നെടുങ്കണ്ടം കസ്റ്റഡിമരണം: ഇടുക്കി മജിസ്ട്രേറ്റിന്‍റെ നടപടിയിൽ വിവരങ്ങൾ തേടി ഹൈക്കോടതി

By Web TeamFirst Published Jul 1, 2019, 12:07 PM IST
Highlights

റിമാൻഡിലിരിക്കെ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി രാജ്‍കുമാര്‍ മരിച്ചതുമായി ബന്ധപ്പെട്ട്  ഇടുക്കി മജിസ്ട്രേറ്റിന്‍റെ നടപടിയിൽ വിവരങ്ങൾ തേടി ഹൈക്കോടതി രജിസ്ട്രാർ.

കൊച്ചി: റിമാൻഡിലിരിക്കെ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി രാജ്‍കുമാര്‍ മരിച്ചതുമായി ബന്ധപ്പെട്ട്  ഇടുക്കി മജിസ്ട്രേറ്റിന്‍റെ നടപടിയിൽ വിവരങ്ങൾ തേടി ഹൈക്കോടതി രജിസ്ട്രാർ. തൊടുപുഴ സിജെഎമ്മിൽ നിന്നാണ് ഹൈക്കോടതി രജിസ്ട്രാര്‍ വിവരങ്ങൾ തേടിയിരിക്കുന്നത്. 

എന്നാല‍് ഇത് സിജെഎമ്മിനെതിരായ അന്വേഷണമല്ലെന്നും വിവരശേഖരണം മാത്രമെന്നും രജിസ്ട്രാർ വ്യക്തമാക്കി. അതേസമയം റിമാൻഡ് ചെയ്യുമ്പോള്‍ നടപടിക്രമങ്ങൾ പാലിച്ചിരുന്നോ എന്നും രാജ്കുമാറിന് ചികിത്സ നിർദ്ദേശിച്ചോ എന്നും  പരിശോധിക്കുമെന്നും രജസ്ട്രാര്‍ അറിയിച്ചു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് രജിസ്ട്രാറുടെ നടപടി.

സംഭവത്തില്‍ കസ്റ്റഡിമർദ്ദനം ഉണ്ടായിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് നേരത്തെ സ്ഥിരീകരിച്ചിരുന്നു. നെടുങ്കണ്ടം സ്റ്റേഷനിലെ കസ്റ്റഡി അന്യായമെന്നായിരുന്നുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. കേസ് അട്ടിമറിക്കാന്‍ പൊലീസ് സംഘടിതമായി ശ്രമിച്ചതിന്‍റെ കൂടുതൽ തെളിവുകളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. 

നെടുങ്കണ്ടം കസ്റ്റഡി മരണം: കുറ്റക്കാര്‍ സര്‍വീസിൽ ഉണ്ടാകില്ലെന്ന് പിണറായി വിജയൻ

കുറ്റകൃത്യം മറയ്ക്കാന്‍ നെടുങ്കണ്ടം സ്റ്റേഷനിലെ രേഖകളില്‍ തിരുത്തല്‍ വരുത്തിയെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. രാജ്കുമാറിന്‍റെ കുടുംബത്തിന്‍റെ അടക്കമുള്ള മൊഴികളും സ്റ്റേഷനിലെ രേഖകളും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. 

നെടുങ്കണ്ടം കസ്റ്റഡി മരണം: പീരുമേട് ജയിൽ അധികൃതർക്ക് വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച്

പീരുമേട് സബ്‍ ജയിൽ അധികൃതർക്കും വീഴ്ച പറ്റിയെന്നും ക്രൈംബ്രാഞ്ച്  കണ്ടെത്തിയിട്ടുണ്ട്. ന്യുമോണിയക്ക് കാരണം കൃത്യസമയത്ത് ചികിത്സ നൽകാത്തതാണെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍. അതേസമയം അവശനിലയിലായിരുന്ന രാജ്കുമാറിന് ചികിത്സ നല്‍കാന്‍ മജിസ്ട്രേറ്റ് നിര്‍ദ്ദേശിച്ചിരുന്നോ എന്നും റിമാന്‍ഡ് ചെയ്യുന്നതിന് മുമ്പുള്ള മജിസ്ട്രേറ്റിന്‍റെ നടപടിക്രമങ്ങളും സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ ഹൈക്കോടതി രജിസ്ട്രാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

click me!