
തൃശ്ശൂർ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. 180 ആളുകളില്‍ നിന്നായി ലക്ഷങ്ങള്‍ വാങ്ങി ഏജന്‍സി ഉടമകൾ കടന്നു കളഞ്ഞു എന്നാണ് ആരോപണം. തൃശ്ശൂരില്‍ പ്രവര്‍ത്തിക്കുന്ന കാസില്‍ഡ എഡ്യുക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജന്‍സിക്കെതിരെയാണ് പരാതിയുമായി യുവതീ യുവാക്കൾ രംഗത്തെത്തിയത്. വിദേശത്ത് നല്ലൊരു ജോലി എന്ന മോഹവുമായാണ് കാസില്‍ഡ എഡ്യുക്കേഷന്‍ ഓവര്‍സീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി ഉദ്യോഗാർത്ഥികൾ ബന്ധപ്പെടുന്നത്.
ഓസ്ട്രേലിയ, കാനഡ, പോളണ്ട് എന്നീ രാജ്യങ്ങളില്‍ ജോലിക്കയക്കാം എന്നായിരുന്നു വാഗ്ദാനം. കാര്യങ്ങള്‍ ശരിയാകുമെന്നു പറഞ്ഞ് ഘട്ടം ഘട്ടമായി ഏജൻസി ഉടമകൾ പണവും വാങ്ങിയെടുത്തു. എന്നാൽ പറഞ്ഞ സമയത്ത് വിസ വരാതായതോടെയാണ് യുവതീ യുവാക്കൾ തട്ടിപ്പ് തിരിച്ചറിഞ്ഞത്. ഒന്നര ലക്ഷം മുതല്‍ 10 ലക്ഷം വരെയാണ് ഓരോരുത്തരില്‍നിന്നും തട്ടിപ്പ് സംഘം കൈപ്പറ്റിയത്. 180 പേരുണ്ട് തട്ടിപ്പിന്‍റെ ഇരകള്‍. ഇവരില്‍ നിന്നായി 8 കോടി രൂപയോളം പറ്റിച്ചു എന്നാണ് പരാതി.
മെഡിക്കൽ ഫീൽഡുമായി ബന്ധമില്ലെങ്കിലും സർട്ടിഫിക്കേഷൻ ചെയ്തുതരാം, ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞാണ് പണം തട്ടിയെടുത്തതെന്ന് പരാതിക്കാരിയായ മെലിസ ജോയ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആകെ 12.5 ലക്ഷം രൂപയാണ് ഫീസ് പറഞ്ഞത്. സർട്ടിഫിക്കേഷന് വേണ്ടി 70000 രൂപ ആദ്യം അടപ്പിച്ചു. പിന്നീട് 3,22,000 രൂപ കാസില്‍ഡ എഡ്യുക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്‍റെ അക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിച്ചുവെന്ന് മെലിസ പറഞ്ഞു.
മെലിസയെപ്പോലെ നിരവധി പേരാണ് ഏജൻസിയുടെ തട്ടിപ്പിനിരയായത്. പരാതിയുമായി പൊലീസിനെ സമീപിപ്പിച്ചപ്പോൾ തണുത്ത സമീപനമാണ് നേരിട്ടതെന്ന് പരാതിക്കാരിലൊരാളായ വിപിൻ ആരോപിച്ചു. മുഖ്യമന്ത്രിക്കടക്കം നിരവധി പരാതികളാണ് അച്ചത്. പറ്റാവുന്നിടത്തെല്ലാം പരാതി നൽകി, എന്നാൽ പ്രതികളെ പിടികൂടാനായിട്ടില്ലെന്ന് പരാതിക്കാർ പറയുന്നു. കമ്പനി ഉടമകളായ ഇജാസും റിജോയും വിദേശത്ത് കടന്നതായി പണം നഷ്ടപ്പെട്ടവര്‍ പറയുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നാണ് ഇവർ കുറ്റപ്പെടുത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam