പാൽ വാങ്ങിയതിന്‍റെ പണം ചോദിച്ചു, ഒരു കുടുംബത്തിലെ മൂന്നു പേരെ വെടിവെച്ച് കൊന്നു; പൊലീസുകാരന് വധശിക്ഷ

Published : Mar 17, 2023, 11:03 AM ISTUpdated : Mar 17, 2023, 11:08 AM IST
പാൽ വാങ്ങിയതിന്‍റെ പണം ചോദിച്ചു, ഒരു കുടുംബത്തിലെ മൂന്നു പേരെ വെടിവെച്ച് കൊന്നു; പൊലീസുകാരന് വധശിക്ഷ

Synopsis

മൂന്നു പേരെ കൊലപ്പെടുത്തിയ സംഭവം അപൂർവങ്ങളിൽ അപൂർവമായ കേസായി വിശേഷിപ്പിച്ചാണ് കോടതി  പവന്‍ കുമാര്‍ സിങ്ങിനെ മരണം വരെ തൂക്കിലേറ്റാൻ ഉത്തരവിട്ടത്.

റാഞ്ചി: ഒരു കുടുംബത്തിലെ മൂന്ന് പേരെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ റെയില്‍വെ പൊലീസ് ഉദ്യോഗസ്ഥന് വധശിക്ഷ വിധിച്ച് കോടതി. 2018 ഓഗസ്റ്റ് 17 ന് ജാർഖണ്ഡിലെ രാംഗഡ് ജില്ലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. റെയില്‍വേ പൊലീസില്‍ കോണ്‍സ്റ്റബിളായ പവൻ കുമാർ സിംഗിനെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ബർകകാന പൊലീസ് ഔട്ട്‌പോസ്റ്റ് ഏരിയയിലെ റെയിൽവേ കോളനിയില്‍ വെച്ചാണ് റയില്‍വേ പോര്‍ട്ടറുടെ കുടുംബത്തിലെ ഗര്‍ഭിണിയടക്കം മൂന്നു പേരെ പവന്‍കുമാര്‍ വെടിവെച്ച് കൊന്നത്.

റെയില്‍വേ കോളനിയിലായിരുന്നു കൊല്ലപ്പെട്ട അശോക് റാമും ആര്‍പിഎഫ് കോണ്‍സ്റ്റബിളായ പവന്‍ കുമാര്‍ സിംഗും താമസിച്ചിരുന്നത്. റെയിൽവേ പോർട്ടറായിരുന്ന അശോക് റാം റെയിൽവേയിലെ ജോലിക്ക് പുറമെ പാൽ കച്ചവടം നടത്തിയിരുന്നു. പവന്‍കുമാര്‍  അശോക് റാമിന്‍റെ വീട്ടില്‍ നിന്നായിരുന്നു പാല്‍ വാങ്ങിയിരുന്നത്. എന്നാല്‍  പണം നല്‍കാതായതോടെ അശോക് റാം ആര്‍പിഎഫ് ഉദ്യോഗസ്ഥനുള്ള പാല്‍വിതരണം നിര്‍ത്തി. കുടിശ്ശിക തന്നാലെ ഇനി പാല്‍ നല്‍കാനാവൂ എന്ന് വ്യക്തമാക്കി. ഇതിന്‍റെ വൈരാഗ്യത്തിലാണ് പവന്‍കുമാര്‍ അച്ഛനെയും അമ്മയെയും സഹോദരിയയെും കൊലപ്പെടുത്തിയതെന്ന് അശോക് റാമിന്‍റെ മകന്‍ ചിന്തു കുമാർ പറയുന്നു.

ആക്രമണത്തില്‍ ചിന്തു കുമാറിനും പരിക്കേറ്റിരുന്നു. പണത്തെ ചൊല്ലി സംസാരിച്ച് നില്‍ക്കവെ പെട്ടന്ന് പ്രകോപിതനായ പൊലീസ് ഉദ്യോഗസ്ഥന്‍ കൈവശമുണ്ടായിരുന്ന സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് അശോക് റാമിനും കുടുംബത്തിനും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നാലു തവണയോളം ഇയാള്‍ വെടിവെച്ചെന്നാണ് ദൃക്സാക്ഷികള്‍ പൊലീസിന് നല്‍കിയ മൊഴി. സംഭവത്തിന് ശേഷം മുങ്ങിയ പ്രതിയെ ബീഹാറിലെ ഗ്രാമത്തിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നാലെ സര്‍വ്വീസില്‍ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.

മൂന്നു പേരെ കൊലപ്പെടുത്തിയ സംഭവം അപൂർവങ്ങളിൽ അപൂർവമായ കേസായി വിശേഷിപ്പിച്ചാണ് കോടതി  പവന്‍ കുമാര്‍ സിങ്ങിനെ മരണം വരെ തൂക്കിലേറ്റാൻ ഉത്തരവിട്ടത്. ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷയ്ക്കും റെയിൽവേയുടെ സംരക്ഷണത്തിനുമായാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്   റിവോൾവർ നൽകിയതെന്നും എന്നാൽ ഗർഭിണിയടക്കം ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്താൻ ഉപയോഗിച്ചത് ഗുരുതരമായ കുറ്റകൃത്യമാണെന്നും ഉദ്യോഗസ്ഥന് വധശിക്ഷ നൽകണമെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി ശരിവെച്ചു. രാംഗഢിലെ അഡീഷണൽ ഫസ്റ്റ് ക്ലാസ് ജില്ലാ ജഡ്ജി  ശേഷ്‌നാഥ് സിംഗ് ആണ് വിധി പ്രഖ്യാപിച്ചത്. 

Read More : വാടക വീടിനുള്ളിൽ യുവതിയുടെ മൃതദേഹം, കഴുത്തറുത്ത നിലയില്‍; ഭർത്താവിനെയും മക്കളെയും കാണാനില്ല

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം