പോക്സോ കേസ് പ്രതി സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കുന്നത് വിലക്കി ഹൈക്കോടതി, അപൂർവ ഉത്തരവ് ജാമ്യ ഉപാധിയായി

By Web TeamFirst Published Sep 20, 2020, 12:24 AM IST
Highlights

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കി ഹൈക്കോടതി.

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കി ഹൈക്കോടതി. പ്രതിക്ക് ജാമ്യം നല്‍കുന്നതിനുള്ള ഉപാധിയായാണ് കോടതി സമൂഹമാധ്യമ വിലക്ക് ഏര്‍പ്പെടുത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന പെൺകുട്ടിയുടെ ആശങ്ക കണക്കിലെടുത്താണ് കോടതിയുടെ അസാധാരണ നടപടി.

2018ലായിരുന്നു കേസിനാസ്പദമായ സംഭവം. പിറന്നാൾ സമ്മാനം നല്‍കാനെന്ന വ്യാജേന റിസോര്‍ട്ടിലെത്തിച്ചാണ് അന്ന് പതിനാറു വയസുണ്ടായിരുന്ന പെണ്‍കുട്ടിയെ പ്രതി ബലാല്‍സംഗം ചെയ്ത് നഗ്നചിത്രങ്ങള്‍ പകര്‍ത്തിയത്. പണം നല്‍കിയില്ലെങ്കിൽ പെണ്‍കുട്ടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.

ഇതിനായി ഒരു വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുമുണ്ടാക്കി. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പ്രതി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചേക്കുമെന്ന ആശങ്ക, പെൺകുട്ടിയുടെ അഭിഭാഷകർ ഉയര്‍ത്തി. ഇതോടെയാണ് ഫേസ്ബുക്ക്, വാട്സ് ആപ്പ്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, തുടങ്ങി എല്ലാ സമൂഹമാധ്യമങ്ങളും ഉപയോഗിക്കുന്നതില്‍ നിന്ന് പ്രതിയെ കോടതി വിലക്കിയത്.

50000 രൂപക്കൊപ്പം ഈ ഉപാധി കൂടി വെച്ചാണ് കോടതി പ്രതിക്ക് ജാമ്യം നൽകിയത്. പെൺകുട്ടിയുടെ ആശങ്ക കണക്കിലെടുത്ത്, പ്രതിയെ സമൂഹമാധ്യമങ്ങളില്‍ നിന്ന് വിലക്കിയതുകൊണ്ട് ആകാശം ഇടിഞ്ഞ് വീഴില്ലെന്ന് വ്യക്തമാക്കിയായിരുന്നു ജസ്റ്റിസ് പിവി.കുഞ്ഞികൃഷ്ണന്‍റെ അപൂര്‍വ ഉത്തരവ്. 

ബലാല്‍സംഗ കേസുകളില്‍ ജാമ്യത്തിന് ഇത്തരം ഒരു ഉപാധികൂടെ ഏര്‍പ്പെടുത്തേണ്ടതുണ്ടെന്ന് കോടതി വിലയിരുത്തി. കേസിന്‍റെ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ വിലക്ക് തുടരും. ആവശ്യമെങ്കില്‍ പൊലീസിന് വിലക്ക് നീട്ടാന്‍ ആവശ്യപ്പെടാമെന്നും കോടതി നിർദ്ദേശിച്ചു. വിലക്ക് ലംഘിക്കുന്ന എന്തെങ്കിലും പ്രവര്‍ത്തി പ്രതിയുടെ ഭാഗത്ത് നിന്നുണ്ടായാൽ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി.

click me!