വണ്ടൂരിൽ മൂന്നരവയസുകാരിക്ക് മര്‍ദ്ദനം: പ്രതികരിക്കാനാവാത്ത വിധം നിസഹായയായിരുന്നെന്ന് കുട്ടിയുടെ അമ്മ

By Web TeamFirst Published Apr 9, 2019, 2:44 PM IST
Highlights

കുട്ടിക്ക് കൃത്യമായി ആഹാരം കൊടുക്കാറുമുണ്ടായിരുന്നില്ല. പോഷകാഹാര കുറവുള്ളതിനാല്‍ എല്ലുകള്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്ന അവസ്ഥയാണ്. മുത്തശ്ശി മര്‍ദ്ദിക്കുമ്പോള്‍ പ്രതികരിക്കാനാവാത്ത വിധം താൻ നിസഹായ ആയിരുന്നെന്നാണ് കുട്ടിയുടെ അമ്മ 

വണ്ടൂര്‍: മലപ്പുറം വണ്ടൂരിലെ മൂന്നരവയസുകാരിക്ക് മുത്തശ്ശിയില്‍നിന്ന് ക്രൂരമര്‍ദ്ദനമേറ്റത് സ്ഥിരികരിച്ച് ചൈല്‍ഡ് ലൈന്റെ പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ച് കാളികാവ് പൊലീസിന് ഉടൻ റിപ്പോര്‍ട്ട് കൈമാറുമെന്ന് ചൈൽഡ്‍‍ലൈൻ അധികൃതർ വ്യക്തമാക്കി. മുത്തശ്ശി മര്‍ദ്ദിക്കുമ്പോള്‍ പ്രതികരിക്കാനാവാത്ത വിധം താൻ നിസഹായ ആയിരുന്നെന്ന് കുട്ടിയുടെ അമ്മ ചൈല്‍ഡ് ലൈന് മൊഴി നൽകി. 

മര്‍ദ്ദനം പതിവായിരുന്നെന്ന് അയല്‍വാസികളും സ്ഥിരീകരിച്ചു. പോഷകാഹാര കുറവുള്ള കുട്ടിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റും.വണ്ടൂര്‍ പൂളക്കുന്ന് കോളനിയിലെ മൂന്നരവയസുകാരിയും മൂന്ന് സഹോദരങ്ങളും അമ്മയും നിലവില്‍ ചൈല്‍ഡ് ലൈന്‍റെ സംരക്ഷണത്തിലാണ്. ഇവിടെ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയുടെ ശരീരത്തില്‍ പലയിടങ്ങളിലും മുറിവേറ്റ പാടുകള്‍ കണ്ടത്. 

കുട്ടിക്ക് അമ്മയും മുത്തശ്ശിയും കൃത്യമായി ആഹാരം കൊടുക്കാറുമുണ്ടായിരുന്നില്ല. പോഷകാഹാര കുറവുള്ളതിനാല്‍ എല്ലുകള്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്ന അവസ്ഥയാണ്. മുത്തശ്ശി മര്‍ദ്ദിക്കുമ്പോള്‍ പ്രതികരിക്കാനാവാത്ത വിധം താൻ നിസഹായ ആയിരുന്നെന്നാണ് കുട്ടിയുടെ അമ്മ ചൈല്‍ഡ് ലൈനോട് പറഞ്ഞത്. എന്നാല്‍ ഇപ്പോഴുള്ള സംരക്ഷണ കേന്ദ്രത്തിലും മൂന്നരവയസുകാരിയെ വേണ്ടവിധം പരിചരിക്കാൻ അമ്മ തയ്യാറാകുന്നില്ലെന്ന് ചൈല്‍ഡ് ലൈൻ അധികൃതര്‍ പറയുന്നു. ചൈല്‍ഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും മുത്തശ്ശിക്കെതിരെ കാളികാവ് പൊലീസ് കേസെടുക്കുക.

click me!