
ലകനൌ: ഉത്തര്‍പ്രദേശില്‍ മാധ്യമ പ്രവര്‍ത്തകനേയും സുഹൃത്തിനേയും അക്രമികള്‍ കൊലപ്പെടുത്തിയത് സാനിറ്റൈസര്‍ ഉപയോഗിച്ച് തീ കൊളുത്തിയെന്ന് പൊലീസ്. ഗ്രാമത്തലവന്‍റെ മകനും അടക്കമുള്ള മൂന്നംഗ സംഘമായിരുന്നു സംഭവത്തിന് പിന്നിലെന്നും യുപി പൊലീസ് എന്‍ഡി ടിവിയോട് വിശദമാക്കുന്നു. ഇവര്‍ അറസ്റ്റിലായതായാണ് പൊലീസ് വിശദമാക്കുന്നത്. ലക്നൌവ്വില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയുള്ള ബല്‍റാംപൂര് എന്ന സ്ഥലത്താണ് വെള്ളിയാഴ്ച ഗുരുതര പൊള്ളലേറ്റ നിലയില്‍ 37കാരനായ മാധ്യമ പ്രവര്‍ത്തകനേയും സുഹൃത്തിനേയും കണ്ടെത്തിയത്.
ലക്നൌവ്വിലെ പ്രാദേശിക ദിനപത്രമായ രാഷ്ട്രീയ സ്വരൂപിലെ ലേഖകനായിരുന്ന രാകേഷ് നിര്‍ഭികും സുഹൃത്തായ പിന്‍റു സാഹുവുമാണ് പൊള്ളലേറ്റ് മരിച്ചത്. കണ്ടെത്തുമ്പോള്‍ പിന്‍റു സാഹു മരിച്ച നിലയിലും രാകേഷ് നിര്‍ഭിക് ജീവന് വേണ്ടി പോരാടുന്ന അവസ്ഥയിലുമായിരുന്നു. നിര്‍ഭികിനെ ലക്നൌവ്വിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ മരിക്കുന്നതിന് മുന്‍പ് നിര്‍ഭിക് നല്‍കിയ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്.
ഗ്രാമപഞ്ചായത്ത് തലവനും മകനും ചേര്‍ന്ന് നടത്തുന്ന അഴിമതിയേക്കുറിച്ച് നിര്‍ഭികിന്‍റെ തുടര്‍ച്ചയായ ലേഖനങ്ങളാണ് ക്രൂരമായ കൊലപാതകത്തിലേക്ക് എത്തിച്ചതെന്നാണ് വിവരം. സത്യം പുറത്തെത്തിച്ചതിന് ലഭിച്ച വിലയാണ് ഇതെന്ന് എന്നുപറഞ്ഞ് മാധ്യമ പ്രവര്‍ത്തകന്‍ ആശുപത്രിയില്‍ കരയുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പഞ്ചായത്തിലെ അഴിമതിയേക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പ്രകോപിതനായി ഗ്രാമപഞ്ചായത്ത് തലവന്‍റെ മകന്‍ റിങ്കു മിശ്ര, സുഹൃത്തായ അക്രം, നിരവധി കേസുകളിലെ പ്രതിയായ ലളിത് മിശ്ര എന്നിവര്‍ ചേര്‍ന്നാണ് കൊല നടത്തിയതെന്നാണ് വിവരം. തീകൊളുത്തുന്നതിന് മുന്‍പ് നിര്‍ഭികിന്‍റേയും സുഹൃത്തിന്‍റേയും ദേഹത്ത് സാനിറ്റൈസര്‍ ഒഴിച്ചതായും പൊലീസ് വിശദമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam