'കലി കയറിയാല്‍ 'പറന്നിടിക്കും'. കാപ്പയിലും രക്ഷയില്ല, പൊലീസിന് തലവേദനയായ ഹനുമാന്‍ കണ്ണന്‍ വീണ്ടും അറസ്റ്റില്‍

By Web TeamFirst Published Aug 18, 2022, 10:51 AM IST
Highlights

ജില്ലയിലെ പൊലീസ് സംഘത്തിന് നിത്യതലവേദനയായ  ക്രിമിനല്‍ കണ്ണന്‍ എന്ന ഹനുമാന്‍ കണ്ണന്‍ വീണ്ടും അറസ്റ്റില്‍. വൈക്കം വെച്ചൂരിലെ ഹോട്ടലില്‍ കയറി മാനേജരെ ആക്രമിച്ച കേസിലാണ് ഹനുമാന്‍ കണ്ണന്‍ അറസ്റ്റിലായത്

കോട്ടയം: ജില്ലയിലെ പൊലീസ് സംഘത്തിന് നിത്യതലവേദനയായ  ക്രിമിനല്‍ കണ്ണന്‍ എന്ന ഹനുമാന്‍ കണ്ണന്‍ വീണ്ടും അറസ്റ്റില്‍. വൈക്കം വെച്ചൂരിലെ ഹോട്ടലില്‍ കയറി മാനേജരെ ആക്രമിച്ച കേസിലാണ് ഹനുമാന്‍ കണ്ണന്‍ അറസ്റ്റിലായത്. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ  കണ്ണനെതിരെ പൊലീസ് നേരത്തെ കാപ്പ നിയമം ചുമത്തിയിരുന്നു. കോട്ടയം ജില്ലയില്‍ കയറാന്‍ പാടില്ല എന്നായിരുന്നു നിര്‍ദേശം. 

എന്നാല്‍ ഈ വിലക്ക് ലംഘിച്ചാണ് കണ്ണന്‍ കഴിഞ്ഞ ദിവസം വെച്ചൂരിലെ ഹോട്ടലിലെത്തിയത്. ഇവിടെ വച്ച് മദ്യം കഴിക്കുന്നതിനിടെയാണ് ഹോട്ടല്‍ മാനേജരുമായി തര്‍ക്കമുണ്ടായത്. തുടര്‍ന്ന് ഹെല്‍മറ്റ് ഉപയോഗിച്ച് മാനേജരുടെ തലയ്ക്ക് ഇടിക്കുകയായിരുന്നു. അതിനു ശേഷം ഹോട്ടലില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നീട് പൊലീസ് ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. 

വൈക്കം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ പെട്ടയാളാണ് കണ്ണന്‍. 31 വയസിനിടെ അടിപിടി കേസുകളും വധശ്രമ കേസും ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണ്. പഠനകാലം മുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്ന കണ്ണന് കൂട്ടുകാരും നാട്ടുകാരും ചേര്‍ന്നിട്ട വട്ടപ്പേരാണ് ഹനുമാന്‍ കണ്ണന്‍ എന്നത്. സംഘര്‍ഷമുണ്ടായാല്‍ 'പറന്നിടിക്കണം' എന്നായിരുന്നു കൂട്ടുകാരോട് കണ്ണന്‍ പറഞ്ഞിരുന്നതത്രേ. 

Read more: നിലവാരം കുറഞ്ഞ പ്രഷർ കുക്കർ വിറ്റു, ഫ്ലിപ്കാർട്ടിനെതിരെ കേന്ദ്ര നടപടി; വൻ തുക പിഴ,വിറ്റയിച്ചത് തിരിച്ചെടുക്കണം

അങ്ങിനെയാണ് ഹനുമാന്‍ കണ്ണന്‍ എന്ന വട്ടപ്പേര് വീണത്. കാപ്പ നിയമം ചുമത്തി നാടു കടത്തിയതിനു ശേഷം  കഴിഞ്ഞ കുറച്ചു കാലമായി എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടയിലാണ് പൊലീസിന്‍റെ കണ്ണുവെട്ടിച്ച് വീണ്ടും വൈക്കത്തെത്തിയത്. ഹോട്ടല്‍ മാനേജരുടെ തലയ്ക്കടിച്ച കേസില്‍ കോടതി കണ്ണനെ റിമാന്‍ഡ് ചെയ്തു. 

Read more:  പട്ടാപ്പകൽ നടന്ന അരുമ്പാക്കത്തെ ഫെഡ് ബാങ്ക് കൊള്ള: മൂന്നുപേർ അറസ്റ്റിൽ

കാപ്പ നിയമം ലംഘിച്ച സാഹചര്യത്തില്‍ കലക്ടറുടെ അനുമതിയോടെ ഇയാളെ കരുതല്‍ തടങ്കലിലേക്ക് മാറ്റാനുളള നീക്കങ്ങള്‍ പൊലീസ് തുടങ്ങി. വൈക്കം ഡിവൈഎസ്പി എ.ജെ തോമസ് ,എസ്.എച്ച്. കൃഷ്ണൻ പോറ്റി, എസ്.ഐ മാരായ അജ്മൽ ഹുസൈൻ,ജയ്മോൻ, വിനോദ്, സി.പി.ഒ അജീന്ദ്രൻ എന്നിവര്‍ ചേര്‍ന്നാണ് ഹനുമാന്‍ കണ്ണനെ അറസ്റ്റ് ചെയ്തത്.

click me!