അവിശ്വസനീയ കുറ്റകൃത്യം, നടുക്കുന്ന കണ്ടെത്തല്‍; വ്യാജ ഐഡി ചാറ്റിങ്ങിൽ അവസാനിച്ച മൂന്ന് ജീവനുകൾ

By Web TeamFirst Published Jul 4, 2021, 12:01 AM IST
Highlights

സംസ്ഥാനത്തെ സൈബര്‍ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ നടുക്കുന്ന കേസായി മാറുകയാണ് ഊഴായിക്കോട് കേസ്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട അനന്തു എന്ന കാമുകന്‍റെ നിര്‍ദേശ പ്രകാരമാണ് കുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ചതെന്നായിരുന്നു കേസില്‍ അറസ്റ്റിലായ രേഷ്മയുടെ മൊഴി. 

കൊല്ലം: സംസ്ഥാനത്തെ സൈബര്‍ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ നടുക്കുന്ന കേസായി മാറുകയാണ് ഊഴായിക്കോട് കേസ്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട അനന്തു എന്ന കാമുകന്‍റെ നിര്‍ദേശ പ്രകാരമാണ് കുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ചതെന്നായിരുന്നു കേസില്‍ അറസ്റ്റിലായ രേഷ്മയുടെ മൊഴി. എന്നാല്‍ അനന്തു എന്ന ഈ കാമുകന്‍ ഫേസ്ബുക്കിലെ ഒരു വ്യാജ ഐഡി മാത്രമായിരുന്നെന്ന കണ്ടെത്തലിലേക്കാണ് പൊലീസ് എത്തിയിരുന്നു

രേഷ്മയുടെ ബന്ധുക്കളായ ആര്യയും,ഗ്രീഷ്മയും ചേര്‍ന്നാണ് അനന്തു എന്ന ഐഡിയിലൂടെ രേഷ്മയുമായി ചാറ്റ് നടത്തി കുഞ്ഞിനെ ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ഇത് പൊലീസ് കണ്ടെത്തുമോഎന്ന ഭയത്തിലാണ് ഇരുവരും ഇത്തിക്കരയാറ്റില്‍ ചാടി ആത്മഹത്യ ചെയ്തതെന്നും അന്വേഷണ സംഘം അനുമാനിക്കുന്നു.

മരിച്ച ഗ്രീഷ്മയുമായി സൗഹൃദമുണ്ടായിരുന്ന യുവാവില്‍ നിന്നാണ് ഈ വിവരങ്ങള്‍ പൊലീസിന് കിട്ടിയത്. പ്രാങ്കിംഗ് എന്ന പേരില്‍ രേഷ്മയെ കബളിപ്പിക്കാനാണ് വ്യാജ ഐഡിയിലൂടെ ചാറ്റിംഗ് നടത്തിയിരുന്നതെന്ന് മരിച്ച ഗ്രീഷ്മ യുവാവിനോട് പറഞ്ഞിരുന്നു. ടെക്സ്റ്റ് മെസേജുകള്‍ അയക്കുന്നതല്ലാതെ ഒരിക്കല്‍ പോലും വീഡിയോ കോളോ വോയ്സ് കോളോ വിളിക്കാതെയാണ് യുവതികള്‍ രേഷ്മയെ കബളിപ്പിച്ചിരുന്നത്.

സംഭവത്തെ പറ്റി ഒന്നും അറിഞ്ഞിരുന്നില്ലെന്നാണ് മരിച്ച ഗ്രീഷ്മയുടെയും ആര്യയുടെയും കുടുംബാംഗങ്ങള്‍ പറയുന്നത്. നിര്‍ണായക വിവരം നല്‍കിയ യുവാവിന്‍റെ മൊഴി പൊലീസ് മജിസ്ട്രേറ്റിനു മുന്നില്‍ രേഖപ്പെടുത്തും. മറ്റാര്‍ക്കെങ്കിലും സംഭവത്തില്‍ ബന്ധമുണ്ടായിരുന്നോ എന്ന കാര്യത്തില്‍ അന്വേഷണം തുടരുകയാണ്. ചാത്തന്നൂര്‍ എസിപി നിസാമുദ്ദീന്‍റെ നേതൃത്വത്തിലുളള സംഘമാണ് കേസിലെ ദുരൂഹതയുടെ ചുരുളഴിച്ചത്.

ഒന്നും അറിഞ്ഞിരുന്നില്ല; ആര്യയുടെ ഭർത്താവ്

കൊല്ലം കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ചു കൊന്ന കേസിൽ രേഷ്മയെ തന്‍റെ ഭാര്യ കബളിപ്പിക്കുന്നതിനെ കുറിച്ച് ഒരു സൂചനയും തനിക്കുണ്ടായിരുന്നില്ലെന്നാണ് ആത്മഹത്യ ചെയ്ത ആര്യയുടെ ഭര്‍ത്താവ് രഞ്ജിത്ത് പറയുന്നത്. 

കുഞ്ഞ് രേഷ്മയുടേതാണെന്ന കണ്ടെത്തല്‍ പൊലീസ് നടത്തിയ ദിവസം ആര്യ രേഷ്മയെ കുറ്റപ്പെടുത്തി സംസാരിച്ചിരുന്നു. ചാറ്റിങ്ങിനെ പറ്റി ചില സൂചനകള്‍ മരിക്കും മുമ്പ് ആര്യ തന്‍റെ അമ്മയ്ക്ക് നല്‍കിയിരുന്നെന്നും രഞ്ജിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

click me!