
ഇടുക്കി: നെടുങ്കണ്ടം കാരിത്തോട്ടിലെ യുവാവിന്റെ മരണം ആത്മഹത്യയാണെന്ന് നിഗമനത്തില്‍ പൊലീസ്. അശോകവനം കല്ലുപുരയ്ക്കകത്ത് പ്രവീണിനെയാണ് രാവിലെ കുത്തേറ്റ നിലയില്‍ വീടിന് സമീപത്ത് കണ്ടെത്തിയത്.
'കാരിത്തോട്ടിലെ വീടിന് മുമ്പിലാണ് കുത്തേറ്റ് രക്തം വാര്‍ന്ന നിലയില്‍ പ്രവീണിനെ പിതാവ് ഔസേപ്പച്ചന്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയില്‍ വച്ച് മരിക്കുകയായിരുന്നു. സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കുമായിരുന്ന പ്രവീണ്‍ ഇന്നലെ രാത്രിയിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. തുടര്‍ന്ന് പിതാവ് അടുത്ത ബന്ധു വീട്ടിലാണ് രാത്രി കഴിഞ്ഞത്.' രാവിലെ തിരികെ എത്തിയപ്പോഴാണ് കുത്തേറ്റ നിലയില്‍ പ്രവീണിനെ കണ്ടതെന്നാണ് ഔസേപ്പച്ചന്‍ നാട്ടുകാരോടും പൊലീസിനോടും പറഞ്ഞത്. എന്നാല്‍ ഔസേപ്പച്ചന്റെയും ബന്ധുക്കളുടെയും മൊഴിയില്‍ വ്യത്യാസമുണ്ടായി.
ഇതോടെ കൊലപാതകമാണന്ന് സംശയത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വീണ്ടും ചോദ്യം ചെയ്തു. മൃതദേഹത്തില്‍ വിശദമായ പരിശോധനയും നടത്തി. സംഭവ സ്ഥലത്തു നിന്നും കിട്ടിയ കത്തി പ്രവീണിന്റേതാണെന്ന് പിതാവ് തിരിച്ചറിഞ്ഞു. തുടര്‍ന്നാണ് ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തില്‍ പൊലീസ് എത്തിയത്.
അവിവാഹിതനായ പ്രവീണ്‍ ഇടക്കിടെ മാനസിക വിഭ്രാന്തി കാണിച്ചിരുന്നതായും ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. കഴുത്തില്‍ ആദ്യം രണ്ട് മുറിവുകള്‍ ഉണ്ടാക്കുകയും തുടര്‍ന്ന് വയറില്‍ ആഴത്തില്‍ കുത്തുകയുമായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വയറില്‍ ആഴത്തില്‍ നാലു മുറിവുകളുണ്ട്. ഇവ സ്വയം ചെയ്തതാകാന്‍ സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വന്‍കുടലും ചെറുകുടലും പുറത്തേക്ക് ചാടിയ നിലയിലായിരുന്നു. രാവിലെ ആറിനും എട്ടിനുമിടയിലാണ് സംഭവം നടന്നത്. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജില്‍ പൊലീസ് സര്‍ജന്റെ മേല്‍നോട്ടത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. ഇതിന് ശേഷമേ എന്താണ് സംഭവിച്ചതെന്ന് സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളുവെന്ന് ഉടുമ്പന്‍ചോല എസ്എച്ച്ഒ വി വിനോദ് കുമാര്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam