ലൈംഗികച്ചുവയോടെ സന്ദേശമയച്ചെന്നും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നുമുള്ള പ്രസാധകയുടെ പരാതിയെത്തുടർന്ന് വി ആർ സുധീഷിനെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കോഴിക്കോട് ടൗൺപൊലീസ് എഴുത്തുകാരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചത്

click me!