വഴിത്തർക്കം; കണ്ണൂരിൽ വീട്ടമ്മയെ അയൽവാസി മർദ്ദിച്ചു, പൊലീസ് പ്രതിയെ സംരക്ഷിക്കുന്നുവെന്ന് പരാതി

By Web TeamFirst Published Aug 16, 2021, 12:06 AM IST
Highlights

അയല്‍വാസിയായ സുരേഷ് ബാബു കാറിന്‍റെ താക്കോൽ കയ്യിൽ തിരികി മുഖത്ത് ആഞ്ഞിടിക്കുകയായിരുന്നു എന്നാണ് വീട്ടമ്മയുടെ പരാതി. 

കണ്ണൂര്‍: വഴിത്തർക്കത്തെ തുടർന്ന് കണ്ണൂരിൽ വീട്ടമ്മയെ അയൽവാസി മർദ്ദിച്ചതായി പരാതി. പായം സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പ്രസന്നയ്ക്കാണ് മ‍ർദ്ദനമേറ്റത്. സംഭവം നടന്ന് നാല് മാസം കഴിഞ്ഞിട്ടും മർദ്ദിച്ച ആൾക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് പ്രസന്ന ആരോപിച്ചു.

കഴിഞ്ഞ ഏപ്രിൽ അഞ്ചിനാണ് വീടിനോട് ചേർന്നുള്ള വഴിയെ ചൊല്ലി ഇരുവീട്ടുകാരും തമ്മിൽ തർക്കം നടക്കുന്നത്. ഇതിനിടെ അയല്‍വാസിയായ സുരേഷ് ബാബു കാറിന്‍റെ താക്കോൽ കയ്യിൽ തിരികി മുഖത്ത് ആഞ്ഞിടിക്കുകയായിരുന്നു എന്നാണ് പ്രസന്നയുടെ പരാതി. മൂക്കിനും , കണ്ണിനും ഗുരുതരമായി പരിക്കേറ്റ പ്രസന്നയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്കും , ചികിത്സക്കുമായി ലക്ഷങ്ങൾ ചെലവഴിച്ചു.

സൈന്യത്തിൽ നിന്ന് വിരമിച്ച സുരേഷ് ബാബു കോയമ്പത്തൂരിൽ ആണ് ഇപ്പോൾ ജോലി ചെയ്യുന്നത്. നാട്ടിൽ അവധിക്ക് വന്നപ്പോഴാണ് സംഭവം നടക്കുന്നത്. ഇരുവീട്ടുകാരും തമ്മിൽ വർഷങ്ങളായി വഴിയുടെ പേരിൽ പ്രശ്നത്തിലാണ്. ഏപ്രിൽ അഞ്ചിന് സുരേഷ് ബാബു പ്രസന്നയെ മർദ്ദിക്കുന്നത് കണ്ടതായി അയൽക്കാരും പറയുന്നുണ്ട്.

എന്നാൽ പ്രതിയെ സംരക്ഷിക്കാനുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ഇരിട്ടി പൊലീസ് പറയുന്നത്. പ്രതിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കാനിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 

click me!