കാര്യവട്ടം ക്യാമ്പസിലെ അസ്ഥികൂടം; ദുരൂഹതയേറെ, ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് അന്വേഷണ സംഘം

By Web TeamFirst Published Mar 2, 2024, 10:46 PM IST
Highlights

അസ്ഥികൂടത്തിനൊപ്പം കണ്ടെത്തിയ ലൈസൻസിൻ്റെ ഉടമ തലശേരി സ്വദേശി അവിനാശിന്‍റേതാണോ മൃതദേഹം എന്നുറപ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. അസ്ഥികൂടത്തിനൊപ്പം കണ്ടെത്തിയ ലൈസൻസിൻ്റെ ഉടമ തലശേരി സ്വദേശി അവിനാശിന്‍റേതാണോ മൃതദേഹം എന്നുറപ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. പൊലീസ് വിളിപ്പിച്ചത് അനുസകിച്ച് അവിനാശ് ആനന്ദിന്റെ പിതാവ് തിരുവന്തപുരത്തെത്തി പൊലീസിന് വിവരങ്ങൾ കൈമാറി.

പുറത്തെടുത്ത അസ്ഥികൂടം ആരുടേതെന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രീയ തെളിവുകൾ കൂടുതൽ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. അസ്ഥികൂടം അവിനാശിന്‍റേതാണോ എന്നറിയാന്‍ ഡിഎന്‍എ പരിശോധന ഉടൻ നടത്തും. അസ്ഥികൂടത്തിനൊപ്പം കണ്ടെത്തിയ തലശേരി സ്വദേശി അവിനാശ് ആനന്ദിന്‍റെ ഡ്രൈവിംഗ് ലൈസൻസ് കേന്ദ്രീകരിച്ചാണ് പ്രാഥമിക അന്വേഷണം. പൊലീസ് വിളിപ്പിച്ചതനുസരിച്ച് ചെന്നൈയിൽ നിന്ന് അവിനാശിന്റെ അച്ഛനെത്തി. മകന്‍റെ രേഖകളുമായെത്തിയ അച്ഛന്‍ വിവരങ്ങള്‍ പൊലീസിന് കൈമാറി. 2008 മുതൽ അവിനാശിന് വീടുമായി കാര്യമായി ബന്ധമില്ലെന്ന് പിതാവ് പറയുന്നു.  

പിതാവിന്റെ ജോലി കാരണം ചെന്നൈയിലായിരുന്നു അവിനാശിന്റെ പഠനം. തമിഴ്നാട് അണ്ണാമലൈ സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം. 2008 ൽ ഫസ്റ്റ് ക്ലാസോടെ കോഴ്സ് പൂർത്തിയാക്കി അവിനാശ് വീട് വിട്ട് കേരളത്തിലെത്തി. കൊച്ചിയിലും തിരുവനന്തപുരത്തുമായി ഐടി കമ്പനികളിൽ ജോലി ചെയ്തു. പിന്നീട് വീട്ടിലേക്ക് വരാതായി. ഓരോ ദിവസവും ഇമെയിൽ വഴി സന്ദേശമയച്ച് വിശേഷങ്ങൾ പങ്കുവെക്കും. കൊച്ചിയിൽ നിന്ന് തിരുവനന്തപുരം കഴക്കൂട്ടത്തെത്തിയതും വീട്ടുകാരെ അറിയിച്ചു. 2009 ൽ കഴക്കൂട്ടത്തെത്തി അച്ഛൻ നേരിട്ട് അവിനാശിന്റെ കണ്ടു. മെസേജ് അയക്കൽ 2017 വരെ തുടർന്നു. പിന്നീടങ്ങോട്ട് ഒരു മെസേജും വരാതായി. സുഹൃത്തുക്കളെ വിളിച്ചു ബന്ധപ്പെട്ടു. ചെന്നൈ എഗ്മോർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കേരളത്തിലെത്തി പലയിടത്തും അന്വേഷിച്ചു. പക്ഷെ അച്ഛന് അവിനാശിനെ കണ്ടെത്താനായില്ല. ഏഴ് വർഷങ്ങൾക്കിപ്പുറമാണ് മകനെയും അന്വേഷിച്ചിറങ്ങിയ അച്ഛനെ തേടി കേരള പൊലീസിന്റെ ഫോൺ കോളെത്തിയത്.

കൊച്ചി കേന്ദ്രീകരിച്ച് അവിനാശിന്റെ പേരിലെ ബാങ്ക് അക്കൗണ്ട് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 2019 വരെ അവിനാശിൻ്റെ ബാങ്ക് അക്കൗണ്ടിൽ ഇടപാട് നടന്നതായാണ് പൊലീസ് പറയുന്നത്. അവിനാശ് ഏത് കമ്പനിയിൽ ജോലി ചെയ്തു, എവിടെ താമസിച്ചു എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് പൊലീസ് ശ്രമം. ആത്മഹത്യയാണോ കൊലപാതമാണോയെന്നതാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിലെ മറ്റൊരു ചോദ്യം. ബുധനാഴ്ചയാണ് കാര്യവട്ടം ക്യാംപസിൽ അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടം പുറത്തെടുത്തെങ്കിലും ഇപ്പോഴും ദുരൂഹത തുടരുകയാണ്.

click me!