
ബെംഗളൂരു: മലയാളി യുവതിക്ക് ഭർതൃവീട്ടുകാരുടെ പീഡനമെന്ന് പരാതി. ഭർത്താവ് കൊവിഡ് ബാധിച്ചു മരിച്ചതോടെ ഭർത്താവിന്‍റെ കുടുംബം വീടും സ്വത്തും തട്ടിയെടുത്തെന്നും മാറിപ്പോകാന്‍ ഭീഷണിപ്പെടുത്തുകയാണെന്നും യുവതി കർണാടക മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പൈലറ്റായിരുന്ന ഭർത്താവിന്‍റെ മരണത്തിലും അസ്വാഭാവികത തോന്നുന്നുവെന്ന് കണ്ണൂർ സ്വദേശിനിയായ നിഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കണ്ണൂർ പഴയങ്ങാടി സ്വദേശിനിയായ നിഷ 2007-ലാണ് ഇന്‍ഡിഗോ എയർലൈന്‍സില്‍ പൈലറ്റായിരുന്ന ക്യാപ്റ്റന്‍ കെഎന്‍ നന്ദകുമാറിനെ വിവാഹം കഴിച്ച് ബെംഗളൂരുവിലെത്തുന്നത്. നന്ദകുമാർ കഴിഞ്ഞ ജനുവരി മാസം കൊവിഡ് ബാധിച്ചു മരിച്ചു. ചികിത്സാ സമയത്ത് ഭർത്താവിനെ ഒന്നു കാണാന്‍ പോലും അനുവദിച്ചില്ലെന്നും, ആശുപത്രി ചിലവിനെന്ന പേരില്‍ ഭർതൃവീട്ടുകാർ ലക്ഷങ്ങൾ തന്നോട് വാങ്ങിയെന്നും നിഷ പറയുന്നു.
ഇന്‍ഡിഗോ എയർലൈന്‍സ് കമ്പനിയാണ് ആശുപത്രി ചിലവ് വഹിച്ചതെന്ന് പിന്നീട് അറിഞ്ഞു. താന്‍ നാട്ടില്‍നിന്നും തിരിച്ചെത്തിയപ്പോഴേക്കും താമസിച്ചിരുന്ന വീടും ഭർത്താവിന്‍റെ കാറുമടക്കം എല്ലാസ്വത്തുക്കളും ഭർതൃ സഹോദരിയും കുടുംബവും കൈക്കലാക്കി. ഇപ്പോൾ വീടിന്‍റെ മുകൾ നിലയിലാണ് നിഷയും അമ്മയും ഭയന്ന് താമസിക്കുന്നത്. ഉപദ്രവിക്കുമെന്ന് പേടിച്ച് അഞ്ചും ഏഴും വയസുളള മക്കളെ ബെംഗളൂരുവിലേക്ക് കൊണ്ടുവന്നിട്ടില്ല. ഇവിടം വിട്ടുപോകണമെന്ന് ഭീഷണിപ്പെടുത്തുകയാണ്.
ഭർത്താവിന്‍റെ മരണത്തിലും തനിക്കിപ്പോൾ അസ്വാഭാവികത തോന്നുന്നുവെന്ന് നിഷ പറയുന്നു. ബെംഗളൂരു പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയൊന്നുമുണ്ടായില്ല. അതേസമയം വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് ഭർതൃവീട്ടുകാർ അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam