
ദില്ലി: അനധികൃതമായി പ്രിന്‍റ് ചെയ്ത 35 കോടി രൂപ വിലമതിക്കുന്ന എന്‍സിഇആര്‍ടിയുടെ ടെക്സ്റ്റ് ബുക്കുകള്‍ പിടികൂടി. ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ദില്ലി തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് എത്തിക്കാനായി അച്ചടിച്ച ഒന്നരലക്ഷത്തോളം ടെക്സ്റ്റ് ബുക്കുകളാണ് മീററ്റില്‍ നിന്ന് പിടികൂടിയത്. കരസേനയുടെ ഇന്‍റലിജന്‍സും ഉത്തര്‍ പ്രദേശ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സും ചേര്‍ന്നാണ് വന്‍തുകയുടെ പാഠപുസ്തകങ്ങള്‍ പിടികൂടിയത്.
ഇതിന് നേതൃത്വം നല്‍കിയിരുന്ന സച്ചിന്‍ ഗുപ്ത സമാനമായ മറ്റൊരു അച്ചടിശാല അഗ്നിക്കിരയാക്കിയ ശേഷം മുങ്ങിയതായാണ് പൊലീസ് ഇന്ത്യ ടുഡേയോട് പ്രതികരിച്ചത്. ശബ്സിമന്തിക്ക് സമീപമുള്ള മോഖ്കംപൂറിലായിരുന്നു ഈ അച്ചടിശാല. അച്ചടിശാലയില്‍ നിന്ന് പുസ്തകങ്ങള്‍ കടത്താനായി രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികള്‍ ഉപയോഗിച്ചതായാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. കരിഞ്ചന്തയില്‍ വിറ്റിരുന്ന ഈ പുസ്തകങ്ങള്‍ എന്‍സിഇആര്‍ടിക്ക് വന്‍ നഷ്ടമുണ്ടാക്കിയിരുന്നതായാണ് റിപ്പോര്‍ട്ട്. പാര്‍ത്ഥപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള അച്ച്രോണ്ടാ റോഡിലെ കാശിഗോണിലെ ഗോഡൌണില്‍ സംശയകരമായ സംഭവങ്ങള്‍ നടക്കുന്നതായി ഓഗസ്റ്റ് ആദ്യ വാരമാണ് മിലിട്ടറി ഇന്‍റലിജന്‍സ് വിഭാഗത്തിന് വിവരം കിട്ടിയത്.
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളാണോയെന്ന സംശയത്തിലാണ് ഇവിടം മിലിട്ടറി ഇന്‍റലിജന്‍സ് നിരീക്ഷിക്കാന്‍ തുടങ്ങിയത്. എന്നാല്‍ അനധികൃതമായി പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്നതായി കണ്ടെത്തിയതോടെ ഉത്തര്‍ പ്രദേശ് പൊലീസിലെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സുമായി ചേര്‍ന്ന് സംയുക്തമായി റെയ്ഡ് നടത്തുകയായിരുന്നു. ശുഭം എന്ന സൂപ്പര്‍വൈസര്‍ അടക്കം 22 പേരെയാണ് ഇവിടെ നിന്ന് പൊലീസ് പിടികൂടിയത്. അച്ചടി ശാലയുടെ ഉടമ സച്ചിന്‍ ഗുപ്ത മറ്റൊരു ഫാക്ടറിയില്‍ അച്ചടിച്ച് വച്ചിരുന്ന പുസ്തകങ്ങള്‍ക്ക് തീയിട്ട ശേഷം മുങ്ങിയതായാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam